Tuesday, December 24, 2024

Top 5 This Week

Related Posts

ആരും അറിയാത്ത ഗാന്ധി ?! മോദിയുടെ പ്രസ്താവം ഗാന്ധിജിയെ അവഹേളിക്കലാണ്‌

പൊഫ: ഡോ. എം.പി. മത്തായി

‘ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമക്ക് മുമ്പ് ആർക്കും ഗാന്ധിയെപ്പറ്റി അറിയില്ലായിരുന്നു’ – ‘കോയി നഹി ജാൻതാ ഥാ ഗാന്ധി കൊ’ – എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായപ്രകടനം വലിയ വിവാദമായിരിക്കുകയാണല്ലോ? ഇത് അവഗണിക്കുകയാണ് വേണ്ടത് എന്നാണ് പ്രാരംഭത്തിൽ എനിക്ക് തോന്നിയത്. എന്നാൽ മേൽസൂചിപ്പിച്ച അഭിപ്രായം പറഞ്ഞത് പ്രധാനമന്ത്രി ആയതുകൊണ്ട് ഗാന്ധിയെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തവർ അത് ശരിയാണെന്ന് വിശ്വസിക്കാൻ സാധ്യതയുണ്ട്. വാസ്തവത്തിൽ ശ്രീ മോദി പറഞ്ഞത് ഒട്ടും വസ്തുതാപരമല്ല. അത് തികച്ചും തെറ്റിദ്ധാരണാജനകവുമാണ്. അതുകൊണ്ട്, ഈ വിഷയം പരിശോധിച്ച് അതുമായി ബന്ധപ്പെട്ട വസ്തുതകൾ പങ്കുവെക്കേണ്ടത് ഗാന്ധിയെ മനസ്സിലാക്കിയിട്ടുള്ളവരുടെ കടമയാണ് എന്ന ബോധ്യമാണ് ഈ വിശദീകരണത്തിന്റെ പ്രേരണ.

ഈ വിവാദപ്രസ്താവന അവഗണിക്കാം എന്ന് കരുതാൻ പല കാരണങ്ങളുമുണ്ട്. വിദ്വേഷപ്രസംഗം ശ്രീ മോദിയുടെ ശീലമായിത്തീർന്നിട്ട് നാളേറെയായല്ലോ. ഇപ്പോൾ സമാപിച്ച പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശ്രീ മോദി നടത്തിയ പ്രസംഗങ്ങളിൽ അധികവും വർഗ്ഗീയ വിഷം വമിപ്പിക്കുന്നതും, രാഷ്ട്രീയ എതിരാളികളെ അപഹസിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായിരുന്നല്ലോ. മാന്യതയുടെയും, ജനാധിപത്യ മര്യാദകളുടെയും അഭാവംകൊണ്ട് ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ എന്ന് ഇന്ത്യാക്കാരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശരിയായ, അതായത് അവ്യാജമായ, വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ ഫലമായി ഉണ്ടാകുന്ന നഷ്ടബോധം സൃഷ്ടിക്കുന്ന സങ്കീർണ്ണമായ മാനസികാവസ്ഥയാവാം വിദ്യാഭ്യാസവും, സംസ്‌കാരവുമുള്ളവരെ നിസങ്കോചം അധിക്ഷേപിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നുവേണം അനുമാനിക്കാൻ.
ലബ്ധ പ്രതിഷ്ഠമായ വിഗ്രഹങ്ങൾ തകർത്ത്, സ്വയം വിഗ്രഹമായി പ്രതിഷ്ടിക്കപ്പെടാൻ വെമ്പുന്ന അധികാരിയുടെ ‘അജണ്ട’യുടെ ഭാഗമാണ് ശ്രീ മോദി നടത്തുന്ന പരോക്ഷമായ ഗാന്ധി നിന്ദ എന്ന തിരിച്ചറിവ് കൊണ്ടാണ് അദ്ദേഹവും, അദ്ദേഹം ഉൾപ്പെടുന്ന സംഘപരിവാറുകാരും നടത്തുന്ന ഗാന്ധിനിന്ദയെ അവഗണിക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്.

മഹാത്മാവിന്റെ ജീവിതത്തെയും, കർമ്മകാണ്ഡത്തെയും, ജീവിതകാലത്തും, തുടർന്നും അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തെയും, പ്രശസ്തിയെയും സംബന്ധിച്ച് ഏകദേശ വിവരമുള്ള ആർക്കും ശ്രീ മോദി പറഞ്ഞതുപോലുള്ള അഭിപ്രായം പറയാനാവില്ല. അതുപോലെ തന്നെ, ആറ്റൻബറോയുടെ ഗാന്ധി സിനിമയെപ്പറ്റിയുള്ള ധാരണക്കുറവും ഇത്തരം ഒരു അസംബന്ധ പ്രസ്താവത്തിന് കാരണമായിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.

അതുകൊണ്ട്,ആദ്യമായി ഗാന്ധി സിനിമ പരിശോധിക്കാം.

ബ്രിട്ടീഷ് പ്രഭു പദവി വഹിച്ചിരുന്ന ഇന്ത്യൻ വംശജനായ മോട്ടിലാൽ കോത്താരി 1961ൽ പ്രശസ്ത പത്രപ്രവർത്തകനും ഗാന്ധിയുടെ ജീവചരിത്രകാരനുമായ ലൂയി ഫിഷറെ സമീപിച്ച് അദ്ദേഹം രചിച്ച The Life of Mahatma Gandhi എന്ന ജീവചരിത്രത്തെ അധികരിച്ച് ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിന് അനുമതി തേടി. യാതൊരു പ്രതിഫലവും ആവശ്യപ്പെടാതെ ലൂയി ഫിഷർ അനുമതി നൽകി. തുടർന്ന് 1962 ൽ മോട്ടിലാൽ കോത്താരിയുടെ അഭ്യർത്ഥന സ്വീകരിച്ച് റിച്ചാഡ് ആറ്റൻബറോ നിർദ്ദിഷ്ട ചിത്രം സംവിധാനം ചെയ്യാമെന്ന് സമ്മതിച്ച് പ്രവർത്തനം ആരംഭിച്ചു. മൌണ്ട് ബാറ്റൻ പ്രഭുവഴി ആറ്റൻബറോ ഇന്ത്യൻ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ബന്ധപ്പെട്ട് നിർദ്ദിഷ്ട പ്രൊജക്റ്റിനെപ്പറ്റി സംസാരിച്ചു. ഗാന്ധിജിയുടെ ജീവിതചിത്രീകരണത്തിൽ ‘പൂർണ്ണ സത്യനിഷ്ഠ’ പാലിക്കും എന്ന ഉറപ്പിൽ സിനിമ നിർമാണത്തിന് നെഹ്റു അനുമതിയും സഹകരണവും വാഗ്ദാനം ചെയ്തു.

1963 ൽ ആറ്റൻബറോ ഇന്ത്യയിൽ എത്തി. നെഹ്റുവിനെ സന്ദർശിച്ച് സിനിമ നിർമാണത്തെപ്പറ്റി ചർച്ചകൾ നടത്തി. സിനിമയിൽ ഗാന്ധിയെ മഹത്വവൽക്കരിക്കുവാനോ ഐതിഹ്യവൽക്കരിക്കുവാനോ ശ്രമിക്കരുതെന്നും, ഗാന്ധിജിയുടെ മനുഷ്യത്വത്തിനായിരിക്കണം ഊന്നൽ നൽകേണ്ടത് എന്നും നെഹ്റു നിർദ്ദേശിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ പൂർണ്ണ സഹകരണവും വാഗ്ദാനം ചെയ്തു.

തുടർന്നുവന്ന ഭരണാധികാരികൾ നെഹ്റു നൽകിയ വാഗ്ദാനം പാലിച്ചു. 1980 ൽ ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോൾ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ -NFDC- ഗാന്ധി സിനിമയുടെ നിർമ്മാണത്തിൽ സജീവ പങ്കാളിയായി. സിനിമയുടെ നിർമ്മാണാവശ്യത്തിനായി ഇന്ത്യാ ഗവണ്മെന്റ് 22 കോടി രൂപ (6.5 ദശലക്ഷം യു. എസ്. ഡോളർ) നൽകി. അങ്ങിനെ, ഇന്ത്യാ ഗവണ്മെന്റ് ഗാന്ധി സിനിമയുടെ സഹനിർമാതാവായിത്തീർന്നു. നിർമാണം ആരംഭിച്ച 1963 മുതൽ ചിത്രം റിലീസ് ചെയ്ത 1982 വരെ ഇരുപത് വർഷത്തെ കഠിന യത്‌നത്തിന്റെ ഫലമാണ് ഗാന്ധി സിനിമ എന്ന് സംവിധായകൻ ആറ്റൻബറോ എടുത്തുപറഞ്ഞിട്ടുണ്ട്.

ശ്രീ മോദി സൂചിപ്പിക്കുന്നതുപോലെ, സിനിമക്കുമുമ്പ് ആരും അറിയാത്ത ആളായിരുന്നു ഗാന്ധിജി എങ്കിൽ
മോട്ടിലാൽ കോത്താരിയും, റിച്ചഡ് ആറ്റൻബറോയും കൂടി ഇത്രയധികം പണവും, അധ്വാനവും ചിലവിട്ട് കഷ്ടപ്പെട്ട് ഒരു ചലച്ചിത്രം നിർമ്മിക്കാൻ മെനക്കെടുമായിരുന്നില്ല എന്ന് ഉറപ്പല്ലേ? ഗാന്ധിയുടെ മഹത്വത്തെപ്പറ്റി ഉറച്ച ബോധ്യം ഉള്ളതുകൊണ്ടു തന്നെയാണ് അവർ ഈ സാഹസത്തിന് തയ്യാറായത്.

ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും

മോട്ടിലാൽ കോത്താരിക്കും, ജവഹർലാൽ നെഹ്റുവിനുമാണ് സിനിമ സമർപ്പിച്ചിട്ടുള്ളത്

ഗാന്ധി സിനിമയെപ്പറ്റി ഒരു കാര്യംകൂടി എടുത്തു പറയേണ്ടതായിട്ടുണ്ട്. അത് സിനിമയുടെ സമർപ്പണത്തെപ്പറ്റിയാണ്. മോട്ടിലാൽ കോത്താരിക്കും, ജവഹർലാൽ നെഹ്റുവിനുമാണ് സിനിമ സമർപ്പിച്ചിട്ടുള്ളത്. നെഹ്റുവിന്റെ പ്രേരണയും, നിരന്തര പ്രോത്സാഹനവും ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ നിർമ്മിക്കാനാകുമായിരുന്നില്ല എന്ന് ആറ്റൻബറോ സമർപ്പണക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ പൈതൃകം നിലനിർത്തുന്നതിനോ, ലോകസമക്ഷം ഉയർത്തിക്കാട്ടുന്നതിനോ ഇന്ത്യാ ഗവണ്മെന്റ് യാതൊന്നും ചെയ്തില്ല എന്ന മോദിയുടെ കുറ്റപ്പെടുത്തലിനെ മേൽസൂചിപ്പിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ വായനക്കാർ വിലയിരുത്തട്ടെ.

‘ഗാന്ധിയെ അവഗണിച്ചാൽ നാം സ്വന്തം ഭാവി അപകടപ്പെടുത്തുകയാവും ഫലം’ മാർട്ടിൻ ലൂതർ കിങ്ങ്

മാര്‍ട്ടിന്‍ ലൂതര്‍ കിങും, നെല്‍സണ്‍ മണ്ടേലയും

ശ്രീ മോദിയുടെ രണ്ടാമത്തെ വാദം സിനിമക്കു മുമ്പ് മഹാത്മാ ഗാന്ധിയേക്കാൾ കൂടുതൽ പ്രശസ്തർ മാർട്ടിൻ ലൂതർ കിങ്ങും, നെൽസൺ മണ്ടേലയുമായിരുന്നു എന്നും, ഗാന്ധി സിനിമയാണ് ഗാന്ധിയെ ലോക ശ്രദ്ധയിലേക്ക്, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിലേക്ക്, കൊണ്ടുവന്നത് എന്നുമാണല്ലോ. വസ്തുതാവിരുദ്ധവും, അപഹാസ്യവുമായ വാദമാണിത്. ഗാന്ധി – കിങ്ങ് – മണ്ടേല ത്രിമൂർത്തികളെപ്പറ്റിയുള്ള പ്രാഥമിക വസ്തുതകൾ അറിയുന്ന ഒരാളും ഇപ്രകാരം ഒരഭിപ്രായം പറയാൻ ധൈര്യപ്പെടുകയില്ല എന്ന് ഉറപ്പാണ്. പ്രസിദ്ധങ്ങളായ ചില വസ്തുതകൾ ഓർമ്മപ്പെടുത്തട്ടെ.


കിങ്ങും, മണ്ടേലയും ഗാന്ധിജിയോടുള്ള അവരുടെ കടപ്പാട് ശക്തമായും, വ്യക്തമായും, ആവർത്തിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
കിങ്ങിന്റെ കാര്യം ആദ്യം വ്യക്തമാക്കാം. മഹാത്മാ ഗാന്ധിയോടുള്ള കടപ്പാട് വ്യക്തമാക്കിക്കൊണ്ടുള്ള അനേകം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അവയിൽ നിന്ന് രണ്ടെണ്ണം മാത്രം ഉദ്ധരിക്കാം. സെമിനാരി വിദ്യാർത്ഥിയായിരിക്കുന്ന കാലത്തുതന്നെ ഗാന്ധിയുടെ ആശയങ്ങൾ തന്നെ ആഴത്തിൽ സ്വാധീനിച്ചു എന്നും താൻ തന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് ഉൾക്കൊണ്ട ക്രിസ്ത്യൻ ആദർശങ്ങൾ ‘പ്രായോഗികമാക്കേണ്ടതിനുള്ള പ്രയോഗതന്ത്രങ്ങൾ ഗാന്ധിയിൽ നിന്നാണ് പഠിച്ചത്’ എന്നും കിങ്ങ് എഴുതിയിട്ടുണ്ട്. അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി :
‘ മനുഷ്യവംശം പുരോഗമിക്കണമെങ്കിൽ ഗാന്ധി അനിവാര്യനാണ്. മൈത്രിയും, ഐകമത്യവും, സമാധാനവും പുലരുന്ന ഒരു ലോകത്തെപ്പറ്റിയുള്ള ദർശനത്താൽ പ്രചോദിതനായിട്ടാണ് അദ്ദേഹം ജീവിക്കുകയും, ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്തത്. ഗാന്ധിയെ അവഗണിച്ചാൽ നാം സ്വന്തം ഭാവി അപകടപ്പെടുത്തുകയാവും ഫലം.’

1959 ഫെബ്രുവരി 9 മുതൽ ഒരു മാസം നീണ്ടു നിന്ന തന്റെ ഇന്ത്യാ പര്യടനത്തെ കിങ്ങ് വിശേഷിപ്പിച്ചത് ‘ഗാന്ധിയുടെ നാട്ടിലേക്കുള്ള തീർത്ഥയാത്ര’ എന്നാണ്. ബോംബെയിൽ ഗാന്ധിയുടെ വസതിയായിരുന്ന മണി ഭവനിൽ ഗാന്ധിജിയുടെ മുറിയിൽ അദ്ദേഹം ഒരു ദിവസം താമസിക്കുകയും, അത് തന്റെ ജീവിതത്തിലെ ‘ഒരിക്കലും മറക്കാനാവാത്ത അനുഭവം’ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും, പ്രധാന മന്ത്രിയും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, ഗവർണർമാരും എല്ലാം അദ്ദേഹത്തെ സ്വീകരിച്ചു. ഇവരെക്കൂടാതെ തന്നെ സ്വീകരിച്ചവരുടെ കൂട്ടത്തിൽ ‘ഒരു വിശുദ്ധനും’ ഉണ്ടായിരുന്നു എന്ന് കിങ്ങ് എഴുതിയിട്ടുണ്ട്. ആ ‘വിശുദ്ധൻ’ മാറ്റാരുമല്ല, ഗാന്ധിജിയുടെ ആത്മീയ ശിഷ്യനായി അറിയപ്പെടുന്ന വിനോബജി ആയിരുന്നു.

നെൽസൺ മണ്ടേല ജീവിതകാലമത്രയും യോദ്ധാവായിരുന്നു എന്ന് നമുക്കറിയാം. അദ്ദേഹം ഗാന്ധിയെ ‘വിശുദ്ധനായ യോദ്ധാവ് ‘ എന്നാണ് വിശേഷിപ്പിച്ചത്. ‘ധാർമ്മികതയിൽ അധിഷ്ടിതമായ, ഉരുക്കുപോലെ ഉറച്ച നിശ്ചയദാർഢ്യത്തോടെ, യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടിയ’ ഗാന്ധി തനിക്കു ‘പ്രചോദനവും വഴികാട്ടിയും’ ആയിരുന്നു എന്ന് മണ്ടേല പ്രഖ്യാപിച്ചു.
ഇതിലും കൂടുതൽ വ്യക്തമായി എങ്ങിനെയാണ് കടപ്പാട് രേഖപ്പെടുത്തുക?!

മാർട്ടിൻ ലൂതർ കിങ്ങ് അമേരിക്കൻ ഗാന്ധി എന്നും, നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത് എന്നും നമുക്ക് അറിയാമല്ലോ.ബുദ്ധിമാനും, വിരുതനുമാണെങ്കിലും വേണ്ടത്ര വായന ഇല്ലാത്ത ആളായതുകൊണ്ട് ശ്രീ മോദി ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.

കിങ്ങും മണ്ടേലയും ഗാന്ധിയുടെ യുവ ആരാധകരായിരുന്നു. അവരെക്കാൾ മുതിർന്ന, പ്രഗത്ഭരും, പ്രശസ്തരുമായ അനേകരുടെ ആദരവിനും പ്രശംസക്കും അദ്ദേഹം പാത്രീഭൂതനായിട്ടുണ്ട് എന്നത് പ്രസിദ്ധമാണല്ലോ.

‘യേശു ക്രിസ്തു സമാധാനത്തിന്റെ രാജകുമാരനായിരുന്നു എങ്കിൽ ഗാന്ധിയും കുലീനമായ ആ വിശേഷണത്തിന് സർവ്വതാ സമർഹനാണ്.’

തലമുറകൾ കഴിയുമ്പോൾ ഗാന്ധിയെപ്പോലൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ പലരും വിസമ്മതിക്കും എന്ന ഐൻസ്‌റ്റൈന്റെ വിഖ്യാതമായ പ്രസ്താവന വീണ്ടും ഉദ്ധരിക്കേണ്ടതില്ല. ഋഷിതുല്യനായ റൊമെയിൻ റൊളണ്ട് -Romain Rolland – ഗാന്ധിജിയുടെ പ്രസിദ്ധീകരണമായ യങ് ഇന്ത്യയുടെ ഫ്രഞ്ച് പതിപ്പിന് എഴുതിയ ആമുഖത്തിൽ ഇങ്ങനെ എഴുതി : ‘യേശു ക്രിസ്തു സമാധാനത്തിന്റെ രാജകുമാരനായിരുന്നു എങ്കിൽ ഗാന്ധിയും കുലീനമായ ആ വിശേഷണത്തിന് സർവ്വതാ സമർഹനാണ്.’

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനു പിന്നാലെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രവഹിച്ച സ്മരണാഞ്ജലികളിൽക്കൂടി കണ്ണോടിച്ചാൽ മതി ഗാന്ധിജിയുടെ ആഗോള പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും ആഴവും പരപ്പും എത്രയെന്നു വ്യക്തമാകും.

ഗാന്ധി സിനിമക്കുമുമ്പ് ഗാന്ധി പാശ്ചാത്യ ലോകത്ത് വേണ്ടത്ര അറിയപ്പെട്ടിരുന്നോ എന്ന് ശ്രീ മോദി ഉന്നയിച്ച സംശയം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. 1930 ൽ ലോകപ്രശസ്തമായ ടൈം മാസിക ആ വർഷത്തെ ഏറ്റവും ജനശ്രദ്ധ നേടിയ വ്യക്തിയായി – Person of the Year – തിരഞ്ഞെടുത്തത് മഹാത്മാ ഗാന്ധിയെ ആയിരുന്നു. (ആ വർഷമാണ് ഗാന്ധി ദാണ്ഡി മാർച്ച് നടത്തിയത് എന്നോർക്കുക.) 1931 മാർച്ച് മാസത്തിലെ ടൈം മാസികയുടെ മുഖചിത്രം ഗാന്ധിയുടേതായിരുന്നു. കൂടാതെ 1947 ജൂൺ മാസത്തിലെ ടൈം മാസികയുടെ മുഖചിത്രവും ഗാന്ധിയുടേതായിരുന്നു. ടൈം മാസികമാത്രമല്ല ഗാന്ധിയുടെ ഫോട്ടോ മുഖചിത്രമായി നൽകിയത്. ടൈം മാസികയുടെ പ്രതിയോഗിയായി കരുതപ്പെടുന്ന ‘ന്യൂസ്വീക്കും’, ‘ലൈഫ്’ തുടങ്ങി മറ്റ് പ്രശസ്തങ്ങളായ പല പാശ്ചാത്യ പ്രസിദ്ധീകരണങ്ങളും ഗാന്ധിയുടെ ചിത്രങ്ങളും, അദ്ദേഹത്തിന്റെ ജീവിതത്തെയും, തത്വശാസ്ത്രത്തെയും അധികരിച്ചുള്ള ധാരാളം പഠനങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിലെ പ്രസിദ്ധീരണങ്ങളിൽ ഒരാളുടെ ചിത്രങ്ങളോ, അദ്ദേഹത്തെപ്പറ്റിയുള്ള പഠനങ്ങളോ പ്രത്യക്ഷപ്പെടുന്നത് അയാളുടെ പ്രസക്തിയുടെ ആധികാരികമായ സൂചകമായി കണക്കിലെടുക്കാം എന്നു ഞാൻ കരുതുന്നില്ല. എന്നാൽ, അത് പ്രസ്തുത വ്യക്തിയുടെ ജനപ്രീതിയുടെ വ്യക്തമായ സൂചകമാണ് എന്നത് അനിഷേദ്ധ്യമാകുന്നു.

ഇനി നമുക്ക് കടുത്ത ഹിന്ദുത്വ സംഘടനയായ ആർ എസ് എസ്സിന്റെ ഔദ്യോഗിക മുഖപത്രമായ ‘ഓർഗനൈസറും’ ഗാന്ധിയുമായുള്ള ബന്ധം നോക്കാം.
നാം ചർച്ചചെയ്യുന്ന പ്രശ്‌നവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗാന്ധിയോടുള്ള ശ്രീ മോദിയുടെ സമീപനത്തെ കുറേക്കൂടി വ്യക്തമാക്കിത്തരും എന്നതുകൊണ്ടാണ് ഇതുകൂടി ഉൾപ്പെടുത്തുന്നത്.

2014 ഒക്ടോബർ മാസത്തെ ഓർഗനൈസറിന്റെ കവർചിത്രം കൈയിൽ ചൂലും കൊട്ടയുമായി കുനിഞ്ഞു നിൽക്കുന്ന ഗാന്ധിയുടേതാണ്. Swacch Bharat Abhiyan പരിപാടിയുടെ വിശേഷാൽ പതിപ്പിന്റെ കവറിലാണ് ആരോ വരച്ച ഈ ഗാന്ധി ചിത്രം കൊടുത്തിട്ടുള്ളത്. സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിൽ ബന്ധനസ്ഥനാക്കി ‘ഗാന്ധി സമം ശുചിത്വം’ എന്നാക്കി ഗാന്ധിയെ ന്യൂനീകരിക്കുവാനാണ് ഓർഗനൈസറിൽക്കൂടി സംഘപരിവാർ ശ്രമിക്കുന്നത് എന്ന വിമർശനവും ശ്രദ്ധിക്കേണ്ടതാണ്.

2019 ഒക്ടോബർ മാസത്തെ ഓർഗനൈസർ ഗാന്ധി 150 പ്രമാണിച്ചുള്ള സ്‌പെഷ്യൽ പതിപ്പാണ്. അതിൽ മുഖചിത്രമായി നൽകിയിട്ടുള്ളത് ഗാന്ധിയുടെ കറുത്ത നിഴൽചിത്രമാണ് (silhouette). ഇടതുകരം കൊണ്ടുള്ള ഈ അഭിനന്ദനത്തെ വിശകലനവിധേയമാക്കാതെ വിടുകയാണ്.

ആറ്റൻബറോയുടെ സിനിമയാണ് ഗാന്ധിയെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് എന്ന ശ്രീ മോദിയുടെ പ്രസ്താവന വാസ്തവത്തിൽ അദ്ദേഹം തന്നെ മുമ്പ് പലപ്പോഴും ഗാന്ധിയെപ്പറ്റി പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ ചുവന്ന മഷികൊണ്ട് റദ്ദ് ചെയ്യുകയാണ്. വസ്തുതകൾക്കും, യുക്തിക്കും നിരക്കാത്ത അഭിപ്രായമാണിത് എന്ന് വ്യക്തം. പ്രത്യക്ഷത്തിൽ ആനുഷംഗികമായി പ്രകടിപ്പിച്ച ഒരഭിപ്രായമായി തോന്നാമെങ്കിലും, അത് ബോധപൂർവംതന്നെ പറഞ്ഞതാണ് എന്നുവേണം ന്യായമായും അനുമാനിക്കാൻ.

Narendra Modi’s Disparagement of Mahatma Gandhi

Initially, I thought it was better to ignore Prime Minister Narendra Modi’s observation that before Richard Attenborough’s movie “Gandhi” nobody knew about Gandhi – koi nahin jantha dha Gandhi ko, to quote his Hindi statement. But several of my friends, particularly my students, have urged me for a response and I felt compelled.
The reason why I thought it better to ignore Mr. Narendra Modi’s observation was plain and simple.
During the current parliamentary election campaigns, in most of his public speeches and interviews, Mr. Modi either spewed communal venom or poured contempt on and condemned his political opponents. While on the one hand, these vituperations betray sheer lack of culture and refinement, on the other, they are to be understood as an expression of a haunting sense of inferiority caused by lack of genuine education.

It is obvious that anyone having at least a superficial knowledge of the life and work of Mahatma Gandhi and his growing universal impact or a cursory understanding of Richard Attenborough’s Gandhi movie would not have ventured to utter something so preposterous.

Leave it as it may and let us return to the Gandhi affair.

The story of Richard Attenborough’s Gandhi movie is fascinating.
In October 1961, Motilal Kothari Earl Mountbatten of Burma, approached Louis Fischer, author of a major biography of the Mahatma, titled “The Life of Mahatma Gandhi” (1950). Fischer generously offered his book, free of charge, on which to base the film. In 1962, Kothari asked Richard Attenborough whether he would be the director. Attenborough agreed. They got Lord Mountbatten to speak to Jawaharlal Nehru about the project. Nehru endorsed the project “so long as the film was one of complete integrity”.

Attenborough visited India in 1963 for the preliminary work of the movie and met,among others, Prime Minister Jawaharlal Nehru and held extensive discussions. Nehru had reportedly warned Attenborough to steer clear of mythology and hagiography. “Seek Gandhi’s humanity”, Nehru had said.

Nehru extended full support for the project which had been honoured by the subsequent governments. In 1980 when Indira Gandhi was Prime Minister the National Film Development Corporation of India – NFDC – helped in the film making and the government of India contributed rupees 22 million (USD 6.5million) and thus became a kind of co-producer.
Attenborough had revealed that it was a twenty year struggle to bring Gandhi on the screen – from 1963 to 1982. If Gandhi was an unknown figure why did a director of Richard Attenborough’s caliber and reputation take all the trouble to bring him to the screen? Will anyone with a modicum of commonsense will spend so much resources, energy and time on an insignificant political figure?

The film, released in 1982, is dedicated to Motilal Kothari and Jawaharlal Nehru”without whose inspiration, unfailing advocacy and faith it would never have been made.”
In the light of these facts check the insinuation of Mr. Modi that India government practically did nothing to propagate the legacy of the Mahatma.

