രാമനവമി ഘോഷയാത്രയ്ക്കിടെ (Ram Navami procession) മുസ്ലിം പള്ളിയിലേക്ക് അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബിജെപിയുടെ ഹൈദരാബാദ് ലോക്സഭാ സ്ഥാനാർത്ഥി മാധവി ലതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (വാക്ക്, എഴുത്ത്, ചിഹ്നം, ഇമേജ് എന്നിവ ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെയോ മതവിശ്വാസങ്ങളെയോ മനഃപൂർവം വ്രണപ്പെടുത്തുക) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ബെഗംബസാർ പോലീസ് എഫ്‌ഐആർ രജിസ്ത്രർ ചെയ്തത്്. ഹൈദരാബാദ് ഫസ്റ്റ് ലാൻസർ സ്വദേശി ശൈഖ് ഇമ്രാൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
‘കഴിഞ്ഞ 17 നാണ് സംഭവം. രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്ജിദിനുനേരെയാണ് ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്.
‘അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതും മുഴുവൻ സമൂഹത്തിനും വേദനയും അനുഭവപ്പെടുന്നതുമായിരുന്നു,’ എഫ്‌ഐആറിൽ പറയുന്നു.
ഇതിനെതിരെ എതിർ സ്ഥാനാർഥിയും ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായി ഒവൈസി ശക്തമായി വിമർശിച്ചു. ബിജെപി നഗരത്തിന്റെ സമാധാനം തകർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
‘ബിജെപിയും ആർഎസ്എസും പ്രകോപനപരമായ നടപടികളാണ് കാണിച്ചത്. ഹൈദരാബാദിന്റെ സമാധാനത്തിനായി ബിജെപിയും ആർഎസ്എസും എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും അതിനനുസരിച്ച് നിങ്ങളുടെ വോട്ട് വിനിയോഗിക്കാനും ഞാൻ ഹൈദരാബാദിലെ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. നഗരത്തിന്റെ സമാധാനം തകർക്കാൻ ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നു. . ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, ഇത് നരേന്ദ്ര മോദിയുടെ സബ്കാ സാത്ത് വാഗ്ദാനം ആണോ ? എ്ന്നാണ് ഒവൈസി ചോദിച്ചത്.
എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മാധവി ലത പറയുന്നു.