മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ വ്യാപകമായ വിമർശനവും പരിഹാസവും. രാഹുൽ ഗാന്ധി. എന്റയർ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കു മാത്രമേ ഗാന്ധിയെ കുറിച്ച് അറിയാൻ സിനിമ കാണേണ്ട ആവശ്യമുണ്ടാകൂവെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം സൂചിപ്പിച്ചായിരുന്നു എക്സ് കുറിപ്പിലൂടെ രാഹുലിന്റെ പ്രതികരണം.
മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ മോദി ബെൻ കിങ്സ്ലിയുടെ പ്രതിമകൾ സ്ഥാപിക്കുമായിരുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ പരിഹാസം.
മഹാത്മാ ഗാന്ധിയുടെ പൈതൃകം തകർത്ത ആരെങ്കിലുമുണ്ടെങ്കിൽ അതു സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയായിരിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. വാരാണസിയിലും ഡൽഹിയിലും അഹ്‌മദാബാദിലുമുള്ള ഗാന്ധിയൻ സ്ഥാപനങ്ങളെ തകർത്തത് അദ്ദേഹത്തിന്റെ സർക്കാരാണെന്നും ജയറാം രമേശ് ആരോപിച്ചു.
മോദിയുടെ അവകാശവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമെന്ന രാഷ്ട്രപിതാവ് ഗാന്ധിയുടെ അതുല്യമായ പൈതൃകത്തിനു പ്രചാരം നൽകാൻ ഒരാളുടെയും ആവശ്യമില്ല. മോദി ജനിക്കുംമുൻപ് അഞ്ചു തവണ നൊബേൽ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടയാളാണ് ഗാന്ധി. ബ്രിട്ടന്റെ കോളനിയായതിനാലാണു പുരസ്‌കാരം അദ്ദേഹത്തിനു ലഭിക്കാതെ പോയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
1930കളിൽ ഗാന്ധി നടത്തിയ ലണ്ടൻ, സ്വിറ്റ്സർലൻഡ്, പാരിസ് സന്ദർശനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് കോൺഗ്രസ് മോദിക്ക് മറുപടി നൽകിയത്. ഗാന്ധി പോയിടത്തെല്ലാം ആളുകൾ അദ്ദേഹത്തെ പൊതിയുകയായിരുന്നുവെന്ന് പോസ്റ്റിൽ സൂചിപ്പിച്ചു. ആ സമയത്ത് ലോകത്ത് ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. ഗാന്ധിയും നെഹ്റുവും കാരണമാണ് ഇന്ത്യ ഇപ്പോഴും അറിയപ്പെടുന്നത്. സത്യം-അഹിംസാ തത്വങ്ങളുടെ പേരിൽ അറിയപ്പെട്ടയാളാണ് ഗാന്ധി. അദ്ദേഹത്തെ കുറിച്ചു സംസാരിക്കുമ്പോഴെങ്കിലും സത്യം പറയാൻ ശ്രമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങലിൽ ഈ പ്രസ്താവന നിരവധി ട്രോളുകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. അഭിമുഖത്തിൽ നിസംഗരായി ഇരിക്കുന്ന റിപ്പോർട്ടര്മാരുടെ മുഖഭാവം വരെ ഒപ്പിയെടുത്താണ് ട്രോളുകൾ നിറയുന്നത്.
”വലിയൊരു മഹാത്മാവായിരുന്നു ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടെ അത്തരമൊരു ആഗോള അംഗീകാരം അദ്ദേഹത്തിനു നേടിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആർക്കും അറിയുമായിരുന്നില്ല. ഗാന്ധി ചിത്രം ഇറങ്ങിയ ശേഷമാണ് ആരാണ് അദ്ദേഹമെന്ന് ലോകം കൗതുകപ്പെടുന്നത്. നമ്മൾ ഒന്നും ചെയ്തില്ല.”- എന്നായിരുന്നു മോദി എബിപി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.