ഗിരീഷ് ആനന്ദ്
പച്ചയുടുപ്പിട്ട് , പ്രകൃതിയിലെ ശോഷിച്ചു വരുന്ന പച്ചപ്പിനെ, ജലസ്ത്രോതസ്സുകളെ സംരക്ഷിക്കുവാൻ പ്രൊഫ.ടി. ശോഭീന്ദ്രൻ ഇനി നമ്മോടൊപ്പമില്ല. പക്ഷെ അദ്ദേഹത്തിന്റെ പാത പിന്തുടരുവാൻ ഒരുപറ്റം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചു കൊണ്ടാണ് യാത്ര – സഫലമായ യാത്ര …
പ്രകൃതിയെ ജീവനോളം സ്നേഹിച്ച്, പരിസ്ഥിതിയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ശോഭീന്ദ്രൻ മാഷിന്റെ ആത്മസമർപ്പണത്തിന്റെ അടയാളങ്ങളാണ് പലയിടങ്ങളിലുമായി ദർശിക്കാനാവുന്നത്. അവ, മരങ്ങളായും വനങ്ങളായും കുളങ്ങളായും നമുക്കു ചുറ്റും ഹരിതാഭ പകർന്ന് നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയെ
നെഞ്ചോട് ചേർത്തുകൊണ്ട് സാമൂഹിക ഐക്യം സൃഷ്ടിക്കുന്ന പ്രവർത്തന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. സ്നേഹ നിധിയായ അധ്യാപകനായും, പരിസ്ഥിതി – സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകനായും പച്ചയോടെ നിറഞ്ഞു നിന്ന നന്മമരം. ഈ നന്മമരത്തിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കുവാൻ ഭാഗ്യമുണ്ടായെന്നത് ഈ എളിയ ലേഖകന്റെ ജന്മപുണ്യം. (കോഴിക്കോട് സാമൂരിയൻസ് ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലം നൽകിയ അനുഗ്രഹീത നേട്ടം)
നേരിന്റെയും നെറികേടിന്റെയും ജീവിത കഥകൾ പച്ചയോടെ വിവരിച്ചു കൊണ്ട് ഒരുപറ്റം യുവാക്കളെ അദ്ദേഹം തന്നോടൊപ്പം പ്രകൃതിയിലേക്കിറക്കി. മറ്റൊരുവിധം പറഞ്ഞാൽ, മരങ്ങളും ജലാശയങ്ങളും പക്ഷിമൃഗാദികളെ ആകർഷിക്കുംപോലെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അത്തരമൊരു കൂട്ടായ്മയിലൂടെ വഴിയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുവാനും , തണ്ണീർത്തടങ്ങൾ നിർമ്മിച്ച് കാത്തുസൂക്ഷിക്കുവാനും അദ്ദേഹം നേതൃത്വം നൽകി.
ഇത്തരം കാര്യങ്ങളിൽ മാത്രമായിരുന്നില്ല ശോഭീന്ദ്രൻ മാഷിന്റെ ശ്രദ്ധ പതിഞ്ഞിരുന്നത്. ഗ്രീൻ വേൾഡ് പ്രസ്ഥാനം വഴി കോഴിക്കോട് ജില്ലയിലെ വേങ്ങേരി എന്ന ഗ്രാമത്തെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർ ജനത്തിലൂടെ സംസ്കരിച്ചെടുക്കുന്നതിലും അദ്ദേഹത്തിന്റെ സേവനം നിസ്തുലമാണ്. റോഡിലെ കുണ്ടും കുഴികളുംതൊട്ട് പല രീതിയിലും നാശം സംഭവിക്കുന്ന പുഴകളുടെ നവീകരണത്തിൽ വരെ ആ പ്രകൃതിസ്നേഹി അക്ഷീണം പ്രയത്നിച്ചു.
കോഴിക്കോട് സാമൂരിയൻസ് ഗുരുവായൂരപ്പൻ കോളേജ് അധ്യാപനകാലം – ചേതോഹരമായ കുന്നിൻ മുകളിൽ തല ഉയർത്തി ക്കൊണ്ട് ഒരു ബുദ്ധപ്രതിമയുണ്ടായിരുന്നു ചെറിയ ഉരുളൻ കല്ലുകൾ കൊണ്ട് നിർമ്മിച്ച കമനീയ ശില്പം. ഒരുനാൾ സാമൂഹ്യ വിരുദ്ധരാൽ ബുദ്ധശിരസ്സ് ഛേദിക്കപ്പെട്ടു. ആ ബുദ്ധ ശിരസ്സ് പുനർനിർമ്മിക്കും വരെ ശോഭീന്ദ്രൻ മാഷ് നടത്തിയ സമരം വിദ്യാർത്ഥികൾ ഉൾപ്പെടെ ഏവരുടെയും ഓർമ്മകളിൽ തിളക്കമാർന്ന നക്ഷത്രമാണ്.
ഹരിതാഭം വിടർത്തുന്ന പച്ച ഷർട്ടും, പാന്റ്സും, തൊപ്പിയും (പ്രൗഢമായ വെള്ള താടിയൊഴികെ) ധരിച്ച് ബുള്ളറ്റിൽ കറങ്ങുന്ന ശോഭീന്ദ്രൻ മാഷിന്റെ ആ പട്ടാളവേഷ ധാരണത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാരനിൽ നിന്ന് അന്നു ലഭിച്ച “പച്ചവേഷ” സമ്മാനം പിന്നീട് അദ്ദേഹം ജീവിതാവസാനം വരെ തുടരുകയായിരുന്നു.
ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, ജോയ് മാത്യൂവിന്റെ ഷട്ടർ തുടങ്ങി ചില ചിത്രങ്ങളിൽ വേഷമിട്ട ശോഭീന്ദ്രൻ മാഷ് , അങ്കിൾ എന്ന സിനിമയിലെ പരാമർശത്തിലൂടെ (കാട്ടുമൃഗങ്ങൾക്ക് വെള്ളം കുടിക്കുവാനായി ശോഭീന്ദ്രൻ മാഷിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നിർമ്മിക്കപ്പെട്ട കുളം തേടിയുള്ള യാത്ര) അഭിനയിക്കാതെ തന്നെ തന്റെ സാന്നിധ്യം അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡും, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. എങ്കിലും പ്രകൃതി സ്നേഹികളുടെ മനസ്സിൽ നിന്നും നിർലോഭം ലഭിച്ച പിന്തുണയും സ്നേഹവും ആദരവുമാണ് ശോഭീന്ദ്രൻ മാഷിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പുരസ്ക്കാരം എന്നു പറയാം.