Friday, November 1, 2024

Top 5 This Week

Related Posts

റിപ്പോർട്ടർ ചാനലിൽനിന്നു അപർണ സെൻ രാജിവയ്ക്കുന്നു

പുതുമാറ്റത്തോടെ പ്രേക്ഷകരിലേക്ക് എത്തിയ റിപ്പോർട്ടറിൽ ടി,വി.യിൽ ന്യൂസ് എഡിറ്ററായിരുന്ന അപർണ സെൻ രാജിവയക്കുന്നു. അപർണതന്നെയാണ് രാജിവിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ മുഖമായിരുന്ന അപർണയെ എഡിറ്റോറിയൽ ടീമിൽനിന്നു ഒഴിവാക്കിയതും അവഗണിച്ചതും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാണ്. ഉറച്ച ഇടതുപക്ഷ നിലപാടാണ് അപർണയെ പുതിയ മാനേജ്‌മെന്റിനു അനഭിമതയാക്കിയതെന്നാണ് ആരോപണം ഉയർന്നത്.

റിപ്പോർട്ടറൽ നിന്ന് ഔദ്യോഗികമായി രാജിവെയ്ക്കുകയാണ്. സ്വന്തം വീട് വിട്ടിറങ്ങുന്ന വിഷമമാണ് മനസിൽ. എന്നിരിക്കിലും, ഈ പടിയിറക്കം ഒരു അനിവാര്യതയാണ്. വ്യക്തി ജീവിതത്തിലായാലും കരിയറിലായാലും ഇടങ്ങളും നിലപാടിലെ തെളിച്ചവുമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു മാധ്യമപ്രവർത്തകന്റെ ഉടമസ്ഥതയിൽ നിന്ന് ഒരു മുഖ്യധാരാ വാർത്താ സ്ഥാപനം കൈവിട്ട് പോയതിൽ വിഷമിക്കുന്നത് ഞാൻ മാത്രമല്ല എന്നുമറിയാം. എന്നാണ് അപർണ കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം നിരവധി മുൻ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ വഞ്ചിച്ചതായി ആരോപണം നേരിടുന്ന റിപ്പോർട്ടർ ടിവിയുടെ ധാർമികതയും വിശ്വാസ്യതയും അപർണ ചോദ്യം ചെയ്യുന്നുണ്ട്.

ഇത് സംബന്ധിച്ച്് ആ കടം വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല. ആ കടപ്പാട് തീർത്താൽ കേരള ജനതയിൽ കുറച്ചുപേരുടെയെങ്കിലും വിശ്വാസ്യത തിരികെ പിടിക്കാനായേക്കും. എന്നും ഓർമിക്കുന്നു. ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?’ — ബൈബിൾ വാക്യം ഉദ്ധരിച്ചാണ് രാജി അറിയിപ്പുമായി ബന്ധപ്പെട്ട കുറിപ്പ് അവസാനിക്കുന്നത്.

അപർണയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണമായും വായിക്കാം

റിപ്പോര്‍ട്ടറില്‍ നിന്ന് ഔദ്യോഗികമായി രാജിവെയ്ക്കുകയാണ്. സ്വന്തം വീട് വിട്ടിറങ്ങുന്ന വിഷമമാണ് മനസില്‍. എന്നിരിക്കിലും, ഈ പടിയിറക്കം ഒരു അനിവാര്യതയാണ്. വ്യക്തി ജീവിതത്തിലായാലും കരിയറിലായാലും ഇടങ്ങളും നിലപാടിലെ തെളിച്ചവുമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഉടമസ്ഥതയില്‍ നിന്ന് ഒരു മുഖ്യധാരാ വാര്‍ത്താ സ്ഥാപനം കൈവിട്ട് പോയതില്‍ വിഷമിക്കുന്നത് ഞാന്‍ മാത്രമല്ല എന്നുമറിയാം.

നിര്‍ഭയം മുന്നോട്ടുപോയ വാര്‍ത്താ നിലപാട്, ‘വാര്‍ത്ത ആണെങ്കില്‍’ കൊടുക്കാമെന്ന ധൈര്യം, ശരിയായ മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധ്യം, നീണ്ടുനിന്ന ഇല്ലായ്മയുടെ കാലത്തും പിടിച്ചുനിര്‍ത്തിയ സഹപ്രവര്‍ത്തകരുടെ സ്‌നേഹവും ഇച്ഛാശക്തിയും,….ഇതെല്ലാമാണ് റിപ്പോര്‍ട്ടറില്‍ ഇത്രയും നാള്‍ തുടരാന്‍ പ്രേരിപ്പിച്ചിരുന്നത്. ഞാന്‍ ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും റിപ്പോര്‍ട്ടര്‍ ടിവി മേല്‍ പറഞ്ഞ പോലെ തുടരണം എന്നാണ് ആഗ്രഹം. (ഇല്ലായ്മ ഒഴികെ. അന്നത്തെ ദുരിതം ഓര്‍ക്കാന്‍ കൂടി താല്‍പര്യമില്ല.) കൃത്യമായ വാര്‍ത്താ നയമുണ്ടായിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ ചെയ്യാന്‍ പറ്റാതെ പോയെ അനേകമനേകം വാര്‍ത്തകളേക്കുറിച്ചുള്ള നഷ്ടബോധം കൂടിയാണ് എനിക്ക് റിപ്പോര്‍ട്ടര്‍ ടിവി. ഇപ്പോള്‍ എല്ലാ സൗകര്യവും ഉണ്ട്.

ജീവിതത്തേക്കുറിച്ചും കരിയറിനേക്കുറിച്ചും ഇതിലും വലിയൊരു കോഴ്‌സ്/പരീക്ഷണം എനിക്ക് കിട്ടാനില്ല. അനുഭവങ്ങളുടെ സമ്പത്ത് മാത്രം ബാങ്ക് ബാലന്‍സാക്കി ഇറങ്ങുമ്പോള്‍ അങ്ങനെ പറയാനുള്ള പ്രിവിലേജ് പോലും കിട്ടാതെ പോയ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വരുന്നു. ഇന്ന് എക്സ്റ്റന്‍ഡഡ് റിയാലിറ്റിയുടെ പൊലിമയില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടറുടെ അടിത്തറ കെട്ടിയത് അവരുടെ പട്ടിണിയിലും വിയര്‍പ്പിലുമാണ്. ആ കടം വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല. ആ കടപ്പാട് തീര്‍ത്താല്‍ കേരള ജനതയില്‍ കുറച്ചുപേരുടെയെങ്കിലും വിശ്വാസ്യത തിരികെ പിടിക്കാനായേക്കും. റിപ്പോര്‍ട്ടറിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു എന്നൊന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. റിപ്പോര്‍ട്ടറിനെ നിലനിര്‍ത്തിയ നൂറ് കണക്കിന് പേരില്‍ ഒരാള്‍ എന്ന വിശേഷണം മാത്രം മതി എനിക്ക്.

ഒരു ന്യൂസ് ആങ്കര്‍ ആകുമെന്ന് കരുതിയിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല. പ്രിന്റ് ജേണലിസത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. ഷോര്‍ട്ട് ഡോക്യുമെന്ററികള്‍ ചെയ്യാമല്ലോ എന്നതാണ് വിഷ്വല്‍ മീഡിയയില്‍ ആകര്‍ഷകമായി തോന്നിയത്. അഡ്വര്‍ടൈസിങ്ങും കോപ്പി റൈറ്റിങ്ങുമായിരുന്നു മറ്റ് ഇഷ്ടങ്ങള്‍. ഏത് ചുറ്റുപാടിനോടും പരുവപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും റിപ്പോര്‍ട്ടര്‍ എന്ന പ്ലാറ്റ്‌ഫോമും വേറൊരു വഴി തുറന്നിട്ടു. ഇതുവരെയുള്ള കാര്യങ്ങളില്‍ സന്തുഷ്ടയാണ്, സംതൃപ്തയാണ്. അന്ന് അതായിരുന്നു ശരി. ഇന്ന് ഇതാണ് ശരി. എല്ലാത്തിനേയും കാലം വിധിക്കട്ടെ.

ഷോ ബിസിനസെന്ന നിലയില്‍ മലയാള മാധ്യമ പ്രവര്‍ത്തന മേഖല വളരുകയാണ്. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടങ്ങള്‍ ചുരുങ്ങുകയും. പറ്റാത്തയിടങ്ങളില്‍ നിന്ന് മാറുന്നത് തന്നെയാണ് നല്ലത്. കാര്യങ്ങള്‍ മുഖത്ത് നോക്കി കൃത്യമായി, വ്യക്തമായി പറയാനുള്ള ആര്‍ജവും ജനാധിപത്യബോധവും റിപ്പോര്‍ട്ടറിന്റെ പുതിയ മാനേജ്‌മെന്റിനുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണും എന്നുള്ളതുകൊണ്ട് പ്രത്യേകിച്ച് ആരുടേയും പേരെടുത്ത് നന്ദി പറയുന്നില്ല. എന്തൊക്കെയായാലും നിലപാട് വിട്ടൊരു കളിയില്ല. 😌

‘ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?’ — ബൈബിള്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles