ശക്തമായ മഴ കേരളത്തിലെ എട്ട്് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ഓറഞ്ച് അലർട്ട്
26-06-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
27-06-2024: വയനാട്, കണ്ണൂർ
മഞ്ഞ അലർട്ട്
26-06-2024: ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം
27-06-2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്
28-06-2024: കോഴിക്കോട്, കണ്ണൂർ , കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കാലവർഷം ശക്തമായി. വരുന്ന മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായി റവന്യൂ മന്ത്രി കെ, രാജൻ പറഞ്ഞു.
ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തിറങ്ങിയത്. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ വരുന്ന 3 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ആവശ്യമെങ്കിൽ മലയോരമേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുമെന്നും 9 ജില്ലകളിൽ എൻഡിആർഎഫിനെ വിന്യസിച്ചതായും മഴക്കെടുത്തി അവലോകനം യോഗത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
പ്രളയ മുന്നറിയിപ്പ്
പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിലാറ്), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമലയാറ്), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴയാർ ) എന്നീ പ്രദേങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. പുഴതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.