സുരക്ഷാ ഭീഷണിയെതുടർന്ന് മിസോറാമിൽ നിന്നു 41 മെയ്തി വിഭാഗക്കാർ അസമിലേക്ക് മടങ്ങിയെത്തിയതായി അധികൃതർ. മെയ്തി വിഭാഗക്കാരോട് സംസ്ഥാനം വിടണമെന്ന് മിസോറാമിലെ മുൻ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെയ്തികൾ ഭീതിയിലായത്.
മിസോറാമിൽ നിന്നും ശനിയാഴ്ച രാത്രി ഒരു സംഘം സിൽചാറിൽ എത്തിയതെന്നും ബിന്നാക്കണ്ടിയിലെ ലഖിപുർ ഡെവലപ്മെന്റ് ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും കച്ചാറിലെ പൊലീസ് സൂപ്രണ്ട് നുമൽ മഹാട്ട പറഞ്ഞു.
മണിപ്പൂരിൽ മെയ് 3ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് മെയ്തി, കുകി, ഹമർ വിഭാഗക്കാർ അസമിലേക്ക് പാലായനം ചെയ്തിരുന്നു.സംസ്ഥാനത്ത് താമസിക്കുന്ന മെയ്തി വിഭാഗക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുതെന്നും മിസോറാം സർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു. ഐസ്വാളിലെ വെറ്റി കൊളേജ്, മിസോറം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മെയ്തി വിഭാഗക്കാർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
ഇതിനിടെ മിസോറമിലെ മെയ്തികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു മണിപ്പൂർ സർക്കാർ നടപടി സ്വീകരിക്കുന്നതായി റിപ്പോർട്ട ്ഉണ്ട്
കുകി സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ പുറത്തുവന്നതോടെയാണ് ക്രൈസ്തവ ഭൂരിപക്ഷമായ മിസോറാമും ഭീതിയിലായിരിക്കുന്നത്.
മണിപ്പൂരിൽ നിന്നും തെക്കൻ അസമിൽ നിന്നുമുള്ള ആയിരക്കണക്കിന് മെയ്തികൾ മിസോറമിൽ താമസിക്കുന്നുണ്ട്. ഐസ്വാളിലുള്ള മെയ്തി വിഭാഗക്കാരെ എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ എപ്പോഴാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല,’ ഐസ്വാളിൽ താമസിക്കുന്ന മെയ്തി വിദ്യാർത്ഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
തലസ്താന നഗരിയിലാണ് കൂടുതലും മെയ്തികള്‍ താമസിക്കുന്നത്.
ഇതിനിടെ മണിപ്പൂർ കലാപത്തിൽ സമാധാനം പുനസ്ഥാപിക്കാത്തതിൽ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് ഗാന്ധി പ്രതിമക്കുമുന്നിൽ സത്യഗ്രഹം ഇരിക്കും.