Wednesday, December 25, 2024

Top 5 This Week

Related Posts

മുൻ എം.പി.യും സഹോദരനും കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റ് ; ജയ്ശ്രീറാം വിളിച്ച് പ്രതികൾ

സമാജ്വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും വെടിവെച്ചു കൊന്ന പ്രതികൾ ജയ് ശ്രീറാം വിളിച്ചാണ് ആക്രമണം നടത്തിയത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് ഇവർ എത്തിയതെന്നാണ് പൊലീസ്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പോലീസിന്റെയും മാധ്യമ പ്രവർത്തകരുടെയും മുന്നിൽവച്ച് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്. പോയിൻറ് ബ്ലാങ്കിലാണ് വെടിവെച്ചത്. 20 തവണ വെടിയുതിർത്ത പ്രതികൾ ജ്‌യ് ശ്രീറാം വിളിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതിനിടയിൽ പ്രതികളിൽ ചിലരെ പോലീസ് പിടികൂടുന്നതും കാണാം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൻ കൊല്ലപ്പെട്ട് മൂന്നു ദിവസം തികയും മുമ്പാണ് പിതാവും സഹോദരനും കൊല്ലപ്പെടുന്നത്.
തങ്ങളെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നു കാണിച്ച് സുരക്ഷക്കായി അതീഖ് അഹമ്മദ് കഴിഞ്ഞ ആഴ്ച സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയ സുപ്രിം കോടതി ഹൈക്കോടതിയ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനു അതീഖ് അഹമ്മദിനു അനുമതി നൽകിയില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. ”അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല” – എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം. ഇരുവരുടെ കൈയകൾ ചേർത്ത് ബന്ധിച്ചായിരുന്നു പോലീസ് കൊണ്ടുവന്നിരുന്നത്. എൻസിആർ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്കും ഐഡിയും ഉപയോഗിച്ചാണ് പ്രതികൾ മാധ്യമപ്രവർത്തകർക്കൊപ്പം കടന്നുകയറിയതെന്നാണ് വിവരം.

വ്യാഴാഴ്ച അതീഖിന്റെ മകൻ ആസാദിനെയും സുഹൃത്ത് ഗുലാമും പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.. 2005 ൽ ബഹുജൻ സമാജ് പാർട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാർഡുകളും കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് മൂവരും. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്് മൂന്നംഗ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി.

അതീഖ് അഹമ്മദിന്റെ കൊലപാതകത്തിൽ എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിൽ കൊല നടക്കുമ്പോൾ പൊതുജനത്തിന് എന്തു സുരക്ഷയാണ് ഉള്ളതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. നിയമ വാഴ്ചയുടെ നഗ്നമായ ലംഘനമാണ് കൊലപാതകമെന്ന് നേതാക്കൾ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles