ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എം.എസ്. വല്യത്താൻ(90) അന്തരിച്ചു.
ബുധനാഴ്ച രാത്രി 9.15 ഓടെ മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യബാച്ചിൽ എം.ബി.ബി.എസ്. ബിരുദം നേടി. ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം, ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ വിദ്ഗധ പരിശീലനം നേടിയശേഷം 1972-ൽ ഇന്ത്യയിലേക്ക് തിരികെയെത്തി.
മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തി അദ്ദേഹം നേതൃത്വം നല്കി സ്ഥാപിച്ചതാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടെ ഡോ. വലിയത്താന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയ വാൽവ് ആയിരകണക്കിനുപേർക്ക് അനുഗ്രഹമായി. ശ്രീചിത്തിരയിൽ 20 കൊല്ലം സേവനമനു്ഷ്ഠിച്ചു. തുടർന്ന് മണിപ്പാൽ യൂണിവേഴ്‌സിയുടെ ആദ്യ വി.സി ചുമതലയേറ്റു.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ ചികിത്സാ ഗവേഷണ രംഗങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടത്തത് ഡോ. വല്യത്താന്റെ മികവാണ്.
ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് 2005-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്
ഹോമി ഭാഭ കൗൺസിലിന്റെ സീനിയർ ഫെലോഷിപ്പോടെ ആയുർവേദ പൈതൃകത്തെക്കുറിച്ച് ഡോ. വലിയത്താൻ നടത്തിയ പഠനങ്ങൾ ശ്രദ്ദേയമാണ്.
മാർത്താണ്ഡവർമയുടേയും ജാനകിയമ്മയുടേയും മകനായി മാവേലിക്കരയിൽ 1934-ലാണ് ജനനം.ഭാര്യ :അഷിമ. മക്കൾ :മന്നാ, മനീഷ് എന്നിവരാണ് മക്കൾ