മൂവാറ്റുപുഴ : മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി 1973 എസ്.എസ്.എൽ.സി. ബാച്ചിന്റെ സുവർണ ജൂബിലിയാഘോഷം സംഘടിപ്പിച്ചു. ജീവിത യാത്രയിൽ ലോകത്തിന്റെ നാനാദിക്കുകളിൽപ്പെട്ടുപോയ 40 ഓളം പേരാണ് കുടുംബ സമേതം പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തത്. അരനൂറ്റാണ്ടിനു ശേഷം ഒത്തു ചേർന്നപ്പോൾ ഒരുപാട് ഓർമകൾ അവർക്കു പങ്ക് വയ്ക്കാനുണ്ടായിരുന്നു. സ്‌കൂളിൽനിന്നും പോയ ശേഷം ആദ്യമായാണ് ഭൂരിപക്ഷം പേരും നേരിൽ കാണുന്നത്. ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുമ്പോൾ എസ്.എസ്.എൽ.സി പഠിക്കുമ്പോഴുള്ള തെളിമയാർന്ന ചിത്രം സ്‌ക്രീനിൽ തെളിഞ്ഞത് സന്തോഷം ഇരട്ടിപ്പിക്കുന്നതായി. സ്‌കൂളിൽ നിന്നു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ശേഖരിച്ച് സ്റ്റുഡിയോയിൽകൊടുത്ത് മികവുറ്റതാക്കിയാണ് സംഘാടകർ വേറിട്ട അനുഭവം സൃഷ്ടിച്ചത്.
പഴയ കാല ഗുരു ശിഷ്യബന്ധവും, ചൂരൽവടിയാൽ നിയന്ത്രിക്കുന്ന അച്ചടക്കവും, പഠന പരീക്ഷയിലെ കടമ്പകളും എല്ലാം പലരും ഓർത്തെടുത്തു. സ്‌കൂൾ ഫീസ് പണമായി അടയ്ക്കണമെന്നു നിർബന്ധമില്ലാത്ത കാലത്ത്് നെല്ലും അരിയും മറ്റുമായി രക്ഷിതാക്കൾ മാസാവസാനം സ്‌കൂൾ ഓഫീസിനുമുന്നിൽ എത്തുന്നതും, ക്ലാസിലെ രസകരമായ അനുഭവവും വരെ വിവരിച്ചു.
അന്നത്തെ അടിയുടെ പാടുകൾ ഇന്നും പുറത്തുകാണുമെന്ന് ചിലർ ശിക്ഷയെ അനുസമരിച്ചപ്പോൾ, ചടങ്ങിൽ ആദരം ഏറ്റുവാങ്ങുന്ന അധ്യാപകൻ പഠിക്കാത്തവർക്കും കടുത്ത അടികൊടുക്കണമെന്ന് നിർദേശിച്ചാണ് അന്നു പ്രിൻസിപ്പൽ ക്ലാസിലേക്ക് വിടുന്നതെന്ന് ഓർമിച്ചു. അടിക്കുമ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും തങ്ങളുടെ കുട്ടികൾ ഉന്നത നിലയിൽ എത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും പറഞ്ഞു. യുറോപ്പ്, അമേരിക്ക, ഗൽഫ്, തുടങ്ങിയ രാജ്യങ്ങളിൽ ജോലിയും താമസക്കാരുമായവർവരെ സംഗമത്തിനെത്തി. ചിലർ മക്കളും കൊച്ചുമക്കളുമായാണ് എത്തിയത്. ഇതിനകം മരിച്ചുപോയ അധ്യാപകരെയും, സഹപാഠികളെയും അനുസ്മരിച്ചു.
യോഗത്തിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ് ഷാജി കെ. ജോസഫ് അദ്ധ്്യക്ഷത വഹിച്ചു. നിർമല ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തംകുളം മുഖ്യാതിഥിയായിരുന്നു. അധ്യാപകരായ കുര്യാക്കോസ്, പി.വി. ജോസഫ്, എ.എം. ജോസ്, ഫാദർ ചെറിയാന് കാഞ്ഞിരക്കൊമ്പിൽ. എം.വൈ. മാത്യൂ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികൾക്കുള്ള ഫാദർ ജോർജ് കുന്നംകോട്ടിലിന്റെ പേരിലുള്ള എൻഡോവ്‌മെന്റ് ഫണ്ട് സ്‌കൂൾ പ്രിൻസിപ്പൽ ഏറ്റുവാങ്ങി. പ്രതിവർഷം പതിനായിരം രൂപവീതമാണ് നൽകുന്നത്. റോയ് സി മാത്യു, ഡോ. ബിനോയ് മത്തായി. ഷാജി മാത്യു, ആൽഫ ഹിഷാം, അബ്ദുൽഹക്ക്, ശോഭന, തുടങ്ങിയവർ നേതൃത്വം നൽകി.