പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മൈസൂരുവിലെ ഹോട്ടൽ ബിൽ കർണാടക സർക്കാർ അടക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. കഴിഞ്ഞ വർഷം പ്രോജക്ട്് ടൈഗർ പദ്ധതിയുടെ ഭാഗമായി മൈസുരുവിൽ എത്തിയ പ്രധാന മന്ത്രി ആഡംബര ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിൽ താമസിച്ച് ബിൽ നല്കാത്ത സംഭവം വിവാദമായതോടെയാണ് കർണാടക സർക്കാർ ഇടപെടൽ. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പാരമ്പര്യമാണെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ പദ്ധതി (പ്രോജക്റ്റ് ടൈഗർ) ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ല.
പ്രോജക്റ്റ് ടൈഗർ പദ്ധതിയുടെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി എത്തിയത്. 2023 ഏപ്രിൽ 9,10,11 തിയ്യതികളിൽ ആയിരുന്നു മൈസൂരുവിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയവും ബന്ദിപ്പൂർ കടുവാ സങ്കേതം കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്കായി 6 .33 കോടി രൂപ ചിലവായി. ഇതിൽ 3 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാരും എൻ ടി സി എയും ചിലവഴിച്ചതെന്നും കർണാടക വനം വകുപ്പ് മന്ത്രി വിശദീകരിച്ചു. 10,11 തീയതികളിലാണ് പ്രധാനമന്ത്രി ഹോട്ടലിൽ തങ്ങിയത്.
ഒരു വർഷം പിന്നിട്ടിട്ടും 80.06 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാത്തതിനാൽ ഹോട്ടൽ നിയമനടപടിക്ക് ഒരുങ്ങുന്നതായി അറിയിച്ചിരുന്നു .
ഹോട്ടൽ മാനേജ്‌മെന്റ് സംഘാടകരായ എൻ ടി സി എ യ്ക്കും വനം പരിസ്ഥിതി മന്ത്രാലയത്തിനും ബിൽതുക ആവശ്യപ്പെട്ട് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ കർണാടകയാണ് ബില്ല് തീർപ്പാക്കേണ്ടത് എന്ന മറുപടി ആയിരുന്നു ആണ് ലഭിച്ചത് . കർണാടക വനം വകുപ്പ് പ്രൊജക്റ്റ് ടൈഗർ കേന്ദ്ര സർക്കാർ പദ്ധതിയാണെന്നു ചൂണ്ടിക്കാട്ടി തുക അടയ്ക്കാനും തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് കർണാടക സർക്കാർ തുക അടയ്ക്കാനുള്ള തീരുമാനം എടുത്തത്. പരിപാടിക്ക് മൂന്നു കോടിയാണ് കണക്കാക്കിയതെന്നും പ്രധാന മന്ത്രിയുടെ പരിപാടി കൊഴുപ്പിക്കാൻ കുടുതൽ പരിപാടികൾ ആവിഷ്‌കരിച്ചതായും ആക്ഷേപം ഉണ്ട്.