ദേശീയ വാർത്ത ചാനലായ ഡിഡി ന്യൂസിന്റെ ലോഗോയുടെ കളർ കാവിയാക്കി മാറ്റി. ചുവപ്പ് നിറത്തിലുള്ള ലോഗോയാണ് മാറ്റി കാവിവത്കരിച്ചത്. ലോഗോ മാറ്റം സംബന്ധിച്ച് പോസ്റ്റ് ഡിഡി ന്യൂസ് എക്‌സിൽ പങ്കുവച്ചു. ഡിഡി ന്യൂസിൻറെ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം വന്നിരിക്കുന്നത്. ലോഗോയ്‌ക്കൊപ്പം സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.
‘ഞങ്ങളുടെ മൂല്യങ്ങൾ അതേപടി തുടരുമ്പോൾ, ഞങ്ങൾ പുതിയ അവതാരത്തിൽ ലഭ്യമാകുന്നു. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വാർത്ത യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡിഡി ന്യൂസ് അനുഭവിക്കു’ എന്നാണ് എക്‌സിൽ കുറിച്ചത്. വേഗതയേക്കാൾ കൃത്യതയും അവകാശവാദങ്ങളേക്കാൾ വസ്തുയും സെൻസേഷനലിസത്തേക്കാൾ സത്യവും നൽകാൻ ഡിഡി ന്യൂസിന് സാധിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഡിഡി ന്യൂസിൻറെ സ്റ്റുഡിയോയും സാങ്കേതിക വിദ്യയും ഉൾകൊള്ളുന്ന 53 സെക്കൻഡ് വിഡിയോയ്ക്ക് അവസാനമായാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്.
ലോഗോയ്ക്ക് കാവി നിറം നൽകിയതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റായും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്്. മോദിജിക്ക് കീഴിൽ ഡിഡി ലീഡേഴ്‌സ് പ്രൊപ്പഗൻറ ചാനലായി മാറി. പുതിയ ലോഗോയിൽ അടക്കം ഇത് വ്യക്തമാണ്. മോദി കാ ചാനൽ എന്ന് ട്വിറ്റർ പ്രൊഫൈലിൽ ചേർക്കൂ എന്നിങ്ങനെയാണ് വിമർശനം.