പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
മൂന്നു വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും കാറുമാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദൻ. ഗുരുതരമായി പരിക്കേറ്റ സദനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.