Wednesday, December 25, 2024

Top 5 This Week

Related Posts

ഏക സിവിൽ കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ലെന്നു മുസ്ലിം കോർഡിനേഷൻ കമ്മിറ്റി

കോഴിക്കോട് : ഏക സിവിൽ കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഗോത്രവർഗക്കാരടക്കം സമൂഹത്തെ ബാധിക്കുന്നതാണെന്നും മുസ്ലിം കോർഡിനേഷൻ കമ്മിറ്റി വിലയിരുത്തി. ഏകവ്യക്തി നിയമത്തിനെതിരെ മുസ്ലിംകൾ മാത്രമല്ല, എല്ലാവരും ഒരുമിച്ചു നിന്നു പ്രതികരിക്കണമെന്നും സാദിഖലി ഷിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. കോഴിക്കോട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

”ഗോത്രവർഗക്കാരടക്കം നിരവധിപേരെ ഇത് കാര്യമായി ബാധിക്കും. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട ഒരു വിഷയമല്ല ഇത്. നിയമപരമായി പോരാടേണ്ടിവരും. രാഷ്ട്രീയമായി നേരിടാൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്. ഫാഷിസ്റ്റുകൾ ഇവിടെ ശക്തമാണ്. അവർ ഏതുവിധേനയും ഇത് നടപ്പാക്കാൻ ശ്രമിക്കും.”സാദിഖലി തങ്ങൾ പറഞ്ഞു. തെരുവിലറങ്ങി പ്രതിഷേധിക്കേണ്ട കാര്യമല്ല, നിയമപരമായും രാഷ്ട്രീയമായും നേരിടണമെന്നും തങ്ങൾ വിശദീകരിച്ചു.
ഏകസിവിൽ കോഡ് സംബന്ധിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. എല്ലാ മതവിഭാഗക്കാരെയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.എം.എ സലാം, കെ.പി.എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ എം എൽ.എ എന്നിവർക്ക് പുറമേ കൊയ്യോട് ഉമ്മർ മുസ്ല്യാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, എ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ശരീഫ് മേലേതിൽ (കെ.എൻ.എം), പ്രൊഫ. എ.കെ അബ്ദുൽ മജീദ് (സമസ്ത എ.പി വിഭാഗം), സി.പി ഉമർസുല്ലമി, ഡോ. ഇ.കെ മുഹമ്മദ് കുട്ടി (കെ.എൻ.എം മർകസ്സുദ്ദഅവ), എം.കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), പി.എൻ അബ്ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി, ഡോ. അഹമ്മദ് കബീർ ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ഡോ. ഫസൽ ഗഫൂർ, സലാഹുദ്ദീൻ ഒ.സി (എം.ഇ.എസ്), എഞ്ചിനീയർ പി. മുഹമ്മദ് കോയ (എം.എസ്.എസ്), അബുൽ ഹൈർ മൗലവി (തബ്ലീഗ് ജമാഅത്ത്) എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles