Monday, January 27, 2025

Top 5 This Week

Related Posts

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതി പ്രവാഹം

തിരുവനന്തപുരം: ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതി പ്രവാഹം. ധന, തദ്ദേശ വകുപ്പുകള്‍ക്ക് എതിരെയാണ് സെക്രട്ടറിമാര്‍ ഏറ്റവുമധികം പരാതി പറഞ്ഞത്.

ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവ അവസ്ഥയില്‍ ആകുമെന്ന് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പില്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനോ സാധിക്കുന്നില്ല.എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാല്‍ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പണം വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല.കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന വിഹിതം അനുവദിക്കണം.അതിനുള്ള ഫയല്‍ ധനവകുപ്പ് തടഞ്ഞിടുകയാണ്.പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല.

ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയില്‍ ഇരിക്കുന്നയാള്‍ ആ ജോലിയില്‍ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്.യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാന്‍ സാധിക്കാത്തസാഹചര്യമുണ്ട്. സെക്രട്ടറിമാര്‍ക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്.ഇതിനിടെ താഴെയുള്ളവര്‍ കൃത്യമായി ഫയലുകള്‍ കൈമാറുന്നില്ല. വകുപ്പില്‍ എന്തു പ്രശ്‌നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥര്‍ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോള്‍ സെക്രട്ടറിമാര്‍ പണി തീര്‍ക്കാന്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരികയാണ്.താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാല്‍ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.

പരാതികള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു.അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയല്‍ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകള്‍ക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി മുതല്‍ രണ്ടു മാസം ചേരുമ്പോള്‍ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles