അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കം എട്ട് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു
പാലക്കാട് :
പാടൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പണിമുടക്ക് ദിവസം ജോലിക്കെത്തിയവര്‍ക്ക് പണിമുടക്കനുകൂലികളുടെ മര്‍ദ്ദനം. അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കം എട്ട് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. ഓഫീസ് ഫര്‍ണ്ണിച്ചറുകള്‍ നശിപ്പിച്ചു.സംഭവത്തില്‍ സി.പി.എം. പാടൂര്‍ ലോക്കല്‍ സെക്രട്ടറി പി.സി.പ്രമോദിനെതിരേയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ആറ് ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി പണിമുടക്ക് അനുകൂലികള്‍ കെ.എസ്.ഇ.ബി.
ഓഫീസിലേക്ക് എത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു.
ഓഫീസില്‍ ഉണ്ടായിരുന്ന അസി.എഞ്ചിനീയര്‍ കുഞ്ഞുമുഹമ്മദ് (56), ഓവര്‍സിയര്‍ മനോജ് (44), ലൈന്‍മാന്‍മാരായ നടരാജന്‍ (40), അറുമുഖന്‍ (40), വര്‍ക്കര്‍മാരായ കുട്ടപ്പന്‍ (39), രാമന്‍കുട്ടി (58), അഷറഫ് അലി (40), അപ്രന്റിസ് സഞ്ജയ് (21), താല്‍ക്കാലിക ജീവനക്കാരന്‍ നന്ദന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പ്രമോദ്, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്നവര്‍ക്കൊപ്പം കെ.എസ്.ഇ.ബി. ജീവനക്കാരായ ആന്റോ കണ്ണന്‍, സുരേഷ് എന്നിവരും ഉണ്ടായിരുന്നതായി മര്‍ദ്ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനും ഓഫീസ് സാമഗ്രികള്‍ക്ക് കേടുപാട് വരുത്തിയതിനും ജീവനക്കാരെ മര്‍ദ്ദിച്ചതിനുമാണ് പോലീസ് കേസെടുത്തത്.സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ, ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ. എം.ആര്‍.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
സി.ഐ.ടി.യു.യൂണിയനില്‍ നിന്ന് അടുത്തിടെ ഐ.എന്‍.ടി.യു.സി.
യൂണിയനിലേക്ക് മാറിയവരാണ് മര്‍ദ്ദനമേറ്റവരില്‍ അഞ്ചു പേര്‍.ഒരാള്‍ ബി.എം.എസുകാരനാണ്. ഇടതുപക്ഷ യൂണിയന്‍ അനുഭാവിയാണ് അസി.എഞ്ചിനീയര്‍ .
തിങ്കളാഴ്ച 13 പേര്‍ ജോലിക്ക് എത്തിയിരുന്നു. പണിമുടക്ക് അനുകൂലികള്‍ അന്ന് രാവിലെയും ഭീഷണിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാത്രി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.