‘കേരള സ്റ്റോറി’ സിനിമ ആർഎസ്എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘കേരളത്തിൽ എവിടെയാണ് ‘കേരള സ്റ്റോറി’യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് ‘കേരള സ്റ്റോറി’. സിനിമ പ്രദർശിപ്പിച്ചതിൽ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി
‘കേരളത്തെ ഒരു വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. അത് പ്രദർശിപ്പിക്കുന്നതിന് പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ആർഎസ്എസ് കെണിയിൽ വീഴരുത്. രാജ്യത്ത് ആർഎസ്എസിനു കൃത്യമായ അജണ്ടയുണ്ട്. ആഭ്യന്തര ശത്രുക്കളെ ഇല്ലാതാക്കുക എന്നാണ് ആർഎസ്എസ് പറയുന്നത്. രാജ്യത്തെ ന്യൂനപക്ഷത്തിൽ പ്രബലരെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ് അവർ ശത്രുക്കളായി കാണുന്നത്. ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയത് ആർഎസ്എസ് അതുപോലെ രാജ്യത്ത് നടപ്പാക്കുന്നു. ഓരോ ഘട്ടത്തിൽ ഓരോ വിഭാഗത്തിന് നേരെ തിരിയുന്നു, മണിപ്പൂരിൽ അതാണ് കണ്ടത്’. മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി, തലശേരി രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി. താമരശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.