ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫെബ്രുവരി 27-ന്് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കാനിരിക്കെയാണ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ഇനി എം.പി. സ്ഥാനം പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് മുഹമ്മദ് ഫൈസൽ.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ക്രിമിനൽ കേസിലെ ശിക്ഷ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താൽ സ്വാഭാവികമായും അയോഗ്യത നീങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത്. ലോക്സഭാ സ്പീക്കർ ഓം ബിർലയുമായി മുഹമ്മദ് ഫൈസൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന എൻ.സി.പി. നേതാവ് ശരദ് പവാറിനൊപ്പമായിരുന്നു ഫൈസൽ സ്പീക്കറെ കണ്ടത്. ജി്ല്ലാ സെക്ഷൻസ് കോടതി വിധി വന്നതോടെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത് ധൃതി പിടിച്ചുള്ള തീരുമാനമാണെന്ന് വിമർശിക്കപ്പെട്ടിരുന്നു.
2009-ലെ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.