ബി.ജെ.പി ഭരണത്തിന് കീഴിൽ വിദ്യാർത്ഥികൾക്ക് പഠിച്ചാൽ മാത്രം ഉയരത്തിലെത്താനാവില്ലെന്നും തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാരിനെതിരെ പോരാടാനും നിർബന്ധിതരാവുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ കൂടി മാറ്റിവച്ച സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ചോദ്യപ്പേപ്പർ ചോർത്തുന്ന വിദ്യാഭ്യാസ മാഫിയക്ക് മുന്നിൽ മോദി ഒന്നും മിണ്ടാതെ നിൽക്കുകയായാണെന്നും വിദ്യാർഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസർക്കാർ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ഞായറാവ്ച നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷകൾ മാറ്റിയതായുള്ള ഉത്തരവ് ശനിയാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നീറ്റ് യു.ജി., നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂൺ 25-നും 27-നുമിടയിൽ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആർ. യു.ജി.സി.-നെറ്റ് പരീക്ഷയും മാറ്റിവെച്ചിരുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ഇതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്. പരീക്ഷ ക്രമക്കേട് രാജ്യത്ത് വലിയ രോഷമാണ് ഉയർത്തിയിരിക്കുന്നത്.18 ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ചേരും, ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.