Mr. Modi asserted that in terms of universal popularity of Martin Luther King Jr. and Nelson Mandel did simply outshine Gandhi. What a travesty?! Let us recollect some well known facts.

Both M. L. King Jr., and Nelson Mandel had acknowledged their deep indebtedness to Gandhi on several occasions.
King has testified that even while studying at the Crozer Theological Seminary in Pennsylvania, he was deeply influenced by the ideas of Gandhi. He wrote that from his religious background he gained his “regulating Christian ideals”, and from Gandhi, “I learned my operational technique”.

I will quote two statements by King and one by Nelson Mandela to substantiate their indebtedness to Gandhi.

  1. “Gandhi was probably the first person in history to lift the love ethic of Jesus above mere interaction between individuals to a powerful and effective social force on a large scale. The intellectual and moral satisfaction that I failed to gain from the utilitarianism of Bentham and Mill, the revolutionary methods of Marx and Lenin, the social contract theory of Hobbes, the ‘back to nature’ optimism of Rousseau, and the superman philosophy of Nietzsche, I found in the non-violent resistance philosophy of Gandhi.”
  2. “If humanity is to progress, Gandhi is inescapable. He lived, thought, and acted, inspired by the vision of humanity evolving toward a world of peace and harmony. We may ignore him at our own risk.”

Nelson Mandela had said that Mahatma Gandhi was a “sacred warrior”. According to Mandela “Gandhi combined ethics and morality with a steely resolve that refused to compromise with the oppressor, the British Empire.” It is also well known that while Martin Luther King Jr., is known as Gandhi of America, Nelson Mandela is called Africa’s Gandhi.

Though intelligent and clever, Mr. Modi, being not a well-read person, might not have known about these acknowledgments.

If King and Mandel were his junior admirers, there were innumerable senior stalwarts from different walks of life who admired Gandhi and had placed on record their estimation of Gandhi’s role as a moral and spiritual lodestar of humanity.

Typical is the encomium of the great writer and sage Romain Rolland who wrote thus in his introduction to the French edition of Young India :
” If (Jesus) Christ was the Prince of Peace, Gandhi is no less worthy of this noble title.”

If you take a quick glance through the tributes paid by world leaders to the Mahatma on his martyrdom you can easily gauge depth and extensiveness of his impact and popularity.

In the light of Mr. Modi’s remark let us examine whether Mahatma Gandhi was popular or not in the West before the Gandhi movie. Way back in 1930 the Time magazine selected Gandhi as the Person of the Year – the sole Indian to be selected so – and the 1931 March issue of the magazine carried Gandhi’s photo as the cover picture. Again, the photo of Gandhi appeared on the cover of the June 1947 issue of Time magazine. Gandhi was not featured by the Time magazine only. Popular western magazines like Life and Newsweek also carried Gandhi’s photos and articles on his life and philosophy.

I, for one, do not subscribe to the view that being covered by leading western journals is a reliable indicator of a person’s fame or relevance. But, undoubtedly, it is a clear indication of the popularity of the person concerned.

Now, let us glance through the “Organiser”, the official mouthpiece of the Hindutva organization the R S S – Rashtreeya Swayam Sevak Sangh. The October 2014 issue of the Organiser carried Gandhi’s picture on its cover. It was a special issue on Swacch Bharat Abhiyan and Gandhi is drawn with a broom and basket doing safai. Typical is the 2019 October issue commemorating Gandhi’s 150th birth anniversary. Gandhi in silhouette is featured on the cover. (Left handed compliments, indeed and the less said the better.)
Ironically, Mr. Modi’s assertion that it was the Attenborough movie that brought the Mahatma to the limelight contradicts his own previous statements and speeches on Gandhi , which also are available in public space.
It is clear to me that Mr. Modi’s contention doesn’t stand the scrutiny of reason or facts. Though just an opinion, it must have been given intentionally, not inadvertantly.

Again, in this issue facts and truths are obviously against Mr. Modi’s contention,
but he won’t care. Unfortunately, due to an acquired myopia, he is unable to see beyond his limited vicinity.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles