വിഷലിപ്തമായ ഉള്ളടക്കവുമായി പുറത്തിറങ്ങുന്ന ദ കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധം ശക്തമായതോടെ 32000 പേർ മതം മാറി ഐഎസ്‌ഐസിൽ ചേർന്നുവെന്ന യൂട്യൂബ് ട്രെയിലറിലെ വിവരം തിരുത്തി നിർമാതാക്കൾ. 32000 എന്നത് മൂന്നായി മാറ്റിയാണ് പുതിയ വിവരണം. മൂന്ന് യുവതികളുടെ ജീവിതം ഇല്ലാതായ കഥയെന്നാണ് മാറ്റം.
‘കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ’ എന്നായിരുന്നു സൺഷൈൻ പിക്‌ചേഴ്‌സിൻറെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിൽ നേരത്തെ നൽകിയിരുന്ന. വിവാദമായ ചിത്രത്തിൽ ഏറ്റവും രൂക്ഷമായ വിമർശനത്തിന് കാരണമായത് ഈ 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന ഉള്ളടക്കമാണ്. ദൃശ്യ -അച്ചടി -ഓൺലൈൻ മാധ്യമങ്ങളിലും വിഷയം ചർച്ചയായതോടെ ചിത്രത്തെ അനുകൂലിക്കുന്ന ബിജെപി- സ്ംഘ് പരിവാർ നേതാക്കൾ പ്രതിരോധത്തിലായി. മറുപടി പറയാനാകാതെ വന്നതോടെ 32000 ആഗോള കണക്കാണെന്നും മറ്റും വാദിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ചിത്രത്തിന്റെ സംവിധായകൻ സുധീപ്‌തോ സെന്നും ഇത് കേരളത്തിന്റെ ഒറിജിനൽ കഥയാണെന്നും ഏഴ് വർഷം ഗവേഷണം നടത്തി ആറായിരത്തോളം പേരെ കണ്ടാണ് ചിത്രം തയ്യാറാക്കിയതെന്നും അവകാശപ്പെട്ടിരുന്നു.
32000 പേർ മതംമാറി സിറിയയിലേക്ക് പോയി എന്നു തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ, ലക്ഷങ്ങൾ വാഗ്ദാനം ചെയത് മറ്റു ചില വ്യക്തികളും രംഗത്തുവന്നു. നുണ പ്രചാരണം തിരിച്ചടിയായതോടെയാണ് ഇപ്പോൾ വിവരണം തിരിത്തിയതെന്നാണ് അറിയുന്നത്. മാത്രമല്ല, സിനിമ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹർജി നാളെ സുപ്രിം കോടതിയിലും, ഹൈക്കോടതിയിലും വരുമെന്ന സൂചനയിൽ തിരിച്ചടി ഉണ്ടാകുമെന്ന ഭയവും മാറ്റത്തിനു കാരണമാകാം.
‘ദി കേരള സ്റ്റോറി’ക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണം. കേരള മുൻ മുഖ്യമന്ത്രിയുടെ പരാമർശം ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.
ട്രെയിലർ വിവരം തിരുത്തിയ വിവരം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് ട്വീറ്റ് ചെയ്തത്്്