മൂവാറ്റുപുഴ : വാഴക്കുളം സ്വദേശികളായ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ. എനാനല്ലൂർ കടുക്കാച്ചിറ വീട്ടിൽ സുധീഷ് (22), മൂവാറ്റുപുഴ ആനിക്കാട് മേപ്പുറത്ത് വീട്ടിൽ അമൽ ഷാജി (24), മഞ്ഞളൂർ വീരപ്പൻ കോളനി ഭാഗത്ത് ചേന്നാട്ട് വീട്ടിൽ സൻസിൽ (22), എനാനല്ലൂർ ചീരക്കുഴി പീടിക കുറുമ്പലത്ത് വീട്ടിൽ പ്രവീൺ (27), കരിങ്കുന്നം പഴയമറ്റം അമ്പലംപടി ഭാഗത്ത് പൊട്ടൻപ്ലാവിൽ വീട്ടിൽ ആൽവിൻ (24) എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാർ കെ.എസ്.ആർ.റ്റി.സി സ്റ്റാൻറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം അർദ്ധരാത്രി വാഴക്കുളം നയനാ ബാറിൻറെ സമീപത്ത് വച്ച് വാഴക്കുളം സ്വദേശികളായ അഖിൽ, പ്രസാദ്, സിജു എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായവരും, പ്രതികൾ രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവർ സംഘം ചേർന്ന് വടിവാൾ, കമ്പിവടി മുതലായവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ നാലാം പ്രതി ആവോലി സ്വദേശി റോഷനെ പോലീസ് അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾ മാട്ടുപ്പെട്ടിക്ക് സമീപമുള്ള വിദൂരഗ്രാമത്തിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ടവർ കൊലപാതകശ്രമം, മയക്ക് മരുന്ന് വില്പന, ഉപയോഗം, അക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായും ഇവരെ കസ്റ്റഡിയിൽ വാങ്ങും. പോത്താനിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എച്ച്.സമീഷ്, വാഴക്കുളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ടി.കെ.മനോജ്, ക്രൈം സ്‌ക്വാഡ് എസ് ഐ രാജേഷ്, എ.എസ്.ഐ മാരായ ഷിബു ജോസ്, ജയകുമാർ, എസ്.സി.പി.ഒ റെജി തങ്കപ്പൻ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്