Monday, January 27, 2025

Top 5 This Week

Related Posts

15-മത് ഡോക്യുമെന്ററി – ഹ്രസ്വ ചലച്ചിത്ര മേള, സൈൻസ് മൂവാറ്റുപുഴയിൽ ഏപ്രിൽ രണ്ടുമുതൽ

ആറ് ദിവസങ്ങളിലായി രണ്ട് തിയേറ്ററുകളിൽ നടക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 120 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും

മൂവാറ്റുപുഴ : ജോൺ എബ്രഹാം ദേശീയ പുരസ്‌കാരത്തിന് വേണ്ടിയുള്ള 15-മത് ഡോക്യുമെന്ററി - ഹ്രസ്വ ചലച്ചിത്ര മേള, സൈൻസ് -  ഏപ്രിൽ 2 മുതൽ 7 വരെ  ഇ വി എം ലത തിയറ്റർ സമുച്ചയത്തിൽ നടക്കും. 80 ചിത്രങ്ങൾ മത്സര - മത്സരേതര (ഫോക്കസ്) വിഭാഗങ്ങളിൽ പ്രദർശിപ്പിക്കും. വിഖ്യാത ഡോക്യുമെന്ററി സംവിധായകൻ ലളിത് വചാനി ചെയർമാനും സംവിധായിക സുനന്ദാ ഭട്ട്, ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ മണിലാൽ എന്നിവർ അംഗങ്ങളുമായ ജൂറി പുരസ്‌കാരങ്ങൾ നിർണയിക്കും. മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, സിനിമ എക്‌സ്പിരിമെന്റ, ഫിലിം ഓഫ് റെസിസ്റ്റൻസ് എന്നീ ദേശീയ പുരസ്‌കാരങ്ങൾക്കൊപ്പം മികച്ച മലയാള ചിത്രത്തിന്  പുരസ്‌കാരവും നൽകും. 50000/- യും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് ജോൺ ഏബ്രഹാം പുരസ്‌കാരം.
2022 ഏപ്രിൽ 2, ശനിയാഴ്ച വൈകിട്ട് ഇ വി എം ലത തിയേറ്റർ അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വെച്ച് പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ മേള ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി, ഡോ. മാത്യു കുഴൽനാടൻ എം എൽ എ,  പി പി എൽദോസ് (മുനിസിപ്പൽ ചെയർമാൻ), ജോയ്‌സ് മേരി ആന്റണി (മുനിസിപ്പൽ കൗൺസിലർ),  സംവിധായകൻ കെ എം കമൽ, നടൻ ഇർഷാദ്, പ്രേമേന്ദ്ര മജൂംദാർ (ഫിപ്രസ്‌കി ഇന്ത്യ ജനറൽ സെക്രട്ടറി),   കെ ജി മോഹൻകുമാർ (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയണൽ സെക്രട്ടറി) യു ആർ ബാബു (പ്രസിഡന്റ് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ പ്രദർശനം ആരംഭിക്കും. മേളയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഷകളിൽ നിന്ന് സമർപ്പിക്കപ്പെട്ട 200 ലധികം ചിത്രങ്ങളിൽ നിന്ന് പ്രാഥമിക ജൂറി തെരഞ്ഞെടുത്ത 21 ഡോക്യുമെന്ററികളും 20 ഹ്രസ്വചിത്രങ്ങളും മത്സരവിഭാഗത്തിലും 25 ഡോക്യുമെന്ററികളും 14 ഹ്രസ്വചിത്രങ്ങളും മത്സരേതര (ഫോക്കസ്) വിഭാഗത്തിലും പ്രദർശിപ്പിക്കും. പ്രമുഖചലച്ചിത്രനിരൂപകനായ ഡോ. സി എസ് വെങ്കിടേശ്വരൻ ആണ് മേളയുടെ ആർടിസ്റ്റിക് ഡയറക്ടർ. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ്രചെലവൂർ വേണു ആണ് ഫെസ്റ്റിവൽ ചെയർമാൻ. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ റീജിയണൽ കൗൺസിൽ അംഗവും കേരള സംസ്ഥാനചലച്ചിത്ര അക്കാദമി അംഗവുമായ പ്രകാശ് ശ്രീധർ ഫെസ്റ്റിവൽ കോർഡിനേറ്ററും റീജിയണൽ കൗൺസിൽ അംഗം രജി എം ദാമോദരൻ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്.

യുദ്ധത്തിലെ പടയാളികൾ

അന്തരിച്ച വിഖ്യാതകവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ ജീവിതം ആസ്പദമാക്കി എം ആർ രാജൻ സംവിധാനം ചെയ്ത തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ എന്ന ഡോക്യുമെന്ററി മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
ഡോക്യുമെന്ററി/ഹ്രസ്വചലച്ചിത്രമത്സരവിഭാഗങ്ങൾക്കുപുറമേ മേളയുടെ മുഖ്യാകർഷണമായ പ്രത്യേക പാക്കേജുകൾ താഴെ പറയുന്നവയാണ്.

കാലമെഴുതും നാട്ടുചുവടുകൾ

രാമചന്ദ്രൻ (കേളി) ക്യുറേറ്റ് ചെയ്ത പാക്കേജിൽ നമ്മുടെ ഉപഭൂഖണ്ഡത്തിലെ കലയെയും രാഷ്ട്രീയത്തെയും തനതായ ഇടപെടലുകളിയൂടെ നിർവചിച്ച കലാകാൻമാരുടെ ജീവിതവും കലാപ്രയോഗങ്ങളെയും ആസ്പദമാക്കിയുള്ള 12 ചിത്രങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

നഗരി

വിവിധങ്ങളായ ഇന്ത്യൻ നഗരങ്ങൾ പശ്ചാത്തലമാക്കി നഗരങ്ങളുടെ പ്രശ്‌നങ്ങളും അവയോടുള്ള സമീപനവും പരിശോധിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കാൻ പ്രചോദനം കൊടുത്തുകൊണ്ട് ചാൾസ് കൊറിയ ഫൗണ്ടേഷൻ നടത്തിയ മത്സരത്തിലെ 2020, 21 വർഷങ്ങളിലെ മികച്ച 19ചിത്രങ്ങളുടെ പാക്കേജ്.

മെനി ലെഗസീസ് ഓഫ് ഫിലിംസ് ഡിവിഷൻ

ഫിലിംസ് ഡിവിഷൻ അടക്കം ചലച്ചിത്ര നിർമാണ-സംരക്ഷണ മേഖലകളിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫിലിംസ് ഡിവിഷൻ നിർമ്മിച്ച വിവിധ ജനുസുകളിലും ശൈലികളിലും ഉള്ളതും വിഖ്യാത സംവിധായകർ സംവിധാനം ചെയ്തതുമായ 9 ചിത്രങ്ങൾ ഈ പാക്കേജിൽ പ്രദർശിപ്പിക്കും.

ആദരാജ്ഞലി (ഹോമേജ്)

അന്തരിച്ച വിഖ്യാത സംവിധായകൻ ബുദ്ധ ദേബ് ദാസ് ഗുപ്തയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തെ പറ്റി സുപ്രിയ സൂരി സംവിധാനം ചെയ്ത മാസ്‌ട്രോ, എ പോർട്രയ്റ്റ് എന്ന ചിത്രം പ്രദർശിപ്പിക്കും.
ജൂറി ഫിലിംസ്
സൈൻസ് മേളയിലെ ജൂറി അംഗങ്ങളായ ലളിത് വചാനി, സുനന്ദാ ഭട്ട്, മണിലാൽ എന്നിവർ സംവിധാനം ചെയ്ത 4ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

സൈൻസ് പ്രഭാഷണ പരമ്പര – കലയും പൊതുമയും

കലയും പൊതുമയും എന്നതാണ് ഈ വർഷത്തെ സൈൻസ് മേളയുടെ പ്രമേയം. ഈ പ്രമേയത്തെ മുൻനിർത്തി ഡോ. സുനിൽ പി ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, പി എൻ ഗോപീകൃഷ്ണൻ, അജു കെ നാരായണൻ, രാമചന്ദ്രൻ (കേളി) തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ ഏപ്രിൽ 3 മുതൽ 6 വരെയുള്ള തീയതികളിൽ വൈകിട്ട് 5.30 ന് തിയറ്റർ അങ്കണത്തിൽ വെച്ച് നടത്തപ്പെടും.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ തിയറ്റർ അങ്കണത്തിൽ നടക്കും. 2022 ഏപ്രിൽ 7, വ്യാഴാഴ്ച വൈകിട്ട് ചേരുന്ന സമാപന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരപ്രഖ്യാപനവും വിതരണവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles