Tuesday, December 24, 2024

Top 5 This Week

Related Posts

വേങ്ങോട്ടിൽ കൃഷ്ണൻകുട്ടിനായരോട് സംസാരിച്ചിരിക്കുമ്പോള്‍ നേരം പോവുന്നത് അറിയില്ല

കുന്നത്തൂർ രാധാകൃഷ്ണൻ

എടക്കാട് ഡയറി (ഒമ്പത്)
സമരം, ജയിൽ, വെള്ളപ്പൊക്കം

വേങ്ങോട്ടിൽ കൃഷ്ണൻകുട്ടിനായരോട് സംസാരിച്ചിരിക്കുമ്പോള്‍ നേരം പോവുന്നത് അറിയില്ല.
തീരെ വർണ്ണങ്ങളില്ലാത്ത ഒരുകാലത്ത് ഞങ്ങളുടെ ദേശത്ത് സംഭവിച്ച എന്തെല്ലാം കഥകളാണ് അദ്ദേഹത്തിനു പറയാനുള്ളത്! വാതോരാതെ സംസാരിക്കുമ്പോള്‍ കഥകൾ മാറിമറയും.ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ കൃതികളിലെ ഐന്ദ്രജാലിക യാഥാർഥ്യം പോലെ അവിചാരിതമായ ട്വിസ്റ്റുകൾ. ആ കഥകളിൽ അനുഭവങ്ങളുടെ ചൂരുണ്ട്. ഗ്രാമപ്പഴമയുടെ വിശുദ്ധിയുണ്ട്. സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവാഹവുമുണ്ട്.
കഠിനമായ പരീക്ഷണങ്ങളടങ്ങിയ സ്വന്തം
ജീവിതത്തിന്റെ നാൾവഴികൾ കൃഷ്ണൻകുട്ടിനായർ പങ്കുവെക്കുമ്പോൾ വറുതി കരാളനൃത്തമാടുന്ന ഒരു കാലം അനാവൃതമാകുന്നു. അന്ന് ഗ്രാമത്തിന് ഒട്ടും ആകർഷകമല്ലാത്ത ചാരനിറമായിരുന്നു. ഗ്രാമീണരിൽ മിക്കവരുടെയും മുഖങ്ങളിൽ ഇല്ലായ്മയുടെ അടയാളമുണ്ട്.പ്രകൃതിക്കും അത്തരമൊരു ശോകച്ഛായ പകർന്നു കിട്ടി. നഗ്നപാദരായ ഗ്രാമീണർ ജീവിതത്തിന്റെ നൂല്പാലത്തിലൂടെ തിരക്കിട്ട് നടക്കുന്ന ദുരിതകാലം. അവരിൽ ഒരു കൗമാരക്കാരനുണ്ട്- നീണ്ടുമെലിഞ്ഞ പതിന്നാലുകാരനായ പയ്യൻ-കൃഷ്ണൻകുട്ടിനായർ. അദ്ദേഹത്തിന്റെ കുടുംബം അന്ന് വാടകവീട്ടിലാണ് താമസം. ആയിരത്തിതൊള്ളായിരത്തി നാല്പതുകളുടെ അവസാനവർഷങ്ങളിലൂടെ ഗ്രാമം കടന്നുപോകുന്ന നാളുകളാണത്.
തെക്കുംമഠത്തിൽ വാസുറൈറ്റർ അക്കാലത്ത് കാരപ്പറമ്പ് അണ്ടിക്കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ശുപാർശയിൽ കൃഷ്ണൻകുട്ടിനായർ അണ്ടിക്കമ്പനിയിൽ ജോലിക്ക് ചേർന്നു. വീട്ടിലെ കഷ്ടപ്പാടുകളാണ് സ്കൂളിൽ പോകേണ്ട പ്രായത്തിൽ ആ കുട്ടിയെ അണ്ടിക്കമ്പനിയിലെത്തിച്ചത്. യൂറോപ്യൻ കമ്പനിയായ പിയേഴ്സ് ലെസ്ലിയുടെ ഉടമസ്ഥതയിലുള്ള അണ്ടിക്കമ്പനി അന്ന് കോഴിക്കോട്ടെ വലിയ വ്യവസായശാലകളിലൊന്നാണ്. സ്ത്രീകളാണ് അവിടെ ജോലിചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും. 1500ലേറെ സ്ത്രീകൾ തന്നെ അന്ന് അണ്ടിക്കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അവർ എടക്കാട്ടും സമീപഗ്രാമങ്ങളിലുമുള്ളവരാണ്. പുരുഷന്മാർ എണ്ണത്തിൽ സ്ത്രീകളോളം വരില്ല.200ൽ താഴെ മാത്രം പുരുഷന്മാരാണ് അന്ന് കശുവണ്ടി ഫാക്ടറിയില്‍ ഉണ്ടായിരുന്നത്(അണ്ടിക്കമ്പനിയിലെ തൊഴിലാളികളെ ഉപഭോക്താക്കളാക്കിക്കൊണ്ടാണ് കാരപ്പറമ്പ് ആഴ്ചച്ചന്ത വളർന്നുവന്നത്).തൊഴിലാളികളെ ജോലിക്ക് സജ്ജമാക്കാൻ കാലത്ത് കമ്പനിയിൽ മൂന്നുതവണ സൈറൺ മുഴങ്ങും. കോഴിക്കോട് നഗരം മുഴുവൻ ആ സൈറൺ അലയടിക്കും. ജോലിക്കെത്താൻ സമയമായെന്നാണ് സൈറൺ ഓർമ്മിപ്പിക്കുന്നത്.അതോടെ പെണ്ണുങ്ങൾ കമ്പനിയിലേക്ക് ഓട്ടം തുടങ്ങും. നേരം കഴിഞ്ഞെത്തുന്നവർക്ക് തൊഴിൽ നിഷേധിക്കപ്പെടും.അതൊഴിവാക്കാനാണ് ഓട്ടം. അണ്ടിക്കമ്പനിയിലെ ജോലിയെന്താണ്? അസംസ്കൃത കശുവണ്ടി ചുട്ട് തോലുപൊളിച്ച് ഭക്ഷ്യയോഗ്യമാക്കണം.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന, വെള്ളക്കാരുടെ മേമ്പൊടി ഭക്ഷണമാണത്.നമുക്ക് അതൊന്നും തിന്നാൻ വിധിച്ചിട്ടില്ല. സ്വന്തം പറമ്പുകളിലെ കശുവണ്ടി വിറ്റ് കപ്പ വാങ്ങി തിന്നുകയാണ് നാട്ടുകാരിൽ പലരും ചെയ്യുന്നത്.കശുവണ്ടി സമ്പന്നസായ്പന്മാരുടെ ആഹാരമായിരുന്നു.

അണ്ടിക്കമ്പനിയിൽ യന്ത്രമൊക്കെ ഉണ്ടെങ്കിലും തൊഴിലാളികൾ എല്ലുമുറിയെ പണിയെടുക്കണം.13 അണയാണ് അന്ന് ഒരുദിവസത്തെ കൂലി. ആ തുച്ഛമായ കൂലികൊണ്ടാണ് നിരവധി കുടുംബങ്ങൾ ജീവിച്ചു പോന്നത്. തൊഴിലാളികളുടെ ചോരയും വിയർപ്പും വിറ്റ് കമ്പനിയുടമകൾ കൊട്ടാരങ്ങളിൽ കോടികൾ കുമിച്ചുകൂട്ടി(ഞാനെഴുതിയ ആൽമരസ്മരണകൾ എന്ന പുസ്തകത്തിൽ അണ്ടിക്കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്).
കൃഷ്ണൻകുട്ടിനായർ അണ്ടിക്കമ്പനിയിൽ പലജോലികൾ ചെയ്തു. ട്രൗസറും കുപ്പായവും ധരിച്ച ഒരു കുട്ടി ചോറ്റുപാത്രവുമായി അതികാലത്ത് കാലുകീറുന്ന പരുക്കൻ പാതയിലൂടെ ജോലിസ്ഥലത്തേക്ക് ഓടുന്നത് സങ്കല്പിച്ചു നോക്കുക! കഠിനമായി ജോലിചെയ്യുന്ന പയ്യൻ ക്രമേണ വളർന്നു വലുതായി. കുട്ടിത്തം യുവത്വത്തിന് വഴിമാറി. കനോലിക്കനാലിലൂടെ പുതുവെള്ളം പലതവണ കുത്തിയൊഴുകി. ഋതുക്കൾ അതിവേഗം പാറിപ്പറന്നു. അങ്ങനെ കൊല്ലം പതിമ്മൂന്ന് കഴിഞ്ഞു. ഇതിനിടയിൽ കമ്പനിയിൽ ഐഎൻടിയുസി യൂണിയന്‍ രൂപീകൃതമായി. അണ്ടിക്കമ്പനിയിലെ ആദ്യത്തെ തൊഴിലാളിയൂണിയനായിരുന്നു അത്. തൊഴിലാളികളെ കൊടിയ ചൂഷണത്തിന്റെ ഇരകളാക്കിയ ഉടമകൾക്കെതിരെ കമ്പനിയിൽ ആദ്യമായി ശബ്ദമുയർന്നു.ജോലിക്കാർ സംഘടിച്ചതിന്റെ ഫലമായിരുന്നു അത്. എം. കമലം, പിവി. ശങ്കരനാരായണൻ, കെപി. കുട്ടികൃഷ്ണൻനായർ
തുടങ്ങിയവരൊക്കെയാണ് അക്കാലത്ത് ഐഎൻടിയുസിയുടെ നേതാക്കന്മാർ.

കൃഷ്ണൻകുട്ടിനായർ കമ്പനിയിൽ യൂണിയന്റെ സെക്രട്ടറിയാണ്.കൂലിക്കൂടുതലിന് വേണ്ടി യൂണിയൻ സമരം പ്രഖ്യാപിച്ചു.ചരക്കുനീക്കം സ്തംഭിച്ചു. അണ്ടിക്കമ്പനി നിശ്ചലമായി.കമ്പനി മാനേജ്മെന്റ് സമരം മൈൻഡ് ചെയ്തില്ല. ചരക്കുലോറികൾ തടഞ്ഞ കൃഷ്ണൻകുട്ടിനായർ അടക്കമുള്ള തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കമലവും ശങ്കരനാരായണനും കുട്ടികൃഷ്ണൻനായരും അവർക്കൊപ്പം അറസ്റ്റ് വരിച്ചു. പ്രതികളെ കോടതി രണ്ടാഴ്ച റിമാണ്ട് ചെയ്തു. സമരം പിന്നീട് ഒത്തുതീർന്നു. കോഴിക്കോട് ജയിലിലെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ കൃഷ്ണൻകുട്ടിനായർ പക്ഷെ ഏറെനാൾ അണ്ടിക്കമ്പനിയിൽ ജോലി തുടരുകയുണ്ടായില്ല.
അണ്ടിക്കമ്പനി വിട്ടശേഷം സജീവ കോൺഗ്രസ് പ്രവർത്തകനായി.പാർട്ടിയുടെ എടക്കാട് മണ്ഡലത്തിലെ ആദ്യത്തെ സെക്രട്ടറിയായി. അക്കാലത്ത് എടക്കാട്ടെ കോൺഗ്രസിന്റെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു കൃഷ്ണൻകുട്ടിനായർ. അന്ന് പാർട്ടി ഒറ്റക്കെട്ടാണ്.പിളർപ്പിന്റെ കാലമെത്തിയിരുന്നില്ല. 1962ൽ നഗരസഭയോട് എടക്കാട് കൂട്ടിച്ചേർത്തപ്പോൾ തിരഞ്ഞെടുപ്പ് സമാഗതമായി. പൂട്ടിയകാളയാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. വാസുറൈറ്റർ കോൺഗ്രസ്സിന്റെ കൗൺസിലർ സ്ഥാനാർത്ഥിയായി. കൃഷ്ണൻകുട്ടിനായർക്കായിരുന്നു തിരഞ്ഞെടുപ്പ്പ്രചാരണത്തിന്റെ ചുമതല. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ഐ. ശ്രീനിവാസനായിരുന്നു വാസുറൈറ്ററുടെ മുഖ്യ എതിരാളി. മാന്യമായ പ്രചാരണമായിരുന്നു അക്കാലത്തെ തിരഞ്ഞെടുപ്പിന്റെ സവിശേഷത. വ്യക്തിവിരോധമില്ല. വിദ്വേഷമില്ല. കുതികാൽവെട്ടുമില്ല. രാത്രിയിലാണ് പ്രചാരണം കൊഴുക്കുക. സ്പോർട്സ്മാൻ സ്പിരിറ്റിൽ നടന്ന വോട്ടുപോരാട്ടത്തിൽ റൈറ്റർ ജയിച്ചുകയറി. കൃഷ്ണൻകുട്ടിനായർ കോൺഗ്രസ്സുകാരനാണെങ്കിലും സഹവാസം കമ്യൂണിസ്റ്റുകാരുമൊത്താണ്. പീടികക്കണ്ടി ഉണ്ണിപ്പാച്ചു, പീടികക്കണ്ടി വേലായുധൻ, പറവങ്ങാട്ട് വാസു, ഉള്ളാമ്പത്ത് പ്രഭാകരൻമേനോക്കി, വാലിയിൽ രാഘവൻമേനോക്കി തുടങ്ങിയവരാണ് അക്കാലത്ത് പ്രദേശത്തെ കമ്യൂണിസ്റ്റുകാർ. ആശയപ്പോരാട്ടത്തിലധിഷ്ഠിതമാണ് രാഷ്ട്രീയപ്രവർത്തനമെന്നും എതിരാളികളെ താറടിക്കുക അതിന്റെ ലക്ഷ്യമല്ലെന്നും കോൺഗ്രസും കമ്യൂണിസ്റ്റും അക്കാലത്ത് തെളിയിച്ചു. ഇക്കാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചളിപ്രചാരണവുമായി തട്ടിച്ചുനോക്കുമ്പോൾ ആണ് അന്നത്തെ രാഷ്ട്രീയ എതിരാളികൾ പുലർത്തിയ സൗഹൃദത്തിന്റെ മഹത്ത്വമറിയുക. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രചാരണച്ചുമതല കൃഷ്ണൻകുട്ടിനായർക്കായിരുന്നു.

1960 കളുടെ രണ്ടാം പകുതിയിൽ ദുരിതം വിതച്ച കാലവർഷം പഴമക്കാരുടെ മനസ്സിൽ എക്കാലവും ജ്വലിച്ചു നിൽക്കുന്നതാണ്.അന്നത്തെ മഴയുടെ സംഹാരതാണ്ഡവത്തിൽ വിറങ്ങലിച്ചുപോയി എടക്കാടും അയൽഗ്രാമങ്ങളും. എടക്കാട്ടെ താഴ്ന്ന പ്രദേശങ്ങളെ മുഴുവൻ പ്രളയജലം വിഴുങ്ങി. തോടും നടപ്പാതകളും ഒന്നായി. കനോലിക്കനാൽ നിറഞ്ഞ് മഴവെള്ളം വയലുകളിലേക്ക് കുതിച്ചൊഴുകി.പാടങ്ങളും തോടുകളും ഒന്നായി. അനാഥരായ നായ്ക്കളുടെയും പൂച്ചകളുടെയും ജഢങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. വീടുകളിൽ മേൽക്കുര വരെ വെള്ളമുയർന്നു. അനവധി കുടുംബങ്ങൾ പാർപ്പിടമുപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയംതേടി.ശേഷിച്ച വീടുകളിൽ ആളുകൾ വിധിയെപ്പഴിച്ച് കഴിഞ്ഞുകൂടി. അവരുടെ ഗദ്ഗദങ്ങൾ വെള്ളപ്പാച്ചിലിൽ അലിഞ്ഞുപോയി. അത്യാവശ്യഘട്ടങ്ങളിൽ “തെരപ്പം”കെട്ടിയുണ്ടാക്കിയായിരുന്നു ആളുകൾ പുറത്തിറങ്ങിയിരുന്നത്. സമുദ്രം പോലെ തോന്നിക്കുന്ന പ്രളയജലത്തിന് മുകളിലൂടെ “തെരപ്പങ്ങൾ “ഒഴുകി.തകഴിയുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥയിലെ സംഭവങ്ങളുടെ തനിയാവർത്തനത്തിന് ഗ്രാമം സാക്ഷ്യം വഹിച്ചു.
രക്ഷാപ്രവർത്തനത്തിന് കൃഷ്ണൻകുട്ടിനായർ മുൻനിരയിലുണ്ടായിരുന്നു. കീഴലത്ത് പത്മനാഭന്‍ നായര്‍, മണ്ടയാറ്റിൽ ബാലൻ, പൂനൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരൊക്കെയാണ് അക്കാലത്തെ മറ്റു സജീവ കോൺഗ്രസ്സ് പ്രവർത്തകർ.
പിവി. ശങ്കരനാരായണനാണ് അന്ന് നഗരസഭാമേയർ. എടക്കാട്ടെ ദു:സ്ഥിതി കൃഷ്ണൻകുട്ടിനായരുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം മേയറെ ധരിപ്പിച്ചു. അതിന്റെ ഫലമായി ദുരിതബാധിതർക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷൻ അനുവദിച്ചു. ഗ്രാമീണരെ ദുരിതത്തിലാഴ്ത്തിയ പ്രകൃതിക്ഷോഭം ക്രമേണ അസ്തമിച്ചു. ഗ്രാമത്തിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. എന്നാല്‍ ഭാവിയിൽ മഴക്കാലത്ത് കനോലിക്കനാൽ ഉയർത്തിയേക്കാവുന്ന വെള്ളപ്പൊക്കഭീഷണി തടയാൻ നടപടിവേണമെന്ന ആവശ്യം ഉയർന്നു. കനോലിക്കനാലിന്റെ താഴ്ന്ന ഭാഗങ്ങളിൽ മതിൽ പണിയണം. കാലം കുറച്ചുകഴിഞ്ഞെങ്കിലും കൃഷ്ണൻകുട്ടിനായർ അടക്കമുള്ളവരുടെ ശ്രമഫലമായി കനോലിക്കനാലിന്റെ കുറെ ഭാഗങ്ങളിൽ മതിൽ യാഥാർഥ്യമായി. കനാലിന്റെ മുകളിലെ നെഞ്ചുന്തിപ്പാലം, വെളുത്തേടത്ത്പാലം, എന്നിവ പുതുക്കിപ്പണിതു.അതുവരെ അവയൊക്കെ മരപ്പാലമായിരുന്നു.
ക്രമേണ സജീവരാഷ്ട്രീയത്തിൽ നിന്ന് നമ്മുടെ കഥാനായകൻ വിരമിച്ചു. പിന്നെ തൃശ്ശിനാപ്പള്ളിയിൽ ഹോട്ടൽ നടത്തുന്ന ജ്യേഷ്ഠസഹോദരൻ വേങ്ങോട്ടിൽ ശേഖരൻനായരെ സഹായിക്കാൻ പോയി.കൊല്ലത്തിലൊരിക്കൽ പുനത്തിൽ തിറയുൽസവത്തിന് നാട്ടിലെത്തും. മഞ്ഞോളി, പുന്നശ്ശേരി, കിഴക്കേപുതിയടത്ത് തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉൽസവങ്ങളിലും പങ്കാളിയാവും. കൃഷ്ണൻകുട്ടിനായരില്ലെങ്കിൽ അവിടങ്ങളിൽ തിറയുൽസവം പൂർണമാവില്ല. കാലം മുന്നോട്ടു കുതിച്ചപ്പോൾ
എടക്കാട് ക്ഷീരവ്യവസായ സഹകരണസംഘത്തിൽ (പാൽസൊസൈറ്റി) ജീവനക്കാരനായി. ഇതിനിടെ കല്യാണാലോചനകൾ തകൃതിയായി നടന്നു. സ്വന്തമായി വീടില്ലാതെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തതിനാൽ സംഗതി നീണ്ടുപോയി.പിന്നീട് അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടുണ്ടാക്കി.കാരോട്ടിങ്ങര ലക്ഷ്മിക്കുട്ടിയമ്മയെ കല്യാണം കഴിച്ചു. കല്യാണത്തിന് പുതുമയുണ്ടായിരുന്നു. വരയ്ക്കൽ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.വിവാഹവേളയിൽ വരന്റെ കുടെ ആരുമുണ്ടായിരുന്നില്ല. ആൾക്കൂട്ടത്തിന്റെ സാന്നിധ്യം വേണ്ടെന്ന് സ്വയം തീരുമാനിച്ചതാണ്. എന്നാല്‍ വധുവിന്റെ ബന്ധുക്കളായ 11പേർ സന്നിഹിതരായിരുന്നു. പിന്നെ വീടിനോടനുബന്ധിച്ച് പണിത കടമുറിയിൽ പലചരക്ക് കച്ചവടമായി. സൈക്കിളിൽ അതികാലത്ത് പാളയത്തിലേക്ക് ഒരു ചവിട്ടാണ്. വാഴക്കുലകളും പച്ചക്കറിയുമായിട്ടാണ് തിരിച്ചുവരവ്. അപ്പോൾ വെയിൽ കനത്തിരിക്കും. അങ്ങനെ നാല്പതുകൊല്ലം കച്ചവടം ചെയ്തു.
കൃഷ്ണൻകുട്ടിനായർക്ക് ഇപ്പോള്‍ 88വയസ്സായി.നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. എന്നാലും ഊന്നുവടിയുമായി വൈകുന്നേരം ഒന്നു പുറത്തിറങ്ങും. കൊച്ചുകുട്ടികൾ മുതൽ സമപ്രായക്കാർവരെയുള്ളവരുമായി കൊച്ചുവർത്തമാനം പറഞ്ഞതിനു ശേഷമായിരിക്കും മടക്കം. വിധിനിർണായകമായ ഒരു ഘട്ടത്തിൽ ഗ്രാമത്തിൽ നിറഞ്ഞുനിന്ന, ഇപ്പോഴും കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്ന ഈ പച്ചമനുഷ്യന് ഇപ്പോഴത്തെ ലാഭം നോക്കിയുള്ള ധനാധിഷ്ഠിത രാഷ്ട്രീയപ്രവർത്തനങ്ങളുമായി പൊരുത്തപ്പെടാനാവുന്നില്ല. നിസ്വാർഥമായ ഒരു കാലത്തിന്റെ പ്രതിനിധിക്ക് മറിച്ച് കരുതാനാവില്ലല്ലോ!

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles