Monday, January 27, 2025

Top 5 This Week

Related Posts

ഹഡ്‌സണ്‍ നദിക്കരയിലെ പിശാച്

എഡ്ഗാര്‍ അലന്‍പോ

ന്യൂയോര്‍ക്ക് നഗരത്തില്‍ കോളറ സംഹാരതാണ്ഡവമാടിയ കാലത്ത് ഒരു ബന്ധുവിന്റെ ക്ഷണം ഞാന്‍ സ്വീകരിക്കുകയുണ്ടായി. ഹഡ്‌സണ്‍നദിക്കരയിലെ വസതിയില്‍ തന്റെ ഏകാന്തതയ്ക്ക് ഒപ്പം രണ്ടാഴ്ചക്കാലം ചെലവഴിക്കാനായിരുന്നു അവന്റെ ക്ഷണം. ഗ്രീഷ്മകാലവിനോദങ്ങള്‍ക്ക് സാധാരണഗതിയില്‍ ആവശ്യമായ എല്ലാ സാമഗ്രികളും അവിടെ ഉണ്ടായിരുന്നു. മരങ്ങള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ വഴികള്‍,ചിത്രരചന,ബോട്ടുയാത്ര,മത്സ്യബന്ധനം,സ്‌നാനം,സംഗീതം,പുസ്തകങ്ങള്‍-ഇവയുടെ സാന്നിദ്ധ്യംമൂലം ഉല്ലാസകരമായി നേരം ചെലവഴിക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നു.എന്നാല്‍ ന്യൂയോര്‍ക്ക്‌നഗരത്തില്‍ നിന്ന് ഓരോ പ്രഭാതത്തിലുമെത്തിയ ഭീതിജനകമായ വിവരങ്ങള്‍ ഞങ്ങളുടെ സന്തോഷവേളകള്‍ തല്ലിക്കെടുത്തി. പ്രിയപ്പെട്ടവരുടെ ദേഹവിയോഗത്തിന്റെ വാര്‍ത്തകളെത്താത്ത ഒരു ദിവസം പോലും കടന്നുപോയിരുന്നില്ല. ദുരന്തഭീതി വര്‍ധിച്ചുവന്നപ്പോള്‍ ദിനംപ്രതി സുഹ്യത്തുക്കളുടെ മരണം പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ പഠിച്ചു.ഓരോ ദൂതന്റെ വരവിലും ഞങ്ങള്‍ ഭയന്നുവിറച്ചു.തെക്കുനിന്ന് വീശിയടിച്ച ഉഷ്ണക്കാറ്റില്‍ മരണത്തിന്റെ മണമുണ്ടെന്ന് തോന്നി.യഥാര്‍ഥത്തില്‍ നിസ്സഹായാവസ്ഥ ബാധിച്ച ആ ചിന്ത എന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് സംസാരിക്കാനോ ,ചിന്തിക്കാനോ എന്തെങ്കിലും സ്വപ്‌നം കാണാനോ സാധിച്ചില്ല.

തന്റെ ഊര്‍ജസ്വലതയ്ക്കും ഉത്സാഹത്തിനും ക്ഷീണം തട്ടിയിരുന്നുവെങ്കിലും എന്റെ ആതിഥേയന്‍ വികാരവിക്ഷോഭങ്ങള്‍ക്ക് അതീതനായിരുന്നു.അവന്റെ ദാര്‍ശനികമായ ധിഷണയെ അയഥാര്‍ഥമോ യുക്തിരഹിതമോ ആയ കാര്യങ്ങള്‍ ഒരു ഘട്ടത്തിലും സ്വാധീനിച്ചില്ല. ഭീതിയുടെ സാരാംശങ്ങളെക്കുറിച്ച് ബോധവാനായിരുന്നുവെങ്കിലും അവയുടെ നിഴലുകളെ അവന്‍ ഭയപ്പെട്ടില്ല.ഞാന്‍ വീണുപോയ തമോഗര്‍ത്തത്തില്‍ നിന്ന് എന്നെ കരകയറ്റാനുള്ള അവന്റെ ശ്രമങ്ങള്‍ തീര്‍ത്തും വിഫലമായി.ആതിഥേയന്റെ ലൈബ്രറിയിലെ ചില പുസ്തകങ്ങള്‍ ഞാന്‍ വായിച്ചതായിരുന്നു അതിന് കാരണം.എന്റെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന,പരമ്പരാഗതമായി പാകിയ അന്ധവിശ്വാസത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്ന കഥാപാത്രങ്ങള്‍ അടങ്ങിയതായിരുന്നു ആ പുസ്തകങ്ങള്‍ .അവന്‍ അറിയാതെയായിരുന്നു ആ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിരുന്നത്.അതിനാല്‍ എന്റെ സങ്കല്പത്തില്‍ അടിച്ചേല്പിച്ച മുദ്രകളുടെ തോത് എത്രത്തോളമാണെന്ന് ആതിഥേയന് തിട്ടമുണ്ടായിരുന്നില്ല.
ശകുനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമായിരുന്നു എനിക്ക ്ഇഷ്ടപ്പെട്ട ഒരു വിഷയം. ഇതു സംബന്ധിച്ച് ഞങ്ങള്‍ ദൈര്‍ഘ്യമേറിയതും ഉത്തേജിപ്പിക്കുന്നതുമായ ചര്‍ച്ചകള്‍ നടത്തി.ഇത്തരം കാര്യങ്ങളുടെ വിശ്വാസ്യതയ്ക്ക് യാതൊ രു അടിസ്ഥാനവുമില്ലെന്നായിരുന്നു അവന്റെ നിലപാട്.എന്നാല്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ജനവികാരത്തില്‍ വസ്തുതകളുടെ സ്പഷ്ടമായ ഘടകങ്ങളുണ്ടെന്നും അതിനാല്‍ അത് പരിഗണന അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു എന്റെ വാദം.

യഥാര്‍ഥത്തില്‍ അവന്റെ വസതിയില്‍ എത്തിയ ഉടനെ വിശദീകരിക്കാനാവാത്ത ഒരു സംഭവത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ദുശ്ശകുന സ്വഭാവം ധാരാളം അടങ്ങിയതായിരുന്നു അത്.അതെന്നെ ഭീതിയുടെ നടുക്കയത്തിലാഴ്ത്തി.ഒരേസമയം അന്ധാളിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു.കുറെ നാളുകള്‍ കഴിഞ്ഞിട്ടാണ് ഈ സംഭവം കൂട്ടുകാരനെ അറിയിക്കാന്‍ എനിക്ക് മനസ്സാന്നിധ്യമുണ്ടായത്.

കൊടുംചൂടില്‍ നാടുരുകുന്ന ഒരുദിനം അസ്തമിക്കാനിരിക്കെ തുറന്ന ജനാലയ്ക്കടുത്ത് ഒരു പുസ്തകം കൈയലേന്തി ഞാനിരിക്കുകയായിരുന്നു.നദീതീരങ്ങളിലെ ദൂരക്കാഴ്ചകളിലായിരുന്നു ഞാന്‍ അഭിരമിച്ചിരുന്നത്.ഉരുള്‍പൊട്ടലില്‍ മരങ്ങള്‍ കടപുഴകി നഗ്നമാക്കപ്പെട്ട വിദൂരമായ കുന്നിന്റെ ബാഹ്യരൂപം എന്റെ തൊട്ടുമുന്നില്‍ പ്രത്യക്ഷമായി.കണ്‍മുന്നിലെ പുസ്തകത്തില്‍നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഇരുട്ടിലേയ്ക്കും ശൂന്യതയിലേയ്ക്കും എന്റെ ചിന്തകള്‍ അലഞ്ഞുതിരിയുകയായിരുന്നു.പുസ്തകത്തില്‍ നിന്നുയര്‍ത്തിയ എന്റെ കണ്ണുകള്‍ കുന്നിന്റെ നഗ്നമുഖത്ത് പതിച്ചു.ഉയരത്തില്‍നിന്ന് അതിവേഗം താഴോട്ട് സഞ്ചരിക്കുന്ന ഭീമാകാരവും ബീഭത്സവുമായ ഒരു ജന്തുവിന്റെ ഭയാനകദൃശ്യം.ഒടുവില്‍ അത് താഴെ ഇടുങ്ങിയ വനത്തില്‍ അപ്രത്യക്ഷമായി.ഈ പിശാചിനെ കണ്ടമാത്രയില്‍ എന്റെ സുബുദ്ധിയില്‍ ഞാന്‍ സംശയാലുവായി.സ്വന്തം കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് ഭ്രാന്തില്ലെന്നും ഞാന്‍ സ്വപ്‌നം കാണുകയല്ലെന്നും ബോധ്യപ്പെട്ടത് വളരെ നേരം കഴിഞ്ഞിട്ടാണ്.പ്രിയപ്പെട്ട വായനക്കാരെ,ചോര മരവിപ്പിക്കുന്ന,ആ ഭീകരസത്വത്തിന്റെ രൂപം വിവരിക്കുന്നത് അങ്ങേയറ്റം ക്ലേശകരമാവുമെന്ന് ഞാന്‍ ആശങ്കപ്പെടുന്നു.
ആ പിശാച് കടന്നുപോയ വഴിക്കടുത്തുള്ള വന്‍മരങ്ങളുടെ-ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട ചിലതാണവ-വ്യാസവുമായി താരതമ്യംചെയ്ത് അതിന്റെ വലുപ്പം കണക്കാക്കാം.ഏത് കപ്പലിനേക്കാളും വലുപ്പം അതിനുണ്ടെന്ന് നിസ്സംശയം പറയാം. അറുപതോ എഴുപതോ അടി നീളമുള്ള തുമ്പികൈയിലായിരുന്നു,അതിന്റെ അസാധാരണ വലുപ്പമുള്ള വായ.അതിന്റെ ദേഹത്തിന്റെ തൊലി സാധാരണ ആനയെ അനുസ്മരിപ്പിച്ചു.അതിന്റെ കൊമ്പിന്റെ വേരിനടുത്ത് പരുപരുത്ത രോമങ്ങളുണ്ടായിരുന്നു.തുമ്പിക്കൈയുടെ ഇരുവശത്തുമായി ഇരുപതോ നാല്പതോ അടിനീളമുള്ള ഓരോ വടിയും കാണപ്പെട്ടു. അസ്തമയ സൂര്യന്റെ രശ്മികളില്‍ അവ ഉജ്ജ്വലമായി തിളങ്ങി.

ഭൂമിയുടെ കേന്ദ്രസ്ഥാനവുമായി ബന്ധിപ്പിച്ച ആപ്പ് പോലെയായിരുന്നു അതിന്റെതമ്പിക്കൈ.അതില്‍ നിന്ന് ഒരു ജോടി ചിറകുകള്‍ വിരിഞ്ഞുനിന്നു. അവയ്ക്ക് ഏതാണ്ട് നൂറുവാര നീളമുണ്ട്.ഒന്നിനുമുകളില്‍ മറ്റൊന്നായിട്ടാണ് ചിറകുകള്‍ കാണപ്പെട്ടത്.ലോഹച്ചെതുമ്പലുകള്‍കൊണ്ട് അവകട്ടിയില്‍ മൂടിയിരുന്നു.ചിറകുകളുടെ മുകളിലും താഴെയുമുള്ള ഭാഗങ്ങള്‍ കരുത്തുള്ള ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു.അസാധാരണവും ഹ്യദയം മരവിപ്പിക്കുന്നതുമായ കാഴ്ച.യുക്തിയുടെ ഏതെങ്കിലും വിചാരങ്ങള്‍കൊണ്ട് എന്റെ ധാരണകളെ ഇല്ലായ്മ ചെയ്യുക അസാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി.ഭയം ജനിപ്പിക്കുന്ന ആ ഭീകരസത്വത്തിന്റെ തുമ്പിക്കൈയുടെ അറ്റത്തെ വലിയതാടിയെല്ലുകള്‍ പെട്ടെന്ന് വികസിച്ചു.തുടര്‍ന്ന് ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങി.അത് മരണമണിപോലെ എന്റെ നാഡിഞരമ്പുകളെ പ്രഹരിച്ചു.ആ ജീവി കുന്നിന്‍ താഴ്‌വരയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ ഞാന്‍ തറയില്‍ ബോധംകെട്ടു വീണു.
ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഒരുകാര്യം ഞാന്‍ തീര്‍ച്ചപ്പെടുത്തി.ഞാന്‍ കണ്ടതുംകേട്ടതും എന്റെ ആതിഥേയനായ കൂട്ടികാരനെ അറിയിക്കണം.ഞാന്‍ അനുഭവിച്ചത് കഷ്ടിച്ചാണെങ്കിലും എനിക്ക് വിവരിക്കാനാവും.
ആ സംഭവംകഴിഞ്ഞ് ഏതാണ്ട ്മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞുകാണും.വിഹ്വലമായ ആകാഴ്ചയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ച അതേ മുറിയില്‍ ഒരുസായാഹ്നത്തില്‍ ഞങ്ങളിരിക്കുകയായിരുന്നു.അതേ ജനാലയ്ക്ക് തൊട്ടടുത്തായിരുന്നു ഞാനിരുന്നത്.അടുത്ത സോഫയില്‍ എന്റെ ആതിഥേയന്‍ അലസനായി ഉപവിഷ്ടനായി.സ്ഥലവും സമയവും ഒത്തുചേര്‍ന്ന സന്ദര്‍ഭത്തില്‍ ആ അദ്ഭുത പ്രതിഭാസത്തെക്കുറിച്ച് അവനെ അറിയിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.

ഞാന്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധിച്ചു കേട്ട അവന്‍ ആദ്യം ഉള്ള്തുറന്ന് ചിരിച്ചു.പിന്നെ എന്നെ ബാധിച്ചത് സംശയാതീതമായ ചിത്തഭ്രമമാണെന്നപോലെ ഗൗരവമായ ആലോചനകളില്‍ മുഴുകി.ആ നിമിഷത്തില്‍ ഭീകരനായ പിശാച് വീണ്ടും പ്രത്യക്ഷപ്പെട്ടു.എന്റെ ആതിഥേയന്‍ താല്പര്യപൂര്‍വം നോക്കിയെങ്കിലും ഒന്നും കണ്ടില്ലെന്ന നിലപാടില്‍ അവന്‍ ഉറച്ചുനിന്നു.അതിന്റെ സഞ്ചാരപഥം അതിസൂക്ഷ്മമായി ഞാന്‍ അവന് വ്യക്തമാക്കികൊടുത്തിരുന്നു.അതൊന്നും അവനില്‍ യാതൊരു സ്വാധീനവും ചെലുത്തിയില്ല.എന്നില്‍ അളക്കാനാവാത്തവിധം അപായമണി പെരുമ്പറകൊട്ടി.ആകാഴ്ച എന്റെ മരണത്തിന്റെ ദുശ്ശകുനമോ അല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ ്രഭാന്തിന്റെ മുന്നോടിയോ ആണെന്ന് ഞാന്‍ ഭയന്നു.തീവ്രമായ വികാരവിക്ഷോഭത്തോടെ ഞാന്‍ കസേരയിലേയ്ക്ക് ചാഞ്ഞു.അല്പനേരം മുഖം കൈകളില്‍ പൂഴ്ത്തി.ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആ സത്വം അപ്രത്യക്ഷമായിരുന്നു.
എന്റെ കൂട്ടുകാരന്‍ ശാന്തനായിരുന്നു. പക്ഷെ,ഞാന്‍ വിവരിച്ച ഭീകരജീവി നിലനില്ക്കുന്നുണ്ടെന്ന ധാരണയെ അവന്‍ ചോദ്യംചെയ്തു.സംശയം പൂര്‍ണമായും തീര്‍ത്തപ്പോള്‍ അവന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.അസഹനീയമായ ഭാരം മനസ്സില്‍ നിന്ന് ഇറക്കിവെച്ചതു പോലെയായിരുന്നു ആ നെടുവീര്‍പ്പ്.
ക്രൂരമായ ശാന്തതയാണ് അവന്‍ പുലര്‍ത്തുന്നതെന്നാണ് ഞാന്‍ കരുതിയത്.എന്നാല്‍ അവന്‍ സംസാരിക്കാന്‍ തുടങ്ങി.അനുമാനദര്‍ശനത്തിന്റെ വിവിധവശങ്ങളെക്കുറിച്ചായിരുന്നു അവന്‍ പറഞ്ഞത്.അത് ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയായി മാറി.

അവന്‍ ഒരു നിമിഷം മൗനിയായി.പിന്നെ നാച്ച്വറല്‍ ഹിസ്റ്ററി എന്ന ഗ്രന്ഥമെടുത്ത് അതിന്റെ രത്‌നച്ചുരുക്കത്തിലേയ്ക്ക് എന്നെ ആനയിച്ചു.ഞങ്ങളുടെ സീറ്റുകള്‍ പരസ്പരം കൈ മാറണമെന്നാവശ്യപ്പെട്ടു.പുസ്തകത്തിലെ അക്ഷരങ്ങള്‍ വ്യക്തമായി കാണാനായിരിക്കാം സീറ്റ്മാറ്റമെന്നാണ് ഞാന്‍ കരുതിയത്.ജനലരികിലെ എന്റെ ചാരുകസേരയില്‍ അവനും അവന്റെ സീറ്റില്‍ ഞാനും ഇരിപ്പുറപ്പിച്ചു.മുന്‍പത്തെതുപോലെ പുസ്തകത്തിലെ വ്യാഖ്യാനം പുനരാരംഭിച്ചെങ്കിലും വൈകാതെ അവന്‍ നിര്‍ത്തി.
പുസ്തകമടച്ച് അവന്‍ മുന്നോട്ട് ചാഞ്ഞിരുന്നു.ഞാന്‍ പിശാചിനെ നോക്കിയിരുന്ന അതേ സ്ഥാനത്ത് തന്നെയായിരുന്നു അവനിരുന്നത്.എന്റെ ആതിഥേയന്‍ പറഞ്ഞുതുടങ്ങി…
നീ പറഞ്ഞ ഭീമന്‍ പിശാച് അവിടെത്തന്നെയുണ്ട്.അത് മുകളിലേയ്ക്ക് കയറുന്ന കുന്നിന്റെ ബാഹ്യാകൃതിയാണ്.അസാമാന്യവലുപ്പമുള്ള വികൃതജീവിയെ പോലെ അത് തോന്നിക്കുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു.അതിനര്‍ഥം നീ സങ്കല്പിച്ചതുപോലെ അത്ര വലുതാണെന്നോ അതിന്റെ സ്ഥാനം വളരെ ദൂരത്താണെന്നോ അല്ല.നമ്മുടെ കണ്ണാടിജനാലയുടെ കുറുകെ ഏതോ ചിലന്തി നിര്‍മ്മിച്ച ചരടിലൂടെ അത് മുകളിലേയ്ക്ക് പുളയുകയാണ്. അത് വെറും നിഴല്‍ മാത്രമാണ് മോനേ.അതിന്റെ നീളം നന്നെ ചെറുതാണെന്നും സ്ഥാനം എന്റെ കൃഷ്ണമണിക്ക് തൊട്ടടുത്താണെന്നും നീ മനസ്സിലാക്കേണ്ടതുണ്ട്.എന്റെ ആതിഥേയന്റെ വിശദീകരണം കേട്ട് ഞാന്‍ അദ്ഭുദസ്തബ്ധനായി വാ പൊളിച്ചിരുന്നു.

എഡ്ഗാര്‍ അലന്‍പോ 

കവി,കഥാകൃത്ത്,പത്രാധിപര്‍,നിരൂപകന്‍ എന്നീ നിലകള്ിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എഡ്ഗാര്‍ അലന്‍പോ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അമേരിക്കന്‍സാഹിത്യത്തെ വിശ്വോത്തരപദവിയിലെത്തിച്ച എഴുത്തുകാരനാണ്.ലോകസാഹിത്യത്തില്‍ കുറ്റാന്വേഷണശാഖയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്.ഇംഗ്‌ളീഷ് എഴുത്തുകാരനായ സര്‍ആര്‍തര്‍കോനന്‍ഡോയലിന് ഷെര്‍ലക്ക്‌ഹോംസ്‌കഥകള്‍ രചിക്കാന്‍ ഒരു പ്രചോദനമായത് അലന്‍പോയുടെ കൃതികളായിരുന്നു.പോയുടെ The Sphinx എന്ന കഥയുടെ സ്വതന്ത്ര വിവര്‍ത്തനമാണിത്.

വിവ:കുന്നത്തൂര്‍ രാധാകൃഷ്ണന്‍

വിലാസം:
കുന്നത്തൂര്‍രാധാകൃഷ്ണന്‍
പോസ്റ്റ്:എടക്കാട്,വെസ്റ്റ്ഹില്‍
കോഴിക്കോട്്-5
ph:9447877077 സീനിയര്‍ പത്ര പ്രവര്‍ത്തകനും, പരിഭാഷകനും, നോവലിസ്റ്റുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles