നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്”. വായനക്കാർ മനപ്പാഠമാക്കി ഉരുവിട്ട് ഏറ്റെടുത്തതാണ് ആടുജീവിതം എന്ന നോവലിൽ ബെന്യാമിൻ എഴുതിയ ഈ വാചകം. പുസ്തകം വായിച്ചപ്പോൾ അവിശ്വസനീയം എന്നു നാം കണ്ണുമിഴിച്ച നജീബിന്റെ ജീവിതം സിനിമയിലൂടെ ഇപ്പോൾ മലയാളിയുടെ കാഴ്ചാനുഭവമായി മാറുകയാണ്. ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ഒരു നോവലിനെ സാഹിത്യാംശം ഒട്ടും ചോരാതെ സിനിമയാക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആടുജീവിതം പുറത്തു വന്ന് പതിനാറു വർഷങ്ങൾക്കു ശേഷം, സിനിമയാകുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവമായി മാറുകയാണ്. സംവിധായകൻ ബ്ലെസിയുടെയും പ്രിഥ്വിരാജ്, അമലാപോൾ തുടങ്ങി അഭിനേതാക്കളുടെയും കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സിനിമയായി ചിത്രം പ്രേക്ഷകരുടെ അംഗീകാരം നേടുകയാണ്.
പത്തനംതിട്ട മണ്ഡലം സെക്രട്ടറി പത്മകുമാറും പാർടി ഏരിയാ സെക്രട്ടറി സഞ്ജുവും പിന്നെ എന്നോടൊപ്പം ഉണ്ടാകാറുള്ള ടീമും പത്തനംതിട്ടയിലെ ട്രിനിറ്റി തിയേറ്ററിൽ ആട് ജീവിതം കാണാൻ പോയി. മേരിലാൻഡ് സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകളുടെ കുടുംബത്തിന്റേതാണ് തിയേറ്റർ. ഞങ്ങളെ സ്വീകരിക്കാൻ ഉടമസ്ഥൻ പ്രസാദും മകൻ ശിവകുമാറും ഉണ്ടായിരുന്നു. പണ്ട് ട്രിനിറ്റി പ്രസാദിന്റെ ട്യൂട്ടോറിയൽ കോളേജ് ആയിരുന്നു. ഇപ്പോൾ അത് ഒരു ആധുനിക തിയേറ്റർ ആണ്.
ലൈറ്റുകൾ ഓഫാക്കിയ ശേഷമേ തിയേറ്ററിലേക്ക് കടന്നിരുന്നുള്ളൂ. പക്ഷേ, കാപ്പിയും കൈരളിയും എത്തിയതോടെ ആളുകൾ ഇരുട്ടിലും തിരിച്ചറിഞ്ഞു. ഒത്തിരിപേർ സെൽഫിയെടുക്കാനും മറ്റും ഇന്റർവെൽ സമയത്ത് വന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് ഇരുട്ടിനിടയിൽ വന്ന് കൈതന്ന് ബെസ്റ്റ് വിഷസ് പറഞ്ഞ് തിരിഞ്ഞുപോയൊരു കൊച്ചുകുട്ടിയാണ്.
ബ്ലസിയും നജീബും ബന്യാമനും തമ്മിലുള്ള ഒരു സംവാദം മൈഗ്രേഷൻ കോൺക്ലേവിന്റെ സാംസ്‌കാരിക സായാഹ്നത്തിൽ ഉണ്ടായിരുന്നു. നിറഞ്ഞ സദസ്സായിരുന്നു. ഔപചാരികമായ പ്രചാരണ ലോഞ്ച് ആരംഭിച്ചിട്ടില്ലാത്തതിനാൽ ഞങ്ങൾ അന്ന് അത് ആഘോഷിച്ചില്ല. ആ ചടങ്ങിന്റെ രണ്ട് ചിത്രങ്ങളാണ് ആദ്യം കൊടുത്തിരിക്കുന്നത്.
ഹൗസ് ഫുൾ. ഞങ്ങൾക്ക് 11 പേർക്കേ ടിക്കറ്റ് കിട്ടിയുള്ളൂ. ബെന്യാമിൻ – ബ്ലെസി – പ്രിഥ്വിരാജ് കൂട്ടുകെട്ടിനും ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച മുഴുവൻ പേർക്കും എന്റെ ആശംസകൾ. പുസ്തകം പോലെ സിനിമയും സൂപ്പർ ഹിറ്റായി മാറട്ടെ.