Wednesday, December 25, 2024

Top 5 This Week

Related Posts

സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്

തൊടുപുഴ: സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്
വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും വാഹനങ്ങളില്‍ പരിശോധന നടത്തും. ഇടുക്കി ജില്ലയിലെ ആദ്യ പരിശോധന തൊടുപുഴ ഡീപോള്‍ സ്‌കൂളില്‍ ആരംഭിച്ചു. പന്ത്രണ്ടോളം സ്‌കൂള്‍ ബസുകളാണ് ആദ്യ ദിനം പരിശോധിച്ചത്.


മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും തൊടുപുഴ ഡിപോള്‍ സ്‌കൂളിലെത്തി ബസുകള്‍ പരിശോധിച്ചു.വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധനയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ യാത്രക്ക് യാതൊരു വിധ തടസവും വരാത്ത രീതിയിലാകും പരിശോധനയെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച വരെയുള്ള എല്ലാ ദിവസങ്ങളിലും സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ശേഷം പരിശോധന നടത്തുന്നതിനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

കേടുപാടുകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ ഒരാഴ്ച്ചക്കുള്ളില്‍ അറ്റകുറ്റപണികള്‍ ചെയ്ത് അപകടകരമല്ലാത്ത യാത്രക്കായി വാഹനങ്ങള്‍ സജ്ജമാക്കാനും സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടും.എല്ലാ വാഹനങ്ങളും ഓടിച്ചു നോക്കിയ ശേഷം ജി.പി.എസ് സംവിധാനം, എമര്‍ജന്‍സി ഡോറുകള്‍, ബ്രേക്ക് സിസ്റ്റം, ലൈറ്റിങ്ങ് സിസ്റ്റം, ഇന്റിക്കേറ്റര്‍, ബ്രേക്ക് ലൈറ്റ്, ടയറിന്റെ കണ്ടീഷന്‍ തുടങ്ങിയവ പരിശോധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പിളിന് റിപ്പോര്‍ട്ട് കൈമാറും. റോഡിലിറക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ കണ്ടെത്തിയാല്‍ സ്റ്റോപ് മെമ്മോ കൊടുക്കുവാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ എസ്.എസ.് പ്രദീപ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, അജയന്‍, നിസാര്‍, അയ്യപ്പ ജ്യോതിസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles