Friday, November 1, 2024

Top 5 This Week

Related Posts

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാന മന്ത്രി മൗനവ്രതം വെടിയണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍

അവിശ്വാസ പ്രമേയം ചര്‍ച്ച ചൂടുപിടിക്കുന്നു. നാളെ രാഹുല്‍ ഗാന്ധി സംസാരിച്ചേക്കും

മണിപ്പൂര്‍ കത്തുന്നുണ്ടെങ്കില്‍ രാജ്യവും കത്തുന്നുവെന്ന് പ്രതിപക്ഷം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയില്‍ പ്രതിപക്ഷം നേതാക്കളുടെ കടുത്ത വിമര്‍ശനം. കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചത്.

മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി മൗനവൃതം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്തുകൊണ്ട് മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല? മൗനം വെടിയാന്‍ എന്തുകൊണ്ട് 80 ദിവസമെടുത്തു? മണിപ്പൂര്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല? എന്നീ ചോദ്യങ്ങളും ഗൊഗോയ് ഉയര്‍ത്തി. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ പരാജയമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനമെന്നും ഗൊഗോയ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്നു സമ്മതിക്കേണ്ടിവരുന്നതാണു പ്രധാനമന്ത്രി മൗനം പാലിക്കാനുള്ള രണ്ടാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

”ഏക ഇന്ത്യ എന്നു പറയുന്നവര്‍ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറല്‍ ആയില്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക് കിഴക്കന്‍ മേഖലയില്‍ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങള്‍ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എമാര്‍ പോലും ചോദിക്കുന്നുണ്ട്.

ആഭ്യന്തര മന്ത്രി രൂപീകരിച്ച സമിതി എത്ര തവണ യോഗം ചേര്‍ന്നു? വീണ്ടും വരാമെന്നു പറഞ്ഞുപോയ ആഭ്യന്തര മന്ത്രി പിന്നീട് എന്തുകൊണ്ട് വന്നില്ല? ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണ് മണിപ്പൂരില്‍ കാണുന്നത്. മയക്കുമരുന്ന് മാഫിയ നേതാവിനെ മോചിപ്പിക്കാന്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനോട് ആവശ്യപ്പെട്ടു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനമാണ് വേണ്ടത്.” എന്നായിരുന്നു ഗോഗോയി വിശദീകരിച്ചത്.

ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ഘട്ടങ്ങളില്‍ മൗനം പാലിക്കുന്നതെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഡല്‍ഹി കലാപം ഉണ്ടായപ്പോഴും കര്‍ഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം അദ്ദേഹം മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളില്‍ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. മുന്‍ കശ്മീര്‍ ഗവര്‍ണര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴും മൗനം പാലിച്ചു. പുല്‍വാമയില്‍ സൈനികര്‍ക്കു വാഹനം ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍ കിട്ടാതെ കോവിഡ് കാലത്ത് ആളുകള്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രി ബംഗാളില്‍ വോട്ട് ചോദിക്കുകയായിരുന്നുവെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.

മണിപ്പുര്‍ കലാപത്തിനിടെ ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയെന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഡി.എം.കെ. മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഒന്നും ചെയ്തില്ലെന്നും ഡി.എം.കെ അംഗം ടി.ആര്‍.ബാലു ആരോപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റിലും വരുന്നില്ല, മണിപ്പൂരിലും പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ് ആവശ്യപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും സര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കുകയാണെന്നും റോയ് ആരോപിച്ചു.

മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി ഏഴുതവണയാണ് വിദേശത്ത് പോയത്. അങ്ങേയറ്റം ലജ്ജാകരമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മണിപ്പുര്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്നും എന്‍സിപി ആവശ്യപ്പെട്ടു.

12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ 6.41 മണിക്കൂര്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിന് 1.15 മണിക്കൂറുമാണ് അനുവദിച്ചിരിക്കുന്നത്. ഇന്നും നാളെയുമായായിരിക്കും ചര്‍ച്ച പുരോഗമിക്കുക. പത്തിന് പ്രധാനമന്ത്രി മറുപടി പറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles