Home NEWS KERALA ഐ.എസ്.ആർ.ഒ. ചാരക്കേസ് കെട്ടിച്ചമച്ചത് ; എസ്.വിജയൻ, മറിയം റഷീദയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലെ വിരോധമാണ് കേസിനു...

ഐ.എസ്.ആർ.ഒ. ചാരക്കേസ് കെട്ടിച്ചമച്ചത് ; എസ്.വിജയൻ, മറിയം റഷീദയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലെ വിരോധമാണ് കേസിനു കാരണമായതെന്ന് കുറ്റപത്രം

0
151
ഒന്നാം പ്രതി എസ്.വിജയൻ, ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പിനാരായണൻ

ISRO Conspiracy Case: ഐ.എസ്.ആർ.ഒ. ചാരക്കേസ് കേസ് കെട്ടിച്ചമച്ചത്. എസ്.വിജയൻ മറിയം റഷീദയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലെ വിരോധമാണ് കേസിനു കാരണമായത്. രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിവാദമായ ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നും, അന്ന്് സിഐ ആയിരുന്ന എസ്. വിജയൻ മറിയം റഷീദയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലെ വിരോധമാണ് കേസിനു കാരണമായതാണെന്നും സിബിഐ കുറ്റപത്രം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഹോട്ടലിൽ വെച്ച് വിജയൻ മറിയം റഷീദയെ കടന്നുപിടിച്ചപ്പോൾ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തിൽ പറയുന്നു.
മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. .

എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസിന് വേണ്ടി കൃത്രിമരേഖ ജോഷ്യയുണ്ടാക്കി. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. (ഇന്ത്യ ടുഡെ)

മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്. മുൻ എസ്പി എസ് വിജയനാണ് കേസിൽ ഒന്നാം പ്രതി. മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് മറ്റു പ്രതികൾ. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റപത്രം അംഗീകരിച്ച കോടതി പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് ജൂൺ അവസാനം നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് കുറ്റപത്രത്തിലെ വിവരം പുറത്തുവന്നിരിക്കുന്നത്.
ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി കേരള പോലീസ് 1994-ൽ റജിസ്റ്റർ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിബിഐ യുടെ കണ്ടെത്തൽ. 2021 ഓഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടതനുസരിച്ചാണ് കേസിനുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന കാര്യം സിബിഐ അന്വേഷിച്ചത്.

സി ബി ഐ സംഘം അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇവർ അഞ്ചുപേരും ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി. സി ബി ഐ നൽകിയ അപ്പീലിൽ ഈ മുൻകൂർ ജാമ്യം പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വീണ്ടും വാദംകേട്ട ഹൈക്കോടതി 2023 ജനുവരിയിൽ അഞ്ചു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ജൂലൈ 26 ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. തുടർന്ന് വിചാരണ ആരംഭിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here