ദൃശ്യവിരുന്നൊരുക്കി ഇടക്കുളങ്ങര ക്ഷേത്രം ഉത്സവ നഗരിയിലെ പ്രകാശഗോപുരം
കരുനാഗപ്പള്ളി: വൈദ്യുത ദീപാലങ്കാരത്തിന്റെ പുത്തൻ ദൃശ്യവിരുന്നൊരുക്കി ഇടക്കുളങ്ങര ക്ഷേത്രോത്സവ നഗരിയിലെ പ്രകാശഗോപുരം ശ്രദ്ധേയമാകുന്നു. ഇടക്കുളങ്ങര ശ്രീദേവി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മെഗാ കാർണിവൽ ഭാഗമായാണ് ക്ഷേത്ര ഭരണം സമിതിയുടെ മേൽനോട്ടത്തിൽ പ്രകാശഗോപുരം ഉയർന്നത്. നൂറിൽ പരം ഡിസൈനുകൾ മാറിമാറി വർണ്ണ പ്രഭ ചൊരിയുന്ന ഈ ഗോപുരം കാണുവാൻ നാടിന്റെ നാനാഭാഗത്തുനിന്നും വലിയ ജനസഞ്ചയമാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. കരുനാഗപ്പള്ളിയിൽ ആദ്യമായാണ് ഇങ്ങനെയൊരു വർണ്ണ വിസ്മയം.മെഗാ കാർണിവൽ കാണുവാനും ക്ഷേത്ര മൈതാനിയിൽ ഒരുക്കിയിരിക്കുന്ന രണ്ട് സ്റ്റേജുകളിലായി നടക്കുന്ന വിവിധ കലാപരിപാടികൾ ആസ്വദിക്കുവാനും നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി മാറിക്കഴിഞ്ഞതാണ് ഇടക്കുളങ്ങരയിലെ ഉത്സവ പരിപാടികൾ. പാലക്കാട് മണ്ണാർക്കാട് ഉള്ള സംഘാംഗങ്ങളാണ് ഈ പ്രകാശഗോപുരത്തിന്റെ ശില്പികൾ. ഉത്രാളക്കാവിലെ പൂരം സന്ദർശിക്കുവാൻ പോയ ക്ഷേത്ര ഭരണസമിതി അംഗങ്ങളാണ് ഇത്തരത്തിൽ ഒരു ഗോപുരം അവിടെ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് ഇത് ഇടക്കുളങ്ങരയിൽ എത്തിക്കുക എന്ന ആശയം ഉടലെടുക്കുവാൻ കാരണമായത്. ഏപ്രിൽ 9 അശ്വതി മഹോത്സവത്തോടുകൂടി ഉത്സവം സമാപിക്കും എങ്കിലും ജനത്തിരക്കുകൾ കണക്കിലെടുത്ത് മെഗാ കാർണിവൽ ഏപ്രിൽ 14 വരെ നീട്ടിയിട്ടുണ്ട്.