ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന് യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് അമേരിക്ക. ഉടൻ വെടിനിർത്തൽ പ്രമേയം ഇസ്രയേലിനു വേണ്ടി നിരന്തരം വീറ്റോ ചെയ്തിരുന്ന ്അമേരിക്ക ഇത് ആദ്യമായാണ് വെടിനിർത്തൽ ആവശ്യവമായി രംഗത്തുവരുന്നത്.
മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണത്തിനും മുക്കാൽ ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ യുദ്ധത്തിനു അറുതി വരുത്താനുള്ള മാധ്യസ്ഥ ചർച്ചകളെല്ലാം പരാജയപ്പെട്ടിരിക്കെയാണ് ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക വെടിനിർത്തൽ പ്രമേയവുമായി വരുന്നത്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിൻറെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് പറയുന്നു.
ഇതിനിടെ യുഎസ് കരട് പ്രമേയത്തിൽ യുഎൻ വോട്ടെടുപ്പിന് മുന്നോടിയായാണ് ആന്റണി ബ്ലിങ്കെൻ ഇസ്രായേലിലെത്തിയത്. തുടർന്ന് അദ്ദേഹം പശ്ചിമേഷ്യൻ നേതാക്കളെയും കാണും. യുദ്ധം തുടങ്ങിയ ശേഷം ആറാം തവണയാണ് ബ്ലിങ്കൻ നേതാക്കളെ കാണുന്നത്. ഇസ്രായേലിന് യുദ്ധത്തിനു എല്ലാം ആയുധ സഹായവും നൽകി മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പുതിയ സന്ദർശനത്തിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഗസ്സയിലെ 1.1 ദശലക്ഷം ആളുകൾ കടുത്ത പട്ടിണിയിലാണെന്ന യുഎൻ പിന്തുണയുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗം വിലയിരുത്തുന്നു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് യൂറോപ്യൻ യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള കരയാക്രമണത്തിൽ നിന്ന് പിന്തിരിയാനും ഇ.യു നേതാക്കൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.ഇതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിൻറെ അമേരിക്കൻ പര്യടനം കൂടുതൽ ആയുധങ്ങൾ തേടാനാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.