പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗം പ്രതിപക്ഷത്തിന് ആവേശം പടർത്തിനില്ക്കവെയാണ് തൃണമൂൽകോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്്ത്ര സംസാരിക്കാനെഴുന്നേറ്റത്. ഈ സമയം പുറത്തേക്ക്് പോകുകയായിരുന്ന പ്രധാന മന്ത്രിയെ നോക്കി ” സർ എന്നെക്കൂടി കേട്ടിട്ടുപോകൂ” എന്ന് പരിഹസത്തോടെയാണ് തുടക്കം.
‘മ’ വെച്ച് ഒരുപാട് വാക്കുകൾ പറഞ്ഞ മോദി മണിപ്പൂർ എന്ന് മാത്രം മിണ്ടിയില്ലെന്ന് ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ മഹുവ ചോദിച്ചു.
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മണിപ്പൂർ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് ‘വടക്കു കിഴക്ക്’ എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘മ’ അക്ഷരത്തിൽ തുടങ്ങുന്ന ഒരുപാട് വാക്കുകൾ മോദി പറഞ്ഞിരുന്നു. മുസൽമാൻ, മുല്ല, മദ്രസ, മുഗൾ, മട്ടൻ, മഛ്‌ലി, മംഗൾസൂത്ര… എന്നാൽ ഒരിക്കൽ പോലും മണിപ്പൂർ എന്നൊരു വാക്ക് പറഞ്ഞില്ല’ -മൊയ്ത്ര വിമർശിച്ചു. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്ന് പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ട് മൊയ്ത്ര പറഞ്ഞു.
കഴിഞ്ഞ ഭരണ കാലത്ത് തന്നെ നിശ്ശബ്ദയാക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് ഇത്തവണ ജനം സീറ്റുകൾ കുറച്ചുനൽകി. അതിലൂടെ ബി.ജെ.പി നിശ്ശബ്ദരാകുന്നു. ബി.ജെ.പിയുടെ 63 അംഗങ്ങളെ ജനം പൂർണമായും നിശ്ശബ്ദരാക്കിയെന്നും മഹുവ പറഞ്ഞു.
കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന് ഭരണകക്ഷിയായ ബി.ജെ.പി വലിയ വില തന്നെ നൽകേണ്ടി വന്നു. എന്നെ നിശ്ശബ്ദയാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനം ബി.ജെ.പിയിലെ 63 എം.പിമാരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി.
ബി.ജെ.പിയുടെ രാജതന്ത്രത്തിന് ലോകതന്ത്രത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഈ സർക്കാറിന് സ്ഥിരതയുണ്ടാകില്ല. പലതവണ മറുകണ്ടം ചാടിയവർക്കൊപ്പമാണ് ബി.ജെ.പി സഖ്യം ചേർന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഞങ്ങളോട് പെരുമാറാൻ നിങ്ങൾക്കാകില്ല’ -മഹുവ പറഞ്ഞു
കേവലഭൂരിപക്ഷത്തിനായി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്ന ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്നും മഹുവ ഓർമപ്പെടുത്തി. ‘ എനിക്ക് എൻറെ അംഗത്വം നഷ്ടപ്പെട്ടു, എനിക്ക് എൻറെ വീട് നഷ്ടപ്പെട്ടു, ഓപ്പറേഷനിൽ എനിക്ക് എൻറെ ഗർഭപാത്രവും നഷ്ടപ്പെട്ടു. പക്ഷെ ഞാൻ എന്താണ് നേടിയതെന്ന് നിങ്ങൾക്കറിയാമോ? ഭയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം നേടി. ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ അന്ത്യം ഞാൻ കാണും’ മഹുവ മോയ്ത്ര പറയുന്നു.