ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ്. ഒരു വർഗീയ കക്ഷിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യ വിശ്വാസികളുടെ വോട്ട് മാത്രം മതി. വർഗീയ പ്രചാരണം നടത്തിയാൽ ലാഭം കൊയ്യുക സിപിഐഎം അല്ല, വർഗീയ കക്ഷികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ബംഗാളിലും ത്രിപുരയിലും പോകാതെ ഇന്തോനേഷ്യയിലേക്കാണ് പോയത്. അവിടെ എന്തോ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെ പ്രചരണം നടത്താനാണ് അദ്ദേഹം പോയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ബിജെപിയും എൽഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബിജെപി-സിപിഐഎം നേതാക്കൾ തമ്മിൽ ബിസിനസ് കൂട്ടുകെട്ടുണ്ട്. വൈദേകം റിസോർട്ടിൽ തനിക്കോ ഭാര്യക്കോ ഷെയറുണ്ടെങ്കിൽ അത് വി ഡി സതീശന് തന്നേക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടിപ്പോൾ ഭാര്യക്ക് ഷെയർ ഉണ്ടെന്ന് സമ്മതിക്കുന്നു. ലാവ്‌ലിൻ കേസും മാസപ്പടി കേസും ഒഴിവാക്കാൻ വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് ഇ പി ജയരാജനെ പ്രകാശ് ജാവദേക്കറുടെ അടുത്ത് അയച്ചത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ജയരാജനെ തള്ളിപ്പറയാത്തത്.
അശ്ലീല വീഡിയോ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അദ്ദേഹം മൂന്നാഴ്ച അത് മറച്ചു വെച്ചു. അശ്ലീല വീഡിയോ ചീറ്റിയപ്പോഴാണ് വർഗീയ പ്രചാരണം നടത്തിയത്. കാഫിറെന്ന് വിളിച്ചതിന് തെളിവില്ല. എന്നിട്ടും സ്ഥാനാർത്ഥി തന്നെ അങ്ങനെ വിളിച്ചുവെന്ന് പറയുന്നു. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നും അവസാന നിമിഷം വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ഒരു സ്ഥാനാർത്ഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി. തനിക്ക് പോലും അസൂയയായിപ്പോയെന്നും പിന്നെ സിപിഐഎമ്മിന് ഇല്ലാതിരിക്കുമോ എന്ന് സതീശൻ ചോദിച്ചു.