നീറ്റ് യുജി പരീക്ഷയുടെ ഫലം പരീക്ഷ കേന്ദ്ര തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. വിദ്യാർഥികളുടെ ഐഡന്റിറ്റി മറച്ച്് ശനിയാഴ്ച 12 മണിക്കുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നാളെ 5 മണിക്ക് ഫലം അപ്ലോഡ് ചെയ്യണമെന്ന് കോടതി നിർദേശിച്ചെങ്കിലും കേന്ദ്ര അഭ്യർഥന മാനിച്ച് സമയം നീട്ടിനൽകുകയായിരുന്നു. ബീഹാർ പൊലീസിന്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാൽ മാത്രമേ പുനഃപരീക്ഷ നടത്തുകയുളളൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നീറ്റ് 2024 റദ്ദാക്കരുതെന്നാണ് കേന്ദ്ര സർക്കാരും, പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയും (എൻടിഎ) യും വാദിക്കുന്നത്.
ചില കേന്ദ്രങ്ങളിൽ ചോദ്യ പേപ്പർ തിരിമറി നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘ എന്താണ് സംഭവിക്കുന്നത് എന്നുവെച്ചാൽ, പാറ്റ്‌നയിലും ഹസാരിബാഗിലും ചോർച്ചയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ പ്രചരിച്ചിട്ടുണ്ട്. ഇത് ആ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നോ അതോ വ്യാപകമാണോ എന്ന് മനസിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫലം അറിയാത്തതിനാൽ വിദ്യാർഥികൾ നിരാശയിലാണ്. വിദ്യാർഥികളുടെ ഐഡന്റിറ്റി മറയ്ക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മാർക്ക് പാറ്റേൺ എന്താണെന്ന് കേന്ദ്രം തിരിച്ച് പരിശോധിക്കാം,’ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കേന്ദ്രങ്ങൾ തിരിച്ച് പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പാക്കാൻ ഉചിതമായിരിക്കുമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.