വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് നിലവറ ദീപം തെളിയിച്ചു. മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്യഷ്ണൻ നമ്പൂതിരിയും ചേർന്ന് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ അട്ടവിളക്കിലേക്ക് പകർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. നിലവറ ദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു.
തിന്മയുടെ സ്വരൂപമായ കാർത്തിക സ്തംഭം 19 ന് വൈകിട്ട് 6 ന് ക്ഷേത്ര സന്നിധിയിൽ ഉയരും. 27 ന് പൊങ്കാല ദിനത്തിൽ വൈകിട്ട് 6.30 ന് പഞ്ചിമ ബംഗാൾ ഗവർണ്ണർ ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
പൊങ്കാലയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. ക്ഷേത്ര പരിസരത്തും പ്രധാന പാതയിലും പൊങ്കാല ഇടുന്ന സ്ത്രീകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പതിനായിരക്കണക്കിന് വാളന്റിയേഴ്സിന്റേയും നീയമ പാലകരുടേയും സേവനം സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ആവശ്യമായ ഇഷ്ടിക, കലം കൊണ്ടുവരാത്ത തീർത്ഥാടകർക്ക് അതാത് സ്ഥലങ്ങളിൽ സാധനങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എടത്വാ ഡിപ്പോയ്ക്ക് പുറമേ തലവടിയിൽ താല്കാലിക ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കും. വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. പൊങ്കാല രജിസ്ട്രേഷൻ ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചു. ആയിരക്കണക്കിന് തീർത്ഥാടകരാണ് പൊങ്കാല കൂപ്പൺ വാങ്ങാൻ ക്ഷേത്രത്തിൽ എത്തുന്നത്. നിലവറ ദീപം തെളിയുന്നതോടെ ക്ഷേത്രവും പരിസരവും വ്രതശുദ്ധിയുടെ നാളുകളായിരിക്കും.