കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.
ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയകാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. ട്രെയിലറിൽ 32,000 സ്ത്രീകൾ’ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്.
അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വർഗ്ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.