18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽതന്നെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ശക്തമായ ഒരു സൂചനയാണ് ഭരണകക്ഷിയായ ബിജെപിക്ക് നൽകുന്നത്. വരും നാളുകൾ പോരാട്ടത്തിന്റേതാകും. അനുനയമോ, വിട്ടുവീഴ്ചയോ ഉണ്ടാകില്ല. പ്രധാന മന്ത്രി നരേന്ദ മോദിയും അമിത് ഷായും സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ കോപ്പി ഉയർത്തിപ്പിടിച്ചായിരുന്നു പ്രതികരിച്ചത്.
ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും’ രാഹുൽ ഗാന്ധി നേരത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
കൂടാതെപാർലമെന്റിലേക്ക് പോകുംമുമ്പ് ഇന്ത്യ സഖ്യത്തിന്റെ എം.പിമാരും നേതാക്കളും ഒത്തു ചേർന്ന് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇവിടെയും സോണിയ ഗാന്ധി ഉൾപ്പെടെ ഭരണഘടനയുടെ കോപ്പിയുമായാണ് ഒത്തുചേർന്നത്. പാർലമെന്റിലെ ദൃശ്യം ‘ഇൻഡ്യാ സഖ്യം ജീവൻ പണയപ്പെടുത്തിയും ഭരണഘടനയെ സംരക്ഷിക്കും’- എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് എക്‌സിൽ പങ്ക് വെച്ചു. ‘ഭരണഘടനയുടെ പകർപ്പ് കൈകളിൽ, അതിന്റെ മൂല്യങ്ങൾ ഹൃദയത്തിൽ’ എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയും അവരുടെ പ്രതീകാത്മക പ്രതിഷേധത്തിന്റെ വീഡിയോ തന്റെ എക്‌സ് ഹാൻഡിലിൽ പങ്കിട്ടു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി, സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവരാണ് പ്രതിപക്ഷ ബെഞ്ചുകളിൽ ഒന്നാം നിരയിൽ ഇരുന്നത്.
മോദി ഭരണത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും, രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതിപക്ഷമാവുമെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചിരുന്നു.