ഗുണ്ടാ നിയമ പ്രകാരം ജയിലിൽ ആയിരുന്ന മുൻ എംഎൽഎ മുക്താർ അൻസാരിയുടെ ദുരൂഹമരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനും യു.പി ബാന്ദയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗരിമ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല.
ജയിൽ അധികൃതരുടെ ഒത്താശയോടെ തുടർച്ചയായി കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ വിഷം നൽകിയാണ് മുക്താർ അൻസാരിയെ കൊലപ്പെടുത്തിയതെന്ന് മകൻ ഉമർ അൻസാരിയും മുക്താറിന്റെ സഹോദനും ബിഎസ്പി എംപി അഫ്സൽ അൻസാരിയും ആരോപിച്ചിരുന്നു.
കനത്ത ഛർദ്ദിയും വയർ വേദനയും കാരണം ് അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ജില്ലാ ജയിലിൽ നിന്ന് വ്യാഴാഴ്ച റാണിദുർഗവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് അധികൃതർ പറയുന്നത്.
63 കാരനായ മുക്താർ അൻസാരി മൗ സദർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ബി.എസ്.പി ടിക്കറ്റിലടക്കം അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഏകദേശം 60 ഓളം കേസുകളിൽ മുക്താർ അൻസാരി പ്രതി പട്ടികയിലുണ്ട്.
അതേസമയം വിഷം കലർത്തിയ ഭക്ഷണമാണ് തനിക്ക് നൽകിയതെന്ന് മുക്താർ അൻസാരിയും കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. വിഷം കലർത്തിയ ഭക്ഷണമാണ് തനിക്ക് നൽകിയതെന്നും കഴിച്ചതിന് പിന്നാലെ ശരീരമാസകലം വേദനിക്കാൻ തുടങ്ങിയെന്നും മാർച്ച് 20 ന് വിഡിയോ കോൺഫറൻസിലുടെ മുക്താർ അൻസാരി കോടതിയെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ വിഷം നൽകിയെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിക്കുകയായിരുന്നു.
40 ദിവസത്തിനുള്ളിൽ രണ്ട് തവണയെങ്കിലും വിഷം ഉള്ളിൽചെന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാർച്ച് 21 ന് ബരാബങ്കി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ, മാർച്ച് 19 ന് അത്താഴ സമയത്ത് തനിക്ക് ജയിലിൽ നൽകിയ ഭക്ഷണത്തിൽ വിഷം കലർന്നതായി അൻസാരി ആരോപിച്ചു.
മാർച്ച് 20 ന് പ്രത്യേക ജഡ്ജി കമൽ കാന്ത് ശ്രീവാസ്തവ – അൻസാരിയുടെ അപേക്ഷ പരിഗണിച്ച് ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് മാർച്ച് 29 നകം റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചിരുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ആദ്യം കൈകാലുകളിലും പിന്നീട് ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലും വേദന അനുഭവപ്പെട്ടതായും അൻസാരി പറഞ്ഞു.
”എന്റെ കൈകളും കാലുകളും തണുത്തു. ഒപ്പം ഞാൻ മരിക്കാൻ പോകുന്ന പോലെ തോന്നി. എനിക്ക് അസ്വസ്ഥത തോന്നി. അതിനുമുമ്പ് എന്റെ ആരോഗ്യം പൂർണമായിരുന്നു,” അൻസാരി തന്റെ അപേക്ഷയിൽ പറഞ്ഞു.
അതിന് മുമ്പ് തനിക്ക് ഭക്ഷണത്തോടൊപ്പം സ്ലോ വിഷം നൽകിയതായും അദ്ദേഹം ആരോപിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അത് രുചിച്ചുനോക്കിയിരുന്ന ജയിൽ അംഗങ്ങൾ ഉൾപ്പെടെയുള്ള ചില ജയിൽ അംഗങ്ങൾക്കും അസുഖം അനുഭവപ്പെട്ടതിനാൽ അവരെയെല്ലാം ചികിത്സിക്കേണ്ടിവന്നു, അൻസാരി തന്റെ രണ്ട് പേജുള്ള അപേക്ഷയിൽ ആരോപിച്ചു.
സംഭവം അന്വേഷിക്കാൻ കോടതി നിർദേശിക്കണമെന്നും തന്റെ ചികിത്സയ്ക്കായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അൻസാരി ്‌പേക്ഷിച്ചിരുന്നു. ”ജയിലിൽ എന്റെ ജീവന് ഭീഷണി വർദ്ധിച്ചു. എനിക്ക് എപ്പോൾ വേണമെങ്കിലും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സംഭവിക്കാം,” അൻസാരി പറഞ്ഞു,
അപേക്ഷയിൽ പരഗണിച്ച ജഡ്ജി ശ്രീവാസ്തവ, ജയിൽ മാനുവൽ പ്രകാരം അൻസാരിക്ക് മതിയായതും ശരിയായതുമായ മെഡിക്കൽ പരിശോധനയും മെഡിക്കൽ സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ദ ജില്ലാ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചു.
അൻസാരിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജയിൽ ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ സൂപ്രണ്ടിന് മാർച്ച് 29 വരെ സമയം അനുവദിച്ചു. ഇതിനിടെ അൻസാരിയെ ബന്ദ ജയിലിൽ വച്ച് വധിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കാണിച്ച് അൻസാരിയുടെ മകൻ ഉമർ അൻസാരി കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു .
അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസുകാരുടെ മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഉമർ ഹർജിയിൽചൂണ്ടികാണിച്ചിരുന്നു. എന്നാൽ അൻസാരിക്ക് ജയിലിൽ സർക്കാർ സുരക്ഷ ഉറപ്പ് നൽകി
മാർച്ച് 26 ചൊവ്വാഴ്ച, വയറുവേദനയെ തുടർന്ന് .
രാത്രിയിൽ ആരോഗ്യനില വഷളാകുകയും ടോയ്ലറ്റിൽ വീഴുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതെന്ന് യുപി ജയിൽ വകുപ്പ് അറിയിച്ചു. .ഒമ്പത് ഡോക്ടർമാരുടെ സംഘം പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല, ‘ഹൃദയസ്തംഭനം’ കാരണം അദ്ദേഹം മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.
2024 ജനുവരി 16 ന്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും പ്രശാന്ത് കുമാർ മിശ്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, അൻസാരിയുടെ സുരക്ഷ ഉറപ്പാക്കാൻ യുപി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
കിഴക്കൻ യുപിയിലെ മൗ സദർ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ ആദിത്യനാഥ് സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു. അൻസാരിക്കും കുടുംബത്തിനും അനുയായികൾക്കുമെതിരെ പോലീസ് നിരവധി കേസുകൾ ചാർജ് ചെയ്തു. സംസ്ഥാന സർക്കാർ മുഖ്താറിനെ ‘ഗുണ്ടാസംഘം’ തലവനായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.
അൻസാരിയുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് വിവിധ ഘട്ടങ്ങളിൽ ഏറ്റുമുട്ടലുകളിൽ വെടിവച്ചു കൊല്ലുകയും ചെയ്തു. അദ്ദേഹവുമായി ബന്ധപ്പെട്ട 292 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കൂട്ടാളികളിൽ 164 പേർക്കെതിരെ ഗുണ്ടാ ആക്റ്റിന് കീഴിലും ആറ് പേർ ദേശീയ സുരക്ഷാ നിയമത്തിലും 67 പേർ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുകയും 60 കൂട്ടാളികളെ അവരുടെ ജില്ലകളിൽ നിന്ന് പുറത്താക്കുകയും 186 പേരെ അറസ്റ്റ് ചെയ്യുകയും 175 ആയുധ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു. ഒടുവിലാണ് അൻസാരിയടെ ദൂരൂഹ മരണവും സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന്് എസ്.പി. നേതാവ് അഖിലേഷ്് യാദവും ബിഎസ്പി നേതാവ് മായാവതിയും ആവശ്യപ്പെട്ടു.