ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കുനേരെ ബിജെപി അതിക്രമം. വീടിനു മുൻപിലെ സെക്യൂരിറ്റി ഉപകരണങ്ങളും സിസിടിവി ക്യാമറകളും അടിച്ചുതകർത്തു. വീടിൻറെ ഗെയ്റ്റിന് കാവി പെയിൻറടിക്കുകയും ചെയ്തു. കെജ്‌രിവാൾ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ കെജ്‌രിവാളിൻറെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി.ജെ.പി നീക്കമെന്ന് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ. ് പൊലീസിൻറെ സാന്നിധ്യത്തിലാണ് ബി.ജെ.പി ഗുണ്ടകൾ കെജ്‌രിവാളിൻറെ വസതിയിലെത്തിയത്. ഇതിനെ രാഷ്ട്രീയ പ്രതിഷേധമെന്ന് പറയുന്നത് ശരിയല്ല. ഇത് ശരിക്കും ക്രിമിനൽ കേസാണെന്നും സിസോദിയ പറഞ്ഞു. ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ വീട്ടിൽ എത്താൻ അനുവദിച്ചതിലൂടെ ഡൽഹി പൊലീസ് അക്രമത്തിന് സൗകര്യമൊരുക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു.
സംഭവം നടക്കുമ്പോൾ കെജ്‌രിവാൾ വസതിയിലുണ്ടായിരുന്നില്ല. അക്രമം നടത്തിയ എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു.