ഇ.പി ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരവേലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതേണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വിശദീകരണം. സിപിഎം സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടി അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ജയരാജനെ ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണ്.
ഇ.പി ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ നിഷ്‌കളങ്കമായി പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വലിയ പ്രചാരവേലയാണ് നടക്കുന്നത്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ഇ.പിയുടെ തുറന്നുപറച്ചിൽ തെരഞ്ഞെടുപ്പിൽ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞാൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ബിനോയ് വിശ്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും. നന്ദകുമാറുമായി ബന്ധം അവസാനിപ്പിക്കണം എന്ന് ഇ.പിക്ക് നിർദേശം നൽകിയെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടുവെന്ന പ്രസ്താവനയോട് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഗോവിന്ദൻ പറഞ്ഞു.
വടകരയിൽ കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ഗോവിന്ദൻ ആരോപിച്ചു. ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകുന്നതിന് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപച്ചു.