തൊടുപുഴ: ഒട്ടേറെ വന്‍കിട കുടിവെള്ള പദ്ധതികളൊക്കെ ഉണ്ടെങ്കിലും വേനല്‍ കാലമാകുന്നതോടെ ജില്ല നേരിടുന്ന വെല്ലുവിളി കുടിവെള്ള ക്ഷാമം തന്നെയാണ്. തൊടുപുഴ നഗരത്തിലും സമീപ മേഖലകളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.പലപ്പോഴും ദിവസങ്ങള്‍ വൈകിയാണ് പ്രശ്നം പരിഹരിക്കുന്നത്.
ഇതിനുപുറമെ മോട്ടോര്‍ തകരാറുമൂലവും ജലവിതരണം തടസ്സപ്പെടാറുണ്ട്.വേനലായാല്‍ നഗരസഭയില്‍ ഉയര്‍ന്ന മേഖലകളില്‍ പലയിടത്തും ജലക്ഷാമം രൂക്ഷമാണ്.പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യൂ.ഡിയും പല തവണ കൊമ്പു കോര്‍ത്തിട്ടുമുണ്ട്. തൊടുപുഴയുടെ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വെള്ളിയാമറ്റം, കറുകപ്പള്ളി, വെട്ടിമറ്റം, ഗുരുതിക്കളം പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടുന്നു.ഇവിടെ ഒട്ടേറെ സ്ഥലങ്ങളില്‍ റോഡരികില്‍ പൈപ്പ് പൊട്ടി കിടക്കുകയാണ്. ജില്ല ആസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല.
ചെറുതോണി, തടിയമ്പാട്, വാഴത്തോപ്പ്,ആലിന്‍ചുവട്, ഗാന്ധിനഗര്‍, വെള്ളക്കയം, പേപ്പാറ, ഭൂമിയാംകുളം, മണിയാറന്‍കുടി,മഞ്ഞപ്പാറ, കരിമ്പന്‍ തുടങ്ങിയ മേഖലകളിലെല്ലാം പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുകയാണ്. ഒരിടത്തെ തകരാര്‍ പരിഹരിച്ചാല്‍ ഉടന്‍ സമീപത്തുതന്നെ പൈപ്പ് പൊട്ടും. അല്ലെങ്കില്‍ അടച്ച പൈപ്പ് തന്നെ വീണ്ടും പൊട്ടും.മൂന്നാര്‍ മേഖലയില്‍ മോട്ടോര്‍ കേടാകുന്നതു മൂലം കുടിവെള്ള വിതരണം നിലക്കുന്ന സാഹചര്യമുണ്ട്.
ദേവികുളം റോഡില്‍ പഴയ ഗവ.കോളജിന് എതിര്‍വശത്തായി കുട്ടിയാറില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.ഇതിനു തൊട്ടടുത്താണ് പമ്പ് ഹൗസ്. കോളജ് കെട്ടിങ്ങള്‍ക്കു മുകളിലായാണ് സംഭരണി.പമ്പ് ഹൗസിലെ മോട്ടോര്‍ അടിക്കടി പണിമുടക്കുന്നതു മൂലം മൂന്നാര്‍ കോളനി, ഇക്കാ നഗര്‍, പഴയ മൂന്നാര്‍, ഗ്രഹാംസ് ലാന്‍ഡ്, എംജി കോളനി,ന്യൂ കോളനി തുടങ്ങിയ പ്രദേശങ്ങളിലുള്ള രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ആഴ്ചകളോളം വെള്ളം ലഭിക്കാറില്ല.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വരള്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം