Friday, November 1, 2024

Top 5 This Week

Related Posts

മണിപ്പൂരിന്റെ കാര്യത്തില്‍ മോദിയുടെ മൗനം സമ്മതമല്ല, നിസ്സഹായതയാണ്

ഫാറൂഖ്
കടപ്പാട് : ഡൂള്‍ ന്യൂസ്

തന്റെ നീണ്ട പ്രധാനമന്ത്രിക്കാലം അവസാനിക്കുമ്പോള്‍ ലോകം തന്നെ ഓര്‍ക്കുന്നത് ഒരു ക്രിസ്ത്യന്‍ വംശഹത്യയുടെ പേരിലായിരിക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും.താന്‍ ഓടി നടന്നു ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് ട്രെയിനുകള്‍ രണ്ടു കൊല്ലം കഴിയുമ്പോള്‍ പഴഞ്ചനാകും, അതിന്റെ ഓര്‍മ്മകള്‍ മായും. പക്ഷെ വംശഹത്യകള്‍ ലോകം മറക്കില്ല. അത് മോദിക്ക് അനുഭവത്തില്‍ നിന്നറിയാം. മണിപ്പൂരിന്റെ കാര്യത്തില്‍ മോദിയുടെ മൗനം സമ്മതമല്ല, നിസ്സഹായതയാണ്. വാജ്‌പേയിയുടെ മുഖത്തു 2002 ല്‍ കണ്ട അതെ നിസ്സഹായത.

‘സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയില്‍ ഗുജറാത്തില്‍ സംഭവിച്ച കാര്യങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ രാജി വെക്കുകയാണ്’ നരേന്ദ്ര മോദി പറഞ്ഞു. ‘എന്റെ രാജ്യം എന്റെ ജീവിതം’ എന്ന പുസ്തകത്തില്‍ 2002 ല്‍ ഗോവയില്‍ നടന്ന ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് മീറ്റിംഗിലെ സംഭവങ്ങള്‍ അദ്വാനി വിശദീകരിക്കുകയാണ്.

മോദിയുടെ ഈ വാചകങ്ങള്‍ കേട്ട ഉടനെ ഗുജറാത്തില്‍ നിന്ന് വന്ന അംഗങ്ങള്‍ ഒന്നായി എഴുന്നേറ്റു നിന്ന് വിളിച്ചു പറഞ്ഞു ‘രാജി വെക്കരുത് , രാജി വെക്കരുത്’. മീറ്റിംഗ് നടക്കുന്ന ഹാള്‍ ശബ്ദമുഖരിതമായി. അദ്വാനി അമ്പരന്നു. വാജ്‌പേയി മുഖം കയ്യില്‍ താങ്ങി കുനിഞ്ഞിരുന്നു.

രാജധര്‍മത്തെ പറ്റി വാജ്‌പേയി ഓര്മിപ്പിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന നാഷണല്‍ എക്സിക്യൂട്ടീവ് ആയിരുന്നു അത്. ഭരിക്കുന്നവര്‍ ജനങ്ങളെ മുഴുവന്‍ ഒരു പോലെ കാണണം, എല്ലാവരുടെയും ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് ഭരിക്കുന്നവരുടെ ബാധ്യതയാണ്, അതായിരുന്നു വാജ്‌പേയി പറഞ്ഞ രാജധര്‍മ്മം.

രാജധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ട മോഡി രാജി വക്കണം, എന്നതായിരുന്നു വാജ്‌പേയിയുടെ ആവശ്യം, അഡ്വാനി അത് മോഡിയെ അറിയിച്ചിരുന്നു. വാജ്‌പേയിയുടെ ആവശ്യം നിരാകരിക്കുന്നതിനുള്ള നാടകമായിരുന്നു ആ ഹാളില്‍ അന്ന് നടന്നത്.

'രാജി വെക്കരുത്, രാജി വെക്കരുത്' എന്ന് ഗുജറാത്തി അംഗങ്ങള്‍ ബഹളം വെക്കുന്നതിനിടയില്‍ മോഡി പ്രഖ്യാപിച്ചു. 'നിങളുടെ ആഗ്രഹം അങ്ങനെയാണെങ്കില്‍ ഞാന്‍ രാജി വെക്കുന്നില്ല '

ആ ദിവസം രാജധര്‍മ്മം എന്ന വാക്ക് ബി.ജെ.പി.ക്കാര്‍ അവരുടെ പദാവലിയില്‍ നിന്ന് വെട്ടി മാറ്റി. ജനങ്ങളെ തുല്യരായി കാണരുത്, അവരെ തമ്മിലടിപ്പിച്ചുവേണം അധികാരത്തിന്റെ പടവുകള്‍ ഓരോന്നായി നടന്നു കയറാന്‍, രാജധര്‍മ്മം പഴഞ്ചനാണ്, ഭിന്നിപ്പിച്ചു ഭരിക്കലാണ് നമ്മുടെ രീതി.

അന്നത്തെ അപമാനത്തില്‍ നിന്ന് വാജ്‌പേയി ഒരിക്കലും മുക്തനായില്ല. ആറു വര്‍ഷത്തെ ഭരണവും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനവും ഗുജറാത്ത് വംശഹത്യ എന്ന ഒറ്റ കാര്യത്തിലേക്ക് ചുരുങ്ങി, ലോകം വാജ്‌പേയിയെ ആ ഒരു സംഭവം കൊണ്ട് അടയാളപ്പെടുത്തി.

ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്നലെ, അതായത് 2013 ജൂണ്‍ 30 ന്, മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് കയ്യില്‍ ഒരു രാജിക്കത്തുമായി ഇംഫാലിലെ രാജ്ഭവനിലേക്ക് പോകാനായി തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. രാജി വക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്, കേന്ദ്ര നേതൃത്വം എന്ന് പറഞ്ഞാല്‍ മോദി.

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്

കാറില്‍ കയറാതെ രാജ്ഭവനിലേക്ക് നടന്നു പോകുന്ന ബീരന്‍ സിംഗിനെ അനുയായികള്‍ പൊതിഞ്ഞു. ‘രാജി വെക്കരുത് രാജി വെക്കരുത് ‘ എന്നവര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ ആ ജനക്കൂട്ടത്തിന്റ മുന്നിലേക്ക് നടന്നു വന്നു, ബീരന്‍ സിംഗിന്റെ അനുയായിയായ ഒരു എം.എല്‍.എ കയ്യില്‍ ഉയര്‍ത്തി പിടിച്ചു എല്ലാവരെയും കാണിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജിക്കത്ത് ആ സ്ത്രീ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി വലിച്ചു കീറി നിലത്തെറിഞ്ഞു.

കീറിക്കളഞ്ഞ രാജിക്കത്ത്

മുഖ്യമന്ത്രിയുടെ പി.ആര്‍ ടീമിന്റെ ക്യാമറകള്‍ കീറിക്കളഞ്ഞ ആ രാജിക്കത്തിന്റെ ചിത്രങ്ങള്‍ ന്യൂസ് ചാനലുകളില്‍ മുഴുവന്‍ എത്തിച്ചു.

‘നിങളുടെ ആഗ്രഹം അങ്ങനെയാണെങ്കില്‍ ഞാന്‍ രാജി വെക്കുന്നില്ല ‘ ബീരേന്‍ സിങ് പറഞ്ഞു. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി ഗോവയില്‍ പറഞ്ഞ അതേ വാക്കുകള്‍.

ഗുജറാത്ത് ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയ പാഠം ലളിതമാണ്. സംഘപരിവാറില്‍ അധികാരത്തിന്റെ ഉയരങ്ങള്‍ താണ്ടണമെങ്കില്‍ മനുഷ്യരെ വിഭജിച്ചെ പറ്റൂ, മറ്റു വഴികളില്ല. അതതു പ്രദേശങ്ങളിലെ ന്യുനപക്ഷങ്ങളെ കണ്ടെത്തുക, അവര്‍ക്കെതിരെ പരമാവധി വര്‍ഗീയത പ്രചരിപ്പിയ്ക്കുക. മുസ്ലിങ്ങളെ കിട്ടിയാല്‍ നല്ലത്, ഇല്ലെങ്കില്‍ ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ദലിതുകള്‍, ആരായാലും മതി. ബീരേന്‍ സിങ് മാത്രമല്ല ഗുജറാത്തില്‍ നിന്ന് പഠിച്ചത്, മറ്റു പലരുമുണ്ട്.

അസം ഗണപരിഷത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവായിരുന്നു ഹിമന്ത ബിശ്വ ശര്‍മ. ശാരദ ചിട്ടി അഴിമതിക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ മുഖ്യപ്രതി. ഒരിക്കല്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ അവഗണിച്ചു പട്ടികുട്ടിക്ക് ബിസ്‌ക്കറ്റ് കൊടുക്കുകയായിരുന്നു എന്ന് ആരോപിച്ചു അദ്ദേഹം ബിജെപി യിലെത്തി.

ഹിമന്ത ബിശ്വ ശര്‍മ

അദ്ദേഹത്തിന്റെ സ്വഭാവം മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടാകും, രാഹുല്‍ ഗാന്ധി തന്ത്രപൂര്‍വം അദ്ദേഹത്തെ അവഗണിച്ചത് എന്ന് കോണ്‍ഗ്രെസ്സുകാര്‍ ഇപ്പോള്‍ പറയുന്നുണ്ട്. ഏതായാലും ബിജെപി യില്‍ ഏറ്റവും നന്നായി ഗുജറാത്ത് മോഡല്‍ നടപ്പാക്കിയത് ഹിമന്ത ബിശ്വസ് ശര്‍മയാണ്.

വടക്കുകിഴക്ക് മുഴുവന്‍ എല്ലാവരെയും തമ്മില്‍ തല്ലിച്ചും അഴിമതി പണം വലിച്ചെറിഞ്ഞും ഹിമന്ത ബിശ്വ ശര്‍മ സ്വന്തമാക്കി.

അസമില്‍ മുസ്ലിങ്ങളുണ്ട്, നല്ലൊരു ശതമാനം. ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാന്‍ പറ്റിയ സാഹചര്യങ്ങള്‍ എല്ലാമുണ്ട്. ഒറ്റ മുസ്ലിമിന് പോലും ടിക്കറ്റ് കൊടുക്കാതെ അവരും നമ്മളും തമ്മിലുള്ള മത്സരമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ഹിമന്ത ബിശ്വാസ് തുടങ്ങിയത്.

മുസ്ലിങ്ങള്‍ മുഴുവന്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ്, അവര്‍ പെറ്റു പെരുകുന്നു, ലവ് ജിഹാദ് നടത്തുന്നു എന്ന് തുടങ്ങി ഗീബല്‍സ് ജൂതന്മാര്‍ക്കെതിരെ നടത്തിയ പ്രചാരങ്ങളുടെ ആവര്‍ത്തനം അസമില്‍ നടത്തി, ഹിന്ദുക്കളുടെ മുഴുവന്‍ വോട്ടും വാങ്ങി അസമില്‍ ഗുജറാത്ത് മോഡല്‍ ഹിമന്ത ആവര്‍ത്തിച്ചു. അസം രാഷ്ട്രീയം ഇന്ന് ലളിതമാണ്, അവരും നമ്മളും, കൂടുതലുള്ളത് നമ്മള്‍, അത് കൊണ്ട് നമ്മള്‍ ജയിക്കും. നമ്മുടെ നേതാവ് ഹിമന്ത. ഗുജറാത്തിലെ അതെ ഫോര്‍മുല. അസമിന്റെ മോഡിയായി മാറി ഹിമന്ത.

പക്ഷെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍. മിക്കയിടത്തും കാര്യമായി മുസ്ലിങ്ങളില്ല. ഹിമന്ത ബിശ്വ ശര്‍മക്കും റാം മാധവിനുമായിരുന്നു വടക്കു സംസ്ഥാനങ്ങളില്‍ ബിജെപി യെ വിജയിപ്പിക്കേണ്ടതിന്റെ ചുമതല. ഓരോ സംസ്ഥാനത്തും പറ്റിയ ശത്രുക്കളെ അവര്‍ കണ്ടു പിടിച്ചു. മിക്കയിടത്തും ക്രിസ്ത്യനികള്‍, ചിലയിടത്ത് ബംഗാളി ഹിന്ദുക്കള്‍, മറ്റുള്ളയിടങ്ങളില്‍ ചില ഗോത്ര വര്‍ഗക്കാര്‍, അങ്ങനെയങ്ങനെ.

ത്രിപുരയില്‍ ശത്രുവായി കണ്ടെത്തിയത് ബംഗാളി ഹിന്ദുക്കളെയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ബംഗാളില്‍ നിന്ന് കാര്‍ഷിക ജോലികള്‍ക്കായി ബംഗാളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍, നൂറു ശതമാനം ഇന്ത്യക്കാര്‍, പത്തരമാറ്റ് ഹിന്ദുക്കള്‍. പക്ഷെ ഇവര്‍ മുഴുവന്‍ ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്ന് പറഞ്ഞു നിരന്തരം അവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു കൊണ്ടിരുന്ന ഐ.പി.എഫ്.ടി എന്ന സംഘടനെയെ ബി.ജെ.പി സഖ്യകക്ഷിയാക്കി.

തദ്ദേശീയ ത്രിപുരക്കാരെ മുഴുവന്‍ ബംഗാളി ഹിന്ദുക്കള്‍ക്കെതിരെയാക്കി. മണിപ്പൂരില്‍ മെയ്തികളെ കൂക്കികള്‍ക്കെതിരെ തിരിച്ചു.

നാല്പത് സീറ്റുകള്‍ മെയ്തികള്‍ക്ക് ഒറ്റക്ക് ജയിക്കാമെങ്കില്‍ കുക്കികള്‍ എതിരായാലും കുഴപ്പമില്ല എന്നതായിരുന്നു സോഷ്യല്‍ എഞ്ചിനീയറിങ്ങ്. മെയ്തികളുടെ ഭീകര സംഘടനകള്‍ തങ്ങളുടെ നേതാവായി കരുതുന്ന ബീരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കി.

ഗീബല്സിന്റെ പുസ്തകത്തിലെ മുഴുവന്‍ ആരോപണങ്ങളും ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തി, ബര്‍മയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍, കഞ്ചാവ് കൃഷിക്കാര്‍, കുരിശു കൃഷിക്കാര്‍, പെണ്‍കുട്ടികളെ വശീകരിച്ചു കൊണ്ട് പോകുന്നവര്‍, പന്നികളെ പോലെ പെറ്റു പെരുകുന്നവര്‍. ഭാഗ്യത്തിന് ഭക്ഷണത്തില്‍ തുപ്പുന്നവര്‍ എന്ന് മാത്രം പറഞ്ഞില്ല.

അസമും ത്രിപുരയും മണിപ്പൂരും സോഷ്യല്‍ എഞ്ചിനീറിങ്ങിലൂടെ സ്വന്തമാക്കിയ ഹിമന്ത മറ്റു ചെറു സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരെ വിലക്ക് വാങ്ങി വടക്കു കിഴക്കന്‍ തേരോട്ടം പൂര്‍ണമാക്കി. പക്ഷെ അതവിടെ അവസാനിച്ചില്ല, എല്ലാ കാലത്തും പണം നല്‍കി എം.എല്‍.എമാരെ വാങ്ങാനാവില്ലല്ലോ. ഇപ്പറഞ്ഞ എല്ലാ സംസ്ഥാനങ്ങളിലും സോഷ്യല്‍ എഞ്ചിനീയറിങ് ഊര്‍ജിതമാക്കി, വിഭജനങ്ങള്‍ എല്ലായിടത്തും പൂര്‍ണമാകുന്നു, അടുത്ത തെരഞ്ഞെടുപ്പില്‍ മിക്കവാറും എം.എല്‍.എമാരെ വിലക്ക് വാങ്ങേണ്ടി വരില്ല.

ഈ സോഷ്യല്‍ എഞ്ചിനീയറിങ് വടക്കു കിഴക്ക് ഒതുങ്ങുന്നില്ല. 25% ത്തോളം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഗോവയില്‍ ( ഗോവയില്‍ ഭൂരിപക്ഷം ക്രിസ്ത്യാനികളാണെന്ന ഒരു പൊതു വിശ്വസം മലയാളികക്കിടയിലുണ്ട്, അത് ശരിയല്ല ) ദ്രുവീകരണ ശ്രമങ്ങള്‍ ശക്തമാണിപ്പോള്‍.

മുഖ്യമന്തി പ്രമോദ് സാവന്ത് നിരന്തരം ക്രിസ്ത്യാനികള്‍ക്കെതിരെ ഡോഗ് വിസ്ലിങ്ങ് നടത്തി കൊണ്ടിരിക്കുന്നു. വരാനുള്ള തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കളെ ഒരു വശത്തും ക്രിസ്ത്യാനികളെ മറ്റൊരു വശത്തും നിര്‍ത്താനുള്ള കാര്യമായ ശ്രമങ്ങളാണവിടെ. ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് 80-20 അനുപാതത്തിലാണ്.

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കത്തിച്ച ഹത്രാസില്‍ ബി.ജെ.പി ജയിച്ചത് മറ്റു ജാതിക്കാരെ ദളിതുകള്‍ക്കെതിരെ ഒരുമിപ്പിചാണ്. കര്‍ഷക സമരക്കാലത്ത് നടന്നത് മുഴുവന്‍ സിക്കുകാര്‍ക്കെതിരായ വംശീയ പ്രചാരണങ്ങളാണ്.

2002 ല്‍ തന്റെ ഗുരുക്കളായ വാജ്‌പേയിയെയും അദ്വാനിയെയും ധിക്കരിച്ചു നരേന്ദ്രമോദി രാജിവെക്കാന്‍ വിസമ്മതിച്ച അതെ വേദിയില്‍, പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ബി.ജെ.പി യുടെ മറ്റൊരു ദേശിയ യോഗം നടന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കരുതെന്ന് യോഗത്തോട് അഭ്യര്‍ത്ഥിച്ച അദ്വാനി പുറത്തായി.

പിന്നീട് ബി.ജെ.പിയുടെ എല്ലാ കമ്മിറ്റികളില്‍ നിന്നും പുറത്തായ അദ്വാനിയെ കുടിയിരുത്താന്‍ മാര്‍ഗനിര്‍ദേശക മണ്ഡല്‍ എന്നൊരു കമ്മിറ്റിയുണ്ടാക്കി, പക്ഷെ അതിന്റെ യോഗം ഒരിക്കല്‍ പോലും നടന്നില്ല. അതിനു ശേഷം രണ്ടു പ്രാവശ്യം ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. താന്‍ സംഘപരിവാറിന് വേണ്ടി ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു തന്നെ രാഷ്ട്രപതിയാക്കണമെന്ന് അദ്വാനിയും അദ്വാനിക്ക് വേണ്ടി ആര്‍എസ്എസും മോദിയോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യമുഴുവന്‍ രഥം ഓടിച്ചു അക്ഷരാര്‍ത്ഥത്തില്‍ ചോരച്ചാലുകള്‍ നീന്തിക്കയറിയാണ് അദ്വാനി ഇക്കാണുന്ന ബി.ജെ.പി ഉണ്ടാക്കിയത്.

ആ രഥയാത്ര ‘വിജയിപ്പിച്ചതിന്റെ’ പ്രതിഫലമായിട്ട് അദ്വാനിയാണ് മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. തന്റെ ഗുരുവായ കേശുഭായ് പട്ടേലിനെ പുറത്താക്കിയാണ് തന്റെ ശിഷ്യനായ മോദിയെ അദ്വാനി വാഴിച്ചത്. ഇന്ത്യാ ചരിത്രത്തില്‍ എവിടെയെങ്കിലും തന്റെ പേര് എഴുതപ്പെടണമെന്ന് ആഗ്രഹിച്ച അദ്വാനി രാഷ്ട്രപതിയാവാന്‍ കെഞ്ചി കാല് പിടിക്കാത്ത ആര്‍.എസ്. എസ് നേതാക്കളില്ല. പക്ഷെ ആ സ്ഥാനം ഒരിക്കലും അദ്വാനിയെ തേടിയെത്തിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം മോഹഭംഗം അനുഭവിച്ച നേതാവായി ഇന്നും അദ്വാനി ജീവിക്കുന്നു.

കാലങ്ങള്‍ കഴിഞ്, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന പാദത്തില്‍, ഇന്ന്, മോഡി ഒരു അന്താരാഷ്ട്ര സ്റ്റേറ്റ്സ്മാന്‍ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപെടുമ്പോള്‍ ബീരേന് സിങിന്റെ വരവായി. വാജ്‌പേയിയുടെ അവസാന കാലത്തിന്റെ ആവര്‍ത്തനം.

‘it is complicated’, മോദിയെ പോലുള്ളവരുമായുള്ള തന്റെ ബന്ധത്തെ പറ്റി കഴിഞ്ഞയാഴ്ച സി.എന്‍.എന്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ബരാക്ക് ഒബാമ പറഞ്ഞു. തനിക്ക് ഒബാമയുമായി തു-താടി ( എടാ-പോടാ) ബന്ധമാണുള്ളതെന്നായിരുന്നു മോദി അക്ഷയ്കുമാറുമായുള്ള ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. മൈ ഫ്രണ്ട് ബരാക്ക് എന്നായിരുന്നു മോഡി ഒബാമയെ വിശേഷിപ്പിക്കാറുള്ളത്.

മോദിയും ഒബാമയും

‘ഒരു പ്രസിഡന്റായിരിക്കുമ്പോള്‍ അത്തരം ആളുകളുമായൊക്കെ ബന്ധം വേണ്ടി വരും. അത് രാജ്യ സുരക്ഷയെയും സാമ്പത്തിക താല്പര്യത്തേയും മുന്നിര്ത്തിയുള്ളതാണ്’. മോദി തന്റെ പേരില്‍ ആരോപിക്കുന്ന സൗഹൃദത്തെ പരോക്ഷമായി തള്ളിക്കൊണ്ട് ഒബാമ പറഞ്ഞു. അതിനെ തുടര്‍ന്നാണ് ഹുസൈന്‍ ഒബാമ എന്ന പേര് വിളിച്ചു ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്യുന്നതും നിര്‍മല സീതാരാമന്‍ ഒബാമയെ വിമര്‍ശിച്ചു പത്രസമ്മേളനം നടത്തുന്നതും.

മൂന്നു സുഹൃത്തുക്കളായിരുന്നു മോദിക്കുള്ളത്, ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങും ഒബാമയും അദാനിയും. ഒബാമ മോദിയെ തള്ളിപ്പറഞ്ഞു, ജിന്‍പിങ് ചതിച്ചു, അദാനി കൂടെ കൊണ്ട് നടക്കാന്‍ കഴിയാത്ത സ്ഥിതിയിലായി.

2014 വരെ യൂറോപ്പും അമേരിക്കയും വംശഹത്യയുടെ പേരില്‍ വിസ നിഷേധിച്ച വ്യക്തിയായിരുന്നു മോദി. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ക്രിസ്ത്യന്‍ സഭയുടെ മേധാവി മോദിയുടെ മേല്‍ വംശഹത്യ വീണ്ടും ആരോപിക്കുമ്പോള്‍ അതിനര്‍ത്ഥം വത്തിക്കാന്റെ ആരോപണമാണ് അത് എന്നാണ്.

ബിഷപ് പാംപ്ലാനി ഉപയോഗിക്കുന്ന വാക്ക് ഗുജറാത്ത് കലാപം എന്നല്ല, ഗുജറാത്ത് വംശഹത്യ എന്നാണ്, മണിപ്പൂര്‍ കലാപം എന്നല്ല, മണിപ്പൂര്‍ വംശഹത്യ എന്നാണ്.

സഭകള്‍ കൃത്യമായി ആലോചിച്ചുറപ്പിച്ചാകും ഈ ഒരു വാക്ക് ഉപയോഗിക്കുന്നത്. വത്തിക്കാന്റെ ആരോപണം ലോകത്തിന്റെ ആരോപണമാകാന്‍ അധികം സമയം വേണ്ട.

ഇപ്രാവശ്യത്തെ അമേരിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ അപമാനിക്കാനുണ്ടായ നിരവധി ശ്രമങ്ങള്‍ – പത്രസമ്മേളനത്തിന് നിര്ബന്ധിക്കല്‍, അവിടെ കുറ്റപ്പെടുത്തുന്ന രീതിയിയിലുള്ള ചോദ്യം ചെയ്യല്‍, ഒബാമയുടെ ഇന്റര്‍വ്യൂ, സെനറ്റര്‍മാരുടെ ബഹിഷ്‌ക്കരണം, പത്രങ്ങളിലെ എഡിറ്റോറിയലുകള്‍ – വരാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം സ്വാഭാവികയും കരുതുന്നുണ്ടാകും. ബീരേന്‍ സിങ്ങിന്റെ രാജി മറ്റാരേക്കാളും ഇപ്പോള്‍ വേണ്ടത് മോദിക്കാണ്.

തന്റെ ശിഷ്യന്മാരാണെങ്കിലും താന്‍ പഠിപ്പിച്ച തന്ത്രങ്ങളില്‍ തന്നെക്കാള്‍ വളര്‍ന്നവരാണ് ബീരേന് സിങ്ങും ഹേമന്ത ബിശ്വാസ് ശര്‍മയും യോഗി ആദിത്യനാഥും എന്ന് മോദിക്കറിയാം. അവരവരുടെ സംസ്ഥാനങ്ങളില്‍ അവര്‍ ഭൂരിപക്ഷത്തിന്റെ ഹീറോകളാണ്. പതിറ്റാണ്ടുകളായി താനുള്‍പ്പട്ട സംഘപരിവാര്‍ വിഷലിപ്തമാക്കിയ കര്മഭൂയിയില്‍ അവര്‍ ഭൂരിപക്ഷത്തിന്റെ മനസ്സില്‍ അവര്‍ക്ക് വേണ്ടി പട നയിക്കുന്ന യോദ്ധാക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles