തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിനെതിരെ എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മതചിഹ്നം ഉപയോഗിച്ചു എന്നതായിരുന്നു സ്വരാജിന്റെ ഹർജി.
ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്നും, താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിൻറെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നും വാദിച്ചു. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ വിവരവും, വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
ഹർജി തള്ളിയ വിധി വിചിത്രം. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്നു എം.സ്വരാജ് . വിശ്വാസികൾക്കിടയിൽ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ ഇനി വിതരണം ചെയ്യപ്പെടാം. ഹൈക്കോടതി അംഗീകരിച്ചെന്നാവും പറയുക. ഇക്കാരണത്താൽ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികളെന്നും എം.സ്വരാജ് പറഞ്ഞു.
ജനകീയ കോടതി വിധിക്കുള്ള അംഗീകാരമാണിതെന്നു എം.എൽ.എ കെ. ബാബു പ്രതികരിച്ചു. ഒരുപാട് പോരാടി നേടിയ തിരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എൽഡിഎഫ് ചിത്രീകരിച്ചുവെന്നും വിജയം അംഗീകരിക്കാൻ തയ്യാറാവണമെന്നും ബാബു പറഞ്ഞു.