Tuesday, December 24, 2024

Top 5 This Week

Related Posts

പയറ്റെഴുത്തിന്റെ കുലപതി തെക്കുംമഠത്തിൽ സുധാകരൻ ഗുരുക്കൾ

by കുന്നത്തൂർ രാധാകൃഷ്ണൻ

എടക്കാട് ഡയറി -12

സമ്പുഷ്ടമായ ഒരു കളരി സംസ്‌കാരത്തിന്റെ പാരമ്പര്യം എടക്കാട് ഗ്രാമത്തിന്റെ ആത്മാവിൽ അലിഞ്ഞുകിടപ്പുണ്ട്.അരഡസനോളം കളരികൾ
പലകാലങ്ങളിലായി ഇവിടെ തലമുറകളെ മോഹിപ്പിച്ചു. പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെ ഉയർത്തിയ വെല്ലുവിളിയെത്തുടർന്ന് മലബാറിൽ നിരോധിക്കപ്പെട്ട കളരികൾ വളരെക്കാലം കഴിഞ്ഞാണ് ഉയിർത്തെഴുന്നേറ്റത്.പോയനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ.കോട്ടക്കൽ കണാരൻഗുരുക്കളും
അദ്ദേഹത്തിന്റെ ശിഷ്യൻ സിവി. നാരായണൻ നായരുമായിരുന്നു കളരിപ്പയറ്റിനെ പുനരുജ്ജീവിപ്പിക്കാൻ മുൻകൈ എടുത്തത്. അവരുടെ ശ്രമഫലമായി നാടെങ്ങും പുത്തൻകളരികൾ ജന്മമെടുത്തു.വിസ്മൃതിയിൽ ആണ്ടുപോയെന്ന് കരുതിയ കളരിപ്പയറ്റിന്റെ വീണ്ടെടുപ്പായിരുന്നു അത്. അതാണ് സിവിഎൻ കളരികൾ. കേരളത്തിന്റെ സ്വന്തം ആയോധനകല പഠിക്കാൻ ഇളംതലമുറക്കാർ പ്രസ്തുത കളരികളിലേക്ക് കുതിച്ചു. ആ പുത്തനുണർവിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ എടക്കാട്ടും കളരികൾ ജന്മമെടുത്തത്. ഗ്രാമത്തിലെ കളരി ഗുരുക്കന്മാരുടെ പരമ്പരയിലെ തിളങ്ങി നിൽക്കുന്ന നക്ഷത്രമാണ് തെക്കുംമഠത്തിൽ സുധാകരൻ ഗുരുക്കൾ.


അറിയപ്പെടുന്ന കളരിയഭ്യാസി മാത്രമല്ല, മർമ്മചികിൽസാ വിദഗ്ധനും ഗവേഷകനും ഗ്രന്ഥകാരനുമാണ് അദ്ദേഹം.കളരിപ്പയറ്റിനോടുള്ള ആഭിമുഖ്യം പാരമ്പര്യമായി കിട്ടിയതാണെന്ന് കരുതാം.പിതാവ് വാസുറൈറ്ററും ജ്യേഷ്ഠസഹോദരൻ വിജയനും കളരിയഭ്യാസികളായിരുന്നു. വാസുറൈറ്റർ കാട്ടുപ്പരുത്തി അച്ചുതൻഗുരുക്കളുടെ ശിഷ്യനായിരുന്നു. സുധാകരൻ ഗുരുക്കൾക്ക് മർമ്മവിദ്യകളും പൂട്ട് തന്ത്രങ്ങളും പകർന്നു നൽകിയത്
പിതാവാണ്.ഗുരുക്കളുടെ ഒരു ദിവസം പുലർച്ചെ ഗുരുത്തറയിൽ വിളക്ക് തെളിക്കുന്നതോടെ ആരംഭിക്കുന്നു. പിന്നെ ശിഷ്യന്മാരും പഠിതാക്കളും എത്തുന്നതോടെ കളരി സജീവമാകുന്നു. വായ്ത്താരികളുടെ ഘോഷയാത്രക്ക് അകമ്പടിയായി ഉയരുന്ന പയറ്റിന്റെ ശബ്ദങ്ങൾ കൊണ്ട് കളരി മുഖരിതമാകുന്നു.
പതിനൊന്നാം വയസ്സിൽ പി. ഗോപാലൻഗുരുക്കളുടെ കീഴിലാണ് സുധാകരൻ ഗുരുക്കൾ ആദ്യം കളരിപ്പയറ്റ് പഠിച്ചത്. 1969ൽ മദ്രാസിൽ നടന്ന ‘ലോകമേള’യിൽ പയറ്റ് അവതരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രദർശന വേദിയിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചു. അതു കഴിഞ്ഞിട്ട് കാലമെത്രയായി! സുധാകരൻ ഗുരുക്കൾക്ക് ഇപ്പോൾ 68വയസ്സായി. ഇക്കാലത്തിനിടയിൽ എന്തെല്ലാം സംഭവങ്ങൾ!എത്രയെത്ര മനുഷ്യർ!കഴിഞ്ഞുപോയ കാലം ആ കണ്ണുകളിൽ തിരയടിക്കുകയാണ്.അതിൽ അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞുനില്പുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള ശിഷ്യന്മാരുടെ വൻനിരയുമുണ്ട്.സംസ്‌കാരങ്ങളുടെ സമന്വയത്തിന്റെ മനോഹര ചിത്രം കൂടിയാകുന്നു അത്. ഒളിമങ്ങാത്ത ആ ഓർമ്മകളിൽ സർഗാത്മകമായ ഒരു ജീവിതം തുടിച്ചുനിൽക്കുകയാണ്.ആ നിമിഷങ്ങളിൽ ഗൃഹാതുരത്വത്തിന്റെ സുഗന്ധം ഗുരുക്കളുടെ സിരകളെ ആശ്ലേഷിക്കുന്നുണ്ടാകാം.


കളരിപ്പയറ്റിൽ പൂർണമായി ആണ്ടുമുഴുകുന്നതിനുമുൻപ് യൂറോപ്യൻ കമ്പനിയായ പിയേഴ്‌സ് ലെസ്ലിയിൽ രണ്ടു വർഷക്കാലം ഗുമസ്തനായി ജോലി നോക്കിയിട്ടുണ്ട് സുധാകരൻ ഗുരുക്കൾ. 1980കളുടെ തുടക്കത്തിലായിരുന്നു അത്. അന്ന് പിയേഴ്‌ലസ്ലിയുടെ കോഴിക്കോട്ടെ ജനറൽമാനേജർ പ്രമുഖ കഥാകൃത്ത് കൂടിയായ പട്ടത്തുവിള കരുണാകരനായിരുന്നു. അദ്ദേഹമാണ് ഇന്റർവ്യൂ ചെയ്ത് ഗുരുക്കളെ ജീവനക്കാരനായി നിയമിച്ചത്. പിന്നീട് സഹോദരൻ വിജയന് പങ്കാളിത്തമുള്ള ശ്രീപളനിയപ്പ പേപ്പർമാർട്ടിന്റെ സാരഥിയായി. അപ്പോഴും കളരിപ്പയറ്റിന്റെ നറുംനിലാവ്
പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
ഗോപാലൻഗുരുക്കളുടെ കീഴിലെ പയറ്റുപഠനത്തിനുശേഷം നടക്കാവ് സിവിഎൻ കളരിയിലെ കെ. നാരായണൻ ഗുരുക്കളുടെ ശിഷ്യനായി.വായത്താരിക്കനുസൃതമായ പയറ്റുകളും ഉഴിച്ചിലും മർമ്മചികിൽസയുടെ പ്രാഥമിക പാഠങ്ങളും സ്വായത്തമാക്കിയത് നാരായണൻഗുരുക്കളിൽ നിന്നാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റുസംഘത്തോടൊപ്പമായിരുന്നു സുധാകരൻ ഗുരുക്കളുടെ മിക്ക വിദേശപര്യടനങ്ങളും.ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്‌സർലണ്ട്, ഇറ്റലി, സ്‌പെയിൻ, സോവിയറ്റ് യൂണിയൻ, യുഎസ് എന്നീ രാഷ്ട്രങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ ആയോധനകലാപതാക എത്തിച്ചവരുടെ മുൻനിരയിലാണ് സുധാകരൻ ഗുരുക്കളുടെ സ്ഥാനം.ഒരിക്കൽ ഫ്രഞ്ച് പര്യടനത്തിനിടെ പാരീസിൽ വെച്ച് ലോകോത്തര നാടകപ്രതിഭയായ പീറ്റർ ബ്രൂക്കിനെ(മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ അരങ്ങിലെത്തിച്ച് വിസ്മയം തീർത്ത നാടകാചാര്യനാണ് പീറ്റർ ബ്രൂക്ക്)പരിചയപ്പെടാനിടയായ നിമിഷങ്ങൾ ഒരു മയിൽപ്പീലി പോലെ ഗുരുക്കൾ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്. പാരീസിലെ കളരിപ്പയറ്റ് സംഘാടകരിൽ പ്രമുഖനായിരുന്നു പീറ്റർ ബ്രൂക്ക്.
കെ. നാരായണൻ ഗുരുക്കൾ സ്ഥാപിച്ച, എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനടുത്ത് സജീവമായിരുന്ന സിവിഎൻ കളരിയിലെ നിറസാന്നിധ്യമായിരുന്നു വളരെക്കാലം നമ്മുടെ ഗുരുക്കൾ. പിന്നീട് സ്വന്തമായി കളരി സ്ഥാപിച്ചു. കാൽ നൂറ്റാണ്ടിലേറെക്കാലമായി സ്വന്തം വീട്ടുവളപ്പിൽ പ്രവർത്തിക്കുന്ന ആ കളരി എടക്കാട്ട് ഇപ്പോൾ നിലവിലുള്ള ഏക ആയോധനകലാകേന്ദ്രമാണ്. ഇക്കാലത്തിനിടയിൽ ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ പയറ്റിനെക്കുറിച്ചറിയാൻ ഗുരുക്കളുടെ കളരിയിലെത്തി.ചരിത്രകാരൻ എംജിഎസ് നാരായണനും നർത്തകി ഭാരതിശിവജിയും അവരിൽ ചിലരാണ്. സ്ത്രീകളടക്കം നിരവധി വിദേശികൾ
ഗുരുക്കളുടെ വസതിയിൽ താമസിച്ച് കളരിയഭ്യാസങ്ങൾ പഠിച്ച് തിരിച്ചുപോയി. വിദേശികളടക്കം സമൂഹത്തിൽ വിവിധ
സ്ഥാനങ്ങൾ വഹിക്കുന്നവർ സുധാകരൻ ഗുരുക്കളുടെ ശിഷ്യന്മാരാണ്. എണ്ണമറ്റ ശിഷ്യരാണ് യഥാർഥത്തിൽ സമ്പത്തും കരുത്തും.
കളരിപ്പയറ്റിന് നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി അദ്ദേഹത്തിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ആയോധനകലാസംഘടനയായ’ വോമ’യുടെ ഇൻസ്ട്രക്ടർ ഓഫ് ദി ഇയർ(2002),കളരിപ്പയറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കളരി ആചാര്യ (2014)എന്നിവ അവയിൽ ചിലതാണ്. സ്‌കൂൾ ഓഫ് ഡ്രാമ(കാലിക്കറ്റ് യൂണിവേഴ്സിറ്റി) , സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (കേരളസർക്കാർ) എന്നിവിടങ്ങളിൽ കളരിപ്പയറ്റ് ഇൻസ്ട്രക്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമയിലും ഗുരുക്കളുടെ കളരിമുറകളുടെ സാന്നിധ്യമുണ്ട്. പടയോട്ടം, പൗർണമിരാവിൽ, ഒരു വടക്കൻ വീരഗാഥ, തച്ചോളിവർഗീസ് ചേകവർ തുടങ്ങിയ ചിത്രങ്ങളിൽ ആ കരവിരുത് കാണാം.
മറ്റു കളരികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒട്ടേറെ പ്രത്യേകതകൾ സുധാകരൻ ഗുരുക്കളുടെ ആയോധനകലാകേന്ദ്രത്തിനുണ്ട്. പരമ്പരാഗതമായി നിർമ്മിച്ച കളരിയിൽ പഠനം ശാസ്ത്രീയമാണ്. പരമ്പരാഗതരീതി അതേപടി പിന്തുടരുകയല്ല ചെയ്യുന്നത്. കേരള സർക്കാറിന്റെ കീഴിലെ ആദ്യത്തെ ജില്ലാ ആയോധനകലാ പഠനകന്ദ്രമാണിത്. കേരള സർക്കാറിന്റെ ടൂറിസം അവാർഡ് നേടിയ ഏക കളരിയുമാണിത്. കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങളിൽ ജില്ലാ /സംസ്ഥാന/ദേശീയതലങ്ങളിൽ തുടർച്ചയായി വിജയിക്കാൻ ഗുരുക്കളുടെ കളരിക്ക് സാധ്യമായിട്ടുണ്ട്. ഏകാഗ്രതയും മൂല്യബോധവും അച്ചടക്കവും കൃത്യനിഷ്ഠയും കാരുണ്യവും ഇവിടത്തെ പഠിതാക്കളിൽ സമന്വയിച്ചിട്ടുണ്ടെന്ന് കളരിയഭ്യസിക്കാത്ത ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എടക്കാടിന്റെ അഭിമാനസ്തംഭമാണ് സുധാകരൻ ഗുരുക്കളുടെ കളരി.
കളരിപ്പയറ്റിനെ കൂടുതൽക്കൂടുതൽ ശാസ്ത്രീയവത്ക്കരിക്കുക എന്ന മഹാദൗത്യത്തിലാണ്
ഗുരുക്കൾ. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കളരിപ്പയറ്റ് ശാസ്ത്രീയപഠനം എന്ന പുസ്തകത്രയം എഴുതിയത്. ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ധാരാളം ലേഖനങ്ങൾ സമാഹരിച്ചിട്ടില്ല.കളരിപ്പയറ്റിന്റെ സൈദ്ധാന്തിക രൂപങ്ങളുടെ മുൻമാതൃകകളിൽ ചില തിരുത്തലുകൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.കളരിപ്പയറ്റ് സാഹിത്യത്തിൽ ധിഷണയുടെയും നിരീക്ഷണത്തിന്റെയും പുതുമാതൃക സൃഷ്ടിക്കുന്ന ഈ ഗ്രന്ഥങ്ങൾ ഭാഷയിൽ ‘പയറ്റെഴുത്ത്’ എന്ന പുത്തൻ ശാഖ വെട്ടിത്തുറക്കാൻ പര്യാപ്തമാണ്.
സുധാകരൻ ഗുരുക്കൾ എന്റെ കൂട്ടുകാരനാണ്.
എടക്കാട് യൂണിയൻ എഎൽപി സ്‌കൂളിൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്.സ്‌കൂളിലേക്കുള്ള പോക്കും വരവും പലപ്പോഴും ഒരുമിച്ചായിരിക്കും.കഥ പഴയതാണെങ്കിലും അക്കാലം ഇടക്കിടെ ഓർമ്മയിലെത്തും.ഗുരുക്കളുടെ ഓരോ വിജയത്തിലും ഞാൻ സന്തോഷിച്ചു. എടക്കാട്ടെ കളരിക്ക് സർക്കാർ അവാർഡ് ലഭിച്ചപ്പോൾ നാട്ടിൽ അദ്ദേഹത്തെ ആദരിച്ചത് ഞാൻ പത്രാധിപത്യം വഹിച്ച ‘എടക്കാട് പത്രിക’യുടെ ആഭിമുഖ്യത്തിലായിരുന്നു. ആ ചടങ്ങിൽ ചരിത്രകാരനായ എംജിഎസ്. നാരായണൻ, മാധ്യമപ്രവർത്തകൻ എൻപി. ചെക്കുട്ടി, ചരിത്രഗവേഷകൻ കെപി. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തതായി ഓർക്കുന്നു.
ഇപ്പോൾ കളരിപ്പയറ്റ് രംഗത്ത് സ്വാർഥതയും കള്ളനാണയങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നാണ് സുധാകരൻ ഗുരുക്കൾ പറയുന്നത്. കളരിപ്പയറ്റിന്റെ എബിസിഡി അറിയാത്തവർ ഗുരുക്കളാവുക, വിദഗ്ധനെന്ന പോലെ ചികിൽസിക്കുക, മേൽക്കൂരയില്ലാത്ത കളരി പണിയുക, സ്വയം ദിവ്യത്വം കല്പിച്ച് പ്രചാരണം നടത്തി ആളെക്കൂട്ടുക തുടങ്ങിയ അനഭിലഷണീയ പ്രവണതകൾ വ്യാപകമാവുന്നു. കളരിപ്പയറ്റ് എന്താണെന്നറിയാത്തവർക്ക് ഇത്തരക്കാരുടെ അരുമശിഷ്യരാവാനാണ് വിധി. ഗുരുക്കൾ സംസ്ഥാന കൺവീനറായ ഭാരതീയ പാരമ്പര്യ സ്‌പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ഈ പ്രതിലോമ പ്രവണതക്കെതിരെ കഴിയാവുന്ന തരത്തിൽ പ്രചാരണം നടത്തുന്നുണ്ട്.നാടോടുമ്പോൾ നടുവെ ഓടണം എന്ന പ്രമാണം സൂക്ഷിക്കുന്നവരെ വീഴ്ത്തുക എളുപ്പമല്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles