കേന്ദ്രത്തിൽ ഇന്ത്യ സഖ്യം (India alliance) സർക്കാർ രൂപീകരിക്കുന്നതിന് തങ്ങളുടെ പാർട്ടി പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. (CM Mamata Banerjee).
‘400 കടക്കുക’ എന്ന അതിമോഹമായ തിരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കുന്നതിൽ ബിജെപി പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു. ഹൂഗ്ലി ജില്ലയിലെ ചിൻസൂറയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു പാവയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെന്നു മമത ബാനർജി കുറ്റപ്പെടുത്തി. അമിത ചൂട് കാരണം സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ രണ്ടു മാസം നീണ്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തത് കാവി പാർട്ടിയെ സഹായിക്കാനാണെന്ന് അവർ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പാവയാണ്, മോദിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു. രണ്ടര മാസമായി തിരഞ്ഞെടുപ്പ് നടക്കുന്നു, നിങ്ങൾ (പോൾ ഉദ്യോഗസ്ഥർ) എപ്പോഴെങ്കിലും സാധാരണക്കാരുടെ ബുദ്ധിമുട്ട്്് തിരിച്ചറിഞ്ഞിട്ടുണ്ടോ,’ ബാനർജി ചോദിച്ചു. കള്ളമാരാൽ നിറഞ്ഞ പാർട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു.
പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), യൂണിഫോം സിവിൽ കോഡ് (യുസിസി) എന്നിവ നടപ്പാക്കുന്നതിനെതിരെ തന്റെ പാർട്ടിയുടെ നിലാപാട് ആവർത്തിച്ചു.