Monday, January 27, 2025

Top 5 This Week

Related Posts

വോട്ടെണ്ണൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി: ജില്ലാ കളക്ടർ


കൊച്ചി : തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 3 രാവിലെ 8ന് ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
ഇന്ന് രാവിലെ 7:30 ന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് മെഷീനുകൾ പുറത്തെടുക്കും.

     വോട്ടെണ്ണുന്നതിനായി 21 കൗണ്ടിംഗ് ടേബിളുകളാണ് ഉണ്ടാകുക. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്സർവർ എന്നിവർ ഉണ്ടാകും. എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാർത്ഥികളുടെ ഓരോ  കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടായിരിക്കും.

  കൗണ്ടിംഗ്  ഹാളിലെ മറ്റു ജോലികൾക്കായി നൂറ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ്  ഹാളിലേയ്ക്ക് സ്ഥാനാർഥികൾക്കും അവരുടെ ഇലക്ഷൻ  ഏജന്റിനും കൗണ്ടിംഗ് ഏജൻറുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.  കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

    വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങൾ സിവിൽ സ്റ്റേഷനിലുള്ള സ്ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങൾ കുഴിക്കാട്ട് മൂല ഗോഡൗണിലും ആയിരിക്കും സൂക്ഷിക്കുക

വോട്ടെണ്ണൽ ഇങ്ങനെ

  രാവിലെ ഏഴരയോടുകൂടി   മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂം തുറക്കും. തുടർന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും. 

  ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. 

   ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടിൽ ഓക്സിലറി  ബൂത്തുകൾ ഉൾപ്പെടെ 1 മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ ഇങ്ങനെ എണ്ണും. ഇത്തരത്തിൽ 12 റൗണ്ടുകൾ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

മഹാരാജാസ് കോളജിന് അവധി

 തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എറണാകുളം മഹാരാജാസ് കോളജിന് വെള്ളിയാഴ്ച (ജൂൺ 3) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

ചിത്രം :എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി സമുച്ചയത്തിൽ സജ്ജമാക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles