കാസർകോട് ചൂരിയിലെ മദ്‌റസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയും കോടതി വെറുതെ വിട്ടു. കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വെറുതെ വിട്ടത്.
2017 മാർച്ച് 20ന് പുലർച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നുദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ ജയിലിൽ തന്നെയാണ് കഴിയുന്നത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.
ഡി.എൻ.എ പരിശോധന ഫലമടക്കം രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നാണ് പ്രോസിക്യൂഷന്ർ ഭാഗം പറയുന്നത്.. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്.
പ്രതികളെ വെറുതെവിട്ട കോടതി വിധി അത്ഭുതകരമെന്ന് പ്രോസിക്യൂഷൻ. റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
കോടതി വിധിക്കെതിരെ മേൽകോടതി സമീപിക്കും. മേല്#കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിചാരണവേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരാണ്. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോർ സൈക്കിൾ മകൻറേതാണെന്ന് മൂന്നാം പ്രതിയുടെ അമ്മ പറഞ്ഞിട്ടുണ്ട്.
റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയിൽ നിന്നുള്ള ഫൈബർ കണ്ടൻറ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ഉൾപ്പെടെ ശക്തമായ തെളിവുകളുമുള്ള കേസിലെ പ്രതികളെ വെറുതേ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും, തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ല, അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.