Wednesday, January 8, 2025

Top 5 This Week

Related Posts

മുല്ലപ്പെരിയാറിലെ വെള്ളം നേരിട്ട് മധുരയിലെത്തിക്കാന്‍ 1252 കോടി രൂപയുടെ ടണല്‍ നിര്‍മ്മാണം

തൊടുപുഴ: മുല്ലപ്പെരിയാറിലെ വെള്ളം നേരിട്ട് മധുരയിലെത്തിക്കാന്‍ തമിഴ്‌നാട് ടണല്‍ നിര്‍മ്മാണം ആരംഭിച്ചു. കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ അമൃത് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 500 നഗരങ്ങളിലാണ് കേന്ദ്രഗവണ്‍മെന്റ് അമൃത് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ 44-ാ മത്തെയും, തമിഴ്‌നാട്ടിലെ 35 മത്തെയും വലിയ ജനസംഖ്യയുള്ള നഗരമാണ് മധുര.അമൃത് പദ്ധതിയിലൂടെ മധുരയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക എന്ന താണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം വൈഗ ഡാമിലെത്തിച്ച് അവിടെ നിന്നാണ് മധുരയ്ക്ക് വെള്ളം കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് കമ്പത്തിനടുത്ത് ഗൂഢല്ലൂര്‍ നിന്ന് 150 കി.മീ ദൂരം കനാലുകള്‍, ടണലുകള്‍, പൈപ്പ് ലൈന്‍ തുടങ്ങിയവയിലൂടെയായിരിക്കും. വെള്ളം മധുരയിലെത്തിക്കുക. ഇതിനായി ഗൂഡല്ലൂരില്‍ ഒരു ചെറിയ ഡാമിന്റെ പണി ഇതിനോടകം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. മധുര നഗരത്തിന്റെ മാത്രം ജനസംഖ്യ 2021 ല്‍ 1470000 ആണ്. മധുര നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഏതാണ്ട് 4 ലക്ഷത്തോളം ആളുകള്‍ പാര്‍ക്കുന്നുണ്ട്. 2014 ല്‍ മധുര നഗരത്തിന് പ്രതിദിനം 192 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം ആവശ്യമായിരുന്നു. 2020 ആയപ്പോള്‍ അത് 320 ദശലക്ഷം ലിറ്ററായി വര്‍ദ്ധിച്ചു. ഏതാണ്ട് 130 ദശലക്ഷം ലിറ്റര്‍ വെള്ളം മധുരയ്ക്ക് ഇന്ന് അധികമായി ആവശ്യമായുണ്ട്. അമൃത് പദ്ധതി പ്രകാരം മധുരയിലെ 280000 കുടുംബങ്ങള്‍ക്ക് കൂടി ശുദ്ധജലം ലഭിക്കും.

ഗൂഡല്ലൂര്‍ നിന്ന് മധുരയ്ക്ക് സമീപം പന്നൈയ്പട്ടിയില്‍ പണി പൂര്‍ത്തിയായി വരുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണ് ആദ്യം വെള്ളം എത്തിക്കുക. അവിടെ നിന്ന് ശുദ്ധീകരിച്ച് ജലമാണ് മധുര നഗരത്തില്‍ വിതരണം ചെയ്യുക.
കേരളം പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 2000 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അതിന്റെ ഏതാണ് 60% ത്തിലധികം വരുന്ന പദ്ധതിയാണ് തമിഴ്‌നാടിന്റെ മധുര കുടിവെള്ള പദ്ധതി. മാത്രമല്ല ഇന്നലെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന്റെ പ്രസ്താവന വന്നത് കേരളത്തിന് തമിഴ്‌നാടിന്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കഴിയില്ല എന്നാണ്.

18-ാം കനാല്‍ പദ്ധതിയും, 52-ാം കനാല്‍ പദ്ധതിയും ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം നിലനില്‍ക്കില്ല. മാത്രമല്ല നിലവിലുള്ള ഡാമിന്റെ പുറകില്‍ മറ്റൊരു ഡാം കെട്ടിയ ചരിത്രം ലോകത്തിലില്ല. 2014 മെയ് 7 ന് സുപ്രീ കോടതിയുടെ ഫുള്‍ ബെഞ്ച് വിധിയില്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന നിലവിലെ ടണലില്‍ നിന്ന് താഴ്ന്ന വിതാനത്തില്‍ മറ്റൊരു ടണല്‍ നിര്‍മ്മിച്ച് ജലനിരപ്പ് താഴ്ത്തി , കേരളത്തിന്റെ സുരക്ഷാ ആശങ്കകളും തമിഴ്‌നാടിന്റെ ജലത്തിന്റെ ആവശ്യവും ഇന്നുള്ള ഡാം കൊണ്ട് പരിഹരിക്കാമെന്നുള്ള വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് തൊടുപുഴ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സി പി റോയി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles