Thursday, December 26, 2024

Top 5 This Week

Related Posts

ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം : അതിരൂപത മുഖപത്രം

കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മനഃപൂർവമാണോ?

പാർലമെന്റ് തിരഞ്ഞെുപ്പിൽ സഭയും വിശ്വാസികളും എന്ത്് നലപാട് സ്വീകരിക്കണമെന്ന വ്യക്തമായ സന്ദേശം നൽകി എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖ പത്രമായ സത്യദീപം, ഇ.ഡി. യുടെ ഇലക്ഷൻ എന്ന തലക്കെട്ടിലാണ് മോദി സർക്കാരിനെ പച്ചയ്ക്ക് എതിർക്കുന്നത്.
ഇ.ഡി. യെ ഉപയോഗിച്ചുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടൽ, ഇലക്ട്രൽ ബോണ്ട് ്അഴിമതി എന്നിവയെല്ലാം ചൂണ്ടികാണിച്ച്് ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം. എന്ന് ഉദ്‌ബോധിപ്പിക്കുന്നു.

മതബോധനത്തിന് അനുബന്ധമായി വർഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മനഃപൂർവമാണോ? ‘പള്ളിയിലെ കാര്യം പള്ളിക്കാർ നോക്കും’ എന്ന് ആക്രോശിക്കുന്നവർ ഉത്തരേന്ത്യയിൽ നൂറു കണക്കിന് പള്ളികൾ സംഘപരിവാർ തകർത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാൻ ഇസ്ലാം വിരുദ്ധതയെ വിഷയമാക്കണമോ? എന്നും കൂടി ചോദിച്ചാണ് മുഖ പ്രസംഗം അവസാനിപ്പിക്കുന്നത്.

മുഖ പ്രസംഗം പൂർണരൂപം

ബി ജെ പി യുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മാറിയെന്ന പ്രതിപക്ഷാരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ രാഷ്ട്രീയം. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്ത് തീഹാർ ജയിലിലടച്ച ഇ ഡി യുടെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ സ്വേച്ഛാധിപത്യശൈലിയെന്ന വിമർശനം ഗൗരവമുള്ളതാണ്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആകെയുള്ള കേസുകളിൽ 95% പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നത് യാദൃച്ഛികമായി കരുതാനാകില്ല. കഴിഞ്ഞ ജനുവരി 31-ന് പ്രതിപക്ഷത്തെ മറ്റൊരു മുഖ്യമന്ത്രി ഹേമ ന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബി ജെ പിയിലെത്തിയാൽ ആരുടെയും അഴിമതിക്കറകൾ കഴുകി മാറ്റപ്പെടുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അശ്ലീലക്കാഴ്ചകൾ ജനാധിപത്യത്തിലെ പുതിയ നടപ്പു രീതിയാകുമ്പോൾ, ഈ തിരഞ്ഞെടുപ്പു പോലും നേരത്തെ ‘നിശ്ചയിച്ചുറപ്പിച്ച’ ഗെയിമെന്ന പ്രതിപക്ഷ വിമർശനം ശരിയാണെന്ന് തെളിയുന്നു. കേജരിവാളിന്റെ അറസ്റ്റിനെതിരെ അമേരിക്ക നടത്തിയ പ്രതികരണത്തെ ശക്തമായി നേരിട്ടത് രാജ്യത്തെ ഉപരാഷ്ട്രപതി നേരിട്ടായിരുന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിച്ചു. ബി ജെ പിയുടെ പ്രതിപക്ഷ മുക്ത രാഷ്ട്രനിർമ്മിതിയിൽ ഉന്നതമായ ഭരണഘടനാപദവികൾ പോലും ദുരുപയോഗിക്കപ്പെടുന്ന അസാധാരണ സാഹചര്യം സമാനതകളില്ലാത്തതാണ്.

വേട്ടയാടൽ രാഷ്ട്രീയം ചില കേസുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടികൾ തെളിയിക്കുന്നുണ്ട്. 2018-19 കാലയളവിൽ നികുതി റിട്ടേൺ നല്കുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് പിഴയും പലിശയും ചേർത്ത് 210 കോടി അടയ്ക്കാനായിരുന്നു ആദായനികുതി വകുപ്പിന്റെ ഉത്തരവ്. തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിനെ സാമ്പത്തികമായി തകർത്ത്, ആത്മവിശ്വാസം ചോർത്തി രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന അരാഷ്ട്രീയ അജണ്ടയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെങ്കിലും ഇടപെട്ടില്ല. ഒടുവിൽ സുപ്രീം കോടതിയിൽ നിന്നാണ് കോൺഗ്രസ് അനുകൂല വിധി നേടിയത്. നിഷ്പക്ഷമായി നേതൃത്വം നല്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദിത്വപരമായ നിലപാടുകൾ നേരത്തെയും വാർ ത്തയായിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള കമ്മീഷനംഗം അരുൺ ഗോയലിന്റെ രാജി വിവാദമായിരുന്നു.

ഇതിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രൽ ബോണ്ടിനെതിരെ സുപ്രീം കോടതി എടുത്ത ശക്തമായ നിലപാടുകൾ ജനാധിപത്യ ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനകളിലെ കള്ളപ്പണ സാധ്യതകൾക്കെതിരായ കരുതൽ നീക്ക മായാണ് 2017-ൽ ഇലക്ട്രൽ ബോണ്ടിനെ ബി ജെ പി അവതരിപ്പിച്ചത്. നിലവിലെ നാലു നിയമങ്ങളിൽ – കമ്പനി നിയമം, ആർ ബി ഐ നിയമം, ജനപ്രാതിനിധ്യ നിയമം, നികുതി നിയമം – ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടുള്ള ബോണ്ട് നിർദേശം 2017-18 ബജറ്റിലെ പ്രധാന പദ്ധതിയായിരുന്നു.

ഇലക്ട്രൽ ബോണ്ടുപയോഗിച്ച് കണക്കില്ലാതെ പണമുണ്ടാക്കാനുള്ള അവസരം പ്രധാന പാർട്ടിയായ ബി ജെ പി ക്കു മാത്രം നല്കുന്ന വിധത്തിലായി രുന്നു നിയമ നിർമ്മാണം. ബോണ്ട് സ്വീകരിക്കാനുള്ള യോഗ്യതയായി, നിശ്ചിത വോട്ട് ശതമാനം എന്ന കടമ്പ കടക്കാൻ അധികം പാർട്ടികൾക്കായില്ല. ആര് ഏതു പാർട്ടിക്കു ബോണ്ട് കൈമാറി എന്നറിയാൻ നിയമത്തിൽ വ്യവസ്ഥയില്ലാതിരുന്നതും കോർപ്പറേറ്റ് ഭീമന്മാർക്ക് ഒന്നാന്തരം ഒളിയിടമൊരുക്കി. ലാഭ വിഹിതത്തിന്റെ 7.5 ശതമാനമേ കൊടുക്കാവൂ എന്ന നിബന്ധനയും ഇല്ലാതായതോടെ, വിദേശത്തു നിന്നുള്ള കള്ളപ്പണം പോലും വെളുപ്പിക്കാനുള്ള അനന്തസാധ്യതകളാണ് ബോണ്ട് തുറന്നിട്ടത്. വഴിവിട്ട് സമ്പാദിച്ച പണം കൊണ്ട് അനുകൂലമായ തീരുമാനങ്ങൾ ക്രമരഹിതമായി സ്വന്തമാക്കാൻ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്ന വലിയൊരു അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന് പണം നല്കിയവരുടെ പരിമിതമായ ലിസ്റ്റ് വിളിച്ചു പറഞ്ഞു. അഴിമതിയെ ഇല്ലാതാക്കുകയല്ല, അതിനെ നൈയാമികമാക്കുകയാണ് ചെയ്തതെന്ന് ബോണ്ട് വിവാദം വെളിച്ചപ്പെടുത്തി.

ഇ ഡി അന്വേഷണം നേരിട്ട കമ്പനികൾ തന്നെയാണ് ബോണ്ടുകൾ വൻ തോതിൽ വാങ്ങിക്കൂട്ടിയതെന്ന വിവരങ്ങൾ പുറത്തു വരുമ്പോൾ അന്വേഷണ ഏജൻസികൾ അഴിമതിയുടെ ഏജന്റുമാരാകുന്ന അസാധാരണ സാഹചര്യം രാഷ്ട്രത്തെ തന്നെയാണ് റദ്ദ് ചെയ്യുന്നത്.

പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ദൂരം ഏതാനും ദിവസ ങ്ങളുടെ മാത്രമായിരിക്കെ, നിഷ്പക്ഷവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് സമ്മതിദായകരുടെ അടിസ്ഥാനാവകാശമാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ അപാകതകളെക്കുറിച്ചുള്ള ആക്ഷേപം രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പല ഘട്ടങ്ങളിൽ ഉന്നയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനങ്ങളിൽ സ്വീകരിച്ച നടപടികളിലും കമ്മീഷനെതിരെ ഗൗരവമായ പരാതികളുണ്ട്. പ്രചാരണ വേദികളിൽ ‘കച്ചത്തീവിനെ’ പ്പോലും ആയുധമാക്കുന്ന ബി ജെ പി ക്ക് ഒരു നോട്ടീസ് നല്കാൻ പോലും കമ്മീഷനായില്ല.

പതിനെട്ടാം ലോക്സഭയ്ക്കായുള്ള ഒരുക്കത്തിൽ ജനാധിപത്യ വിശ്വാസികളുടെ നിതാന്ത ജാഗ്രതയാവശ്യമുണ്ട്. 146 എം പി മാരെയല്ല, പ്രതിപക്ഷ സ്വരത്തെ തന്നെയും സസ്പെൻഡ് ചെയ്ത് നിശ്ശബ്ദമാക്കിയ സഭാചരിത്രം ആവർത്തിക്കപ്പെടണമോ? കുറഞ്ഞ സമയം കൊണ്ട് ചർച്ചകൾ കൂടാതെ കൂടുതൽ ബില്ലുകൾ പാസ്സാക്കിയ സഭയ്ക്ക് തുടർച്ചയുണ്ടാകണമോ? മതബോധനത്തിന് അനുബന്ധമായി വർഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മനഃപൂർവമാണോ? ‘പള്ളിയിലെ കാര്യം പള്ളിക്കാർ നോക്കും’ എന്ന് ആക്രോശിക്കുന്നവർ ഉത്തരേന്ത്യയിൽ നൂറു കണക്കിന് പള്ളികൾ സംഘപരിവാർ തകർത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാൻ ഇസ്ലാം വിരുദ്ധതയെ വിഷയമാക്കണമോ? എല്ലാവരും ഇ ഡി പ്പേടിയിലാവുമ്പോൾ ഇടപെടൽ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles