2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമായി ബിജെപി മുന്നോട്ടുവയ്ക്കുന്ന ഏക സിവിൽ കോഡിൽ ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്്്. സഖ്യകക്ഷികളായ എൻപിപി, എൻഡിപിപി, മിസോ നാഷ്ണൽ ഫ്രണ്ട് എന്നീ പാർട്ടികൾ എതിർപ്പ് അറിയിച്ചു. നിയമം നാഗാലൻഡിലെ സമാധാനശ്രമങ്ങളെ ബാധിക്കുമെന്ന് എൻഡിപിപി മുന്നറിയിപ്പ് നൽകി.
ഏക വ്യക്തി നിയമം ഇന്ത്യയെന്ന ആശയത്തിൻ എതിരാണെന്ന് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കൊൺറാഡ് സാങ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. മിസോറം നിയമസഭ നേരത്തെ ഏക വ്യക്തി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഏക വ്യക്തി നിയമം ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളും സാംസ്‌ക്കാരിക തനിമയും ആചാരങ്ങളും ഇല്ലാതാക്കും എന്ന ആശങ്കയാണ് ഗോത്ര വിഭാഗങ്ങളുടെ നേതാക്കൾ പങ്കുവയ്ക്കുന്നത്. കേരളത്തിൽ ബിജെപിയുടെ ഭാഗമായ ആദിവാസി ഗോത്ര സഭ ഏക സിവിൽ കോഡിനെ പിന്തുണക്കില്ലെന്നു പ്രസ്താവിച്ചു.
എന്ത് സംവിധാനം വന്നാലും അതിന് പുറത്തുള്ളവരാണ് ആദിവാസികൾ. ആദിവാസികളുടെ ഐഡന്റിറ്റി, പൈതൃകം, വിശ്വാസമൊക്കെ വ്യത്യസ്ത രീതിയിലാണ്. പൊതുസമൂഹ സംവിധാനം ആദിവാസികളെ അകറ്റി നിർത്തുന്നതാണ് ഇതുവരെ കാണുന്നത്. ജാനു പറഞ്ഞു. രാജ്യത്തെ ആദിവാസി- ഗോത്ര വിഭാഗങ്ങൾ ഒന്നാകെ സിവിൽകോഡിനെതിരാകുമെന്ന സൂചനയാണ് ഈ നിലപാടുകൾ വ്യക്തമാക്കുന്നത്.