ന്യൂഡൽഹി: ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സുപ്രിംകോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്തത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസീൻസ്, സ്റ്റാൻഡ് അപ് കൊമീഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ ന്ൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് വസ്തുതാ പരിശോധന നടത്താനുള്ള ഉത്തരവാണ് മരവിപ്പിച്ചത്.
ഓൺലൈൻ വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് 2023-ലെ ഭേദഗതിചെയ്ത ഐ.ടി ചട്ടങ്ങൾ പ്രകാരം അനുമതി നൽകുന്ന വ്യവസ്ഥയ്ക്ക് എതിരായ ഹർജികൾ ബോംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഭരണഘടനപരമായി ഗൗരവമേറിയ വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യുകയാണ് സുപ്രിം കോടതി ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക്, എക്‌സ്( ട്വിറ്റർ) തുടങ്ങിയ എല്ലാ സാമൂഹമാധ്യമങ്ങളിലും വരുന്ന വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങളെ വ്യാജ വാർത്തയെന്നോ തെറ്റിദ്ധരിപ്പിക്കുന്നതെന്നോ ലേബൽ ചെയ്യാൻ അതോറിറ്റിക്ക് അധികാരമുണ്ടാകുമെന്നും സോഷ്യൽ മീഡിയ സൈറ്റുകൾ ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യേണ്ടി വരുമെന്നും നിർദേശമുണ്ടായിരുന്നു